വമ്പന്‍ പടമായിട്ടും തങ്കലാനോടു മുഖം തിരിച്ച് മലയാളികള്‍; എന്താകും കാരണം?
റിലീസിന്റെ തലേദിവസമായ ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 35 ലക്ഷം മാത്രമാണ് തങ്കലാന് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ലഭിച്ചത്
വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'തങ്കലാന്‍' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ പകുതി ഗംഭീരമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രേക്ഷക പ്രതികരണം. അതേസമയം മലയാളികള്‍ തങ്കലാനോടു മുഖം തിരിച്ച കാഴ്ചയാണ് അഡ്വാന്‍സ് ബുക്കിങ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള വിക്രത്തിന്റെ സിനിമയായിട്ടും കേരളത്തില്‍ ഇങ്ങനെയൊരു തണുപ്പന്‍ പ്രതികരണം ലഭിക്കുന്നത് അണിയറ പ്രവര്‍ത്തകരേയും നിരാശരാക്കുന്നു.
റിലീസിന്റെ തലേദിവസമായ ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 35 ലക്ഷം മാത്രമാണ് തങ്കലാന് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ലഭിച്ചത്. ഇന്ന് റിലീസ് ചെയ്യുന്ന മലയാള സിനിമകളായ നുണക്കുഴി, വാഴ എന്നിവയ്ക്കു തങ്കലാനേക്കാള്‍ അഡ്വാന്‍സ് ബുക്കിങ് ഉണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിക്ക് 47 ലക്ഷവും ആനന്ദ് മേനോന്‍ ചിത്രം വാഴയ്ക്ക് 36 ലക്ഷവുമാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ലഭിച്ചത്.
പാ. രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന തങ്കലാനില്‍ തങ്കം എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍ കഥ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ വിപ്ലവമായ 'കെജിഎഫ്' റഫറന്‍സ് സിനിമയിലുണ്ടാകും. ചിയാന്‍ വിക്രമിന്റെ 'കെജിഎഫ്' എന്നാണ് ആരാധകര്‍ തങ്കലാന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്.