തൃശ്ശൂർ: പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിയെ 2022 ൽ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് ആയിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതൽ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഹൈക്കോടതി നടന് ജാമ്യം അനുവദിച്ചിരുന്നു.
സമീപകാലത്ത് നടന്ന കേസിൽ നടനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. പതിയെ കേസിന്റെ ചൂട് ആറുകയും പലരും ഇക്കാര്യം മറക്കുകയും ചെയ്തു. അധികം വൈകാതെ ശ്രീജിത്ത് രവി സിനിമയിൽ വീണ്ടും സജീവമായി. ഉണ്ണി മുകുന്ദൻ നായകനായി ഫനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രത്തിൽ ശ്രീജിത്ത് രവി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇൻഫ്ലുവൻസർ ആയ വേദാങ്കി.
കുട്ടികളോടൊപ്പമുള്ള സീനുകളിൽ ശ്രീജിത്ത് രവിയെ കാസ്റ്റ് ചെയ്തത് എന്തിനാണെന്നും ഇത്തരം പെരുമാറ്റ വൈകല്യമുള്ള ഒരാളെ കുട്ടികൾക്ക് സമീപം വിടുന്നത് ശരിയല്ലെന്നും വേദാങ്കി പറയുന്നു. സിനിമ മേഖലയിലെ അന്യായത്തെയും നീതിയില്ലായ്മയെയും ചോദ്യം ചെയ്യുന്ന നടിമാർക്ക് അപ്രഖ്യാപിത വിലക്കുകൾ ഉണ്ടെന്നിരിക്കെ പോസ്കോ കേസിൽ അറസ്റ്റിലായി, റിമാൻഡിൽ കഴിഞ്ഞ ഒരു ക്രിമിനലിന് എങ്ങനെയാണ് സിനിമകൾ കിട്ടുന്നതെന്നും എന്തുകൊണ്ടാണ് ശ്രീജിത്ത് രവിയെ സിനിമകളിൽ നിന്നും വിലക്കാത്തതെന്നും വേദാങ്കി ചോദിക്കുന്നു.