പുലിമുരുകൻ ഉലഹന്നാന് ഭീഷണിയാകുമോ?
മോഹൻലാൽ മത്സരിക്കുന്നത് മോഹൻലാലിനോട് തന്നെ!
പുലിമുരുകൻ എന്ന വമ്പൻ ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ഉലഹന്നാൻ എന്ന ഒരു സാധാരണ സർക്കാർ ഉദ്യോഗ്സ്ഥനായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ആനിയമ്മ എന്ന വീട്ടമ്മയുടെ റോളിൽ മീനയും എത്തുന്നുണ്ട്.
മീനയ്ക്ക് ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷമാണുള്ളത്. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇതൊരു പ്രണയസിനിമയാണ്, ഒപ്പം കുടുംബ ചിത്രവും. ക്രിസ്തുമസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തീയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കാത്തതിൽ റിലീസ് മാറ്റിവെക്കുമെന്നാണ് റിപ്പോർട്ട്.
പുലിമുരുകന് ശേഷം വരുന്ന മോഹൻലാലിന്റെ സാധാരണ വേഷം ജനങ്ങൾ സ്വീകരിക്കുമോ എന്ന പേടി സംവിധായകനില്ല. പുലിമുരുകന്റെ വിജയം ഈ ചിത്രത്തെ ബാധിക്കില്ലെന്ന് തിരക്കഥാകൃത്ത് സിന്ധുരാജ് പറയുന്നു. ഒപ്പം ഇറങ്ങിയതിനുശേഷമാണ് പുലിമുരുകൻ ഇറങ്ങിയത്. എന്നുകരുതി ഒന്നിന്റെ വിജയം മറ്റൊന്നിനെ ബാധിച്ചില്ല. ഓരോന്നും ഓരോ കഥയാണ്. പ്രേക്ഷകരെ ഹാപ്പിയാക്കുക എന്നതാണ് ഈ സിനിമയുടെ ലക്ഷ്യമെന്ന് സിന്ധുരാജ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.