Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട 12 മമ്മൂട്ടി ചിത്രങ്ങൾ

നായകനായും സഹനടനായും അതിഥിതാരമായും അഭിനയിച്ച 400 ഓളം വേഷങ്ങൾ‍.

ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട 12 മമ്മൂട്ടി ചിത്രങ്ങൾ
, ഞായര്‍, 21 ഏപ്രില്‍ 2019 (12:28 IST)
വേഷപ്പകര്‍ച്ചകളില്‍ നിന്ന് വേഷപ്പകര്‍ച്ചകളിലേക്ക് ഓരോ പ്രാവശ്യവും ഒരു മാന്ത്രികനെപ്പോലെ മമ്മൂട്ടി പരകായപ്രവേശം നടത്തുമ്പോള്‍ വിക്രമാദിത്യകഥകളിലെ വേതാളത്തെപ്പോലെ മലയാളിമനസ്സും കൂടെ കൂടുന്നു. നായകനായും സഹനടനായും അതിഥിതാരമായും അഭിനയിച്ച 400 ഓളം വേഷങ്ങൾ‍. ഒടുവിലായി തീയേറ്ററിൽ മധുരരാജയും പ്രേക്ഷകരെ ഇളക്കി മറിച്ചുകൊണ്ട് റിലീസ് ചെയ്തിരിക്കുന്നു.

അഭിനയമുനിമാര്‍ ഒരു നടനുണ്ടായിരിക്കണമെന്ന് സിദ്ധാന്തിച്ച ശബ്ദസൗകുമാര്യവും ഉച്ചാരണത്തിലെ കയറ്റിറക്കങ്ങളും ബോഡി ലാംഗ്വേജും അവതരണവൈവിധ്യവും ഇവയിലോരോ കഥാപാത്രത്തിലും കാണാം. ഒരു മമ്മൂട്ടി ആരാധകൻ തീർച്ചയായും കണ്ടിരിക്കേണ്ട  മമ്മൂട്ടിയുടെ 12 വേഷപ്പകർച്ചാസിനിമകൾ ഏതൊക്കെ എന്ന് നോക്കാം.
 
1പേരൻപ്- അമുദവനെന്ന ടാക്‌സി ഡ്രൈവറുടെയും സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയില്‍ ജീവിക്കുന്ന പാപ്പ എന്ന മകളുടെയും കഥ പറഞ്ഞ റാമിന്റെ കയ്യൊപ്പ് പതിഞ്ഞ പേരന്‍പ് സമീപകാലത്തെങ്ങുമില്ലാത്ത അഭിനന്ദനങ്ങളാണ് മമ്മൂട്ടിയ്ക്ക് സിനിമയ്ക്ക് അകത്തും പുറത്തും നേടിക്കൊടുത്തത്. വാണിജ്യവിജയങ്ങള്‍ നേടുന്ന പണംവാരിപ്പടങ്ങള്‍ക്കിടയിലും മമ്മൂട്ടിയിലെ സൂക്ഷ്മാഭിനയം കാഴ്ചവെക്കുന്ന നടന്റെ തിരിച്ചുവരവ് കൂടിയായിരുന്നു പേരന്‍പ്.
 
2. ബിഗ് ബി- തലയെടുപ്പോടെ ബിലാല്‍ ജോൺ, 2007 ല്‍ ഇറങ്ങിയ 'ബിഗ് ബി' എന്ന അമല്‍ നീരദ് പടം അന്ന് ഏറെ വിമര്‍ശനങ്ങളേയും വിവാദങ്ങളേയും ക്ഷണിച്ചുവരുത്തിയ പടങ്ങളിലൊന്നായിരുന്നു.'കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാ..'എന്ന ഡയലോഗ് ഇന്നും സജീവമാണ്. 
 
3. തനിയാവര്‍ത്തനം-'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷിനെപ്പറ്റി പരാമര്‍ശിക്കാതെ ഒരിക്കലും ഈ ലിസ്റ്റ് പൂര്‍ണമാവില്ല. മമ്മൂട്ടിയുടെ നടനശേഷിയെ ഇത്രയും ഗംഭീരമായി ചൂഷണം ചെയ്ത വേറൊരു സിനിമയില്ല എന്നു വേണമെങ്കിലും പറയാം. ലോഹിതദാസിന്റെ തൂലികയില്‍ വിരിഞ്ഞ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. 
 
 
4.അംബേദ്ക്കര്‍ റീലോഡഡ്-ബോഡി ലാംഗ്വേജിലും ശബ്ദനിയന്ത്രണത്തിലും ഒരു ഡയലോഗ് നാടകീയമായി അവതരിപ്പിക്കുന്നതിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ, 1998 ല്‍ റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രം.അക്ഷരസ്ഫുടതയോടെ, നാടകീയമായി ഇംഗ്ലീഷ് ഡയലോഗുകള്‍ ഉരുവിട്ട്, ഉച്ചാരണമികവിലും ബോഡി ലാംഗ്വേജിലും അംബേദ്ക്കറായി മാറാനുള്ള മമ്മൂട്ടിയുടെ ശ്രമം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.  ഈ ചിത്രത്തിലെ അഭിനയത്തിന് 1998 ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും മമ്മൂട്ടിയെ തേടിയെത്തി.
 
5.ചിത്രം മൃഗയ- 1989 ല്‍ ഇറങ്ങിയ 'മൃഗയ' എന്ന ചിത്രത്തില്‍ നാടിനെ വിറപ്പിച്ച പുലിയെ കൊല്ലാന്‍ വരുന്ന വാറുണ്ണി എന്ന കഥാപാത്രം.ഒറ്റനോട്ടത്തില്‍ മാറിവരുന്ന സ്വഭാവവിശേഷങ്ങളോടും കൂടിയ ഈയൊരു വേട്ടക്കാരനെ അവതരിപ്പിച്ചതിന് 1989 ലെ മമ്മൂട്ടിയുടെ മറ്റു പ്രധാനചിത്രങ്ങളായ 'മതിലുകള്‍ക്കും' 'ഒരു വടക്കന്‍ വീരഗാഥ'യ്ക്കുമൊപ്പം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മഹാനടനെ തേടിയെത്തി
 
6. പാലേരിയിലെ പ്രമാണി- മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി അത്രയെളുപ്പത്തിലൊന്നും മലയാളി മനസില്‍ നിന്ന് മാഞ്ഞുപോവുന്ന കഥാപാത്രമല്ല. മുണ്ടും മടക്കിക്കുത്തി, മുറുക്കാന്‍ ചവച്ചു തുപ്പി അധികാരിവര്‍ഗത്തിന്റെ മുഴുവന്‍ പ്രതീകമായി മമ്മൂട്ടി മാറിയപ്പോൾ ആ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച നടനെ തെരഞ്ഞെടുക്കാനുള്ള ജൂറിക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' മമ്മൂട്ടിയുടെ അഭിനയജീവിത്തിലെ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. 
 
7. ഒരു വടക്കന്‍ വീരഗാഥ- മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രമേതെന്ന് ചോദിച്ചാൽ, ആരും, ആദ്യം പറയുന്ന പത്തെണ്ണത്തിന്റെ  ലിസ്റ്റില്‍, ഒരു പക്ഷേ, അഞ്ച് പേരെങ്കിലും 'ഒരു വടക്കന്‍ വീരഗാഥ'യിലെ ചന്തുവിന്റെ പേര് എടുത്തു പറയുമെന്ന് തീര്‍ച്ച.
 
8.അമരം-എല്ലാ ദുഖങ്ങളും വേദനകളും മനസിലൊതുക്കിപ്പിടിച്ച്, എന്നാല്‍ ഒരു  നിറഞ്ഞ ചിരിയിലൂടെ എല്ലാം മറക്കാന്‍ ശ്രമിക്കുന്ന സ്‌നേഹസമ്പന്നനായ അരയനായി 1991 ല്‍ അമരത്തിലൂടെ മമ്മൂട്ടി പ്രേക്ഷകനു മുന്നിലെത്തിയപ്പോള്‍, അത്, മഹാനടന്റെ അഭിനയജീവിതത്തിന്റെ കൊടുമുടി കയറ്റം തന്നെയായിരുന്നു. 
 
9.വാത്സല്യം-മമ്മൂട്ടി, ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ മൂത്തയേട്ടനാണ്. കുടുംബത്തിന് വേണ്ടി എല്ലാ ത്യാഗങ്ങളും സഹിച്ച്, ജീവിക്കുന്ന സ്‌നേഹനിധിയായ വല്യേട്ടന്‍.1993 ല്‍ ഇറങ്ങിയ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത, 'വാത്സല്യ'ത്തിലെ മേലേടത്ത് രാഘവന്‍ നായര്‍  എന്ന കഥാപാത്രത്തെ എടുത്തു പറയേണ്ടതാണ്. 
 
10.പൊന്തന്‍ മാട-1994 ല്‍ ഇറങ്ങിയ ചിത്രം മമ്മൂട്ടിയെ നിരവധി രാജ്യാന്തര ചലച്ചിത്രവേദികളിലുമെത്തിച്ചു.1994 ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന്  മമ്മൂട്ടിയെ രണ്ടാം തവണ ദേശീയ ആവാര്‍ഡ് തേടിയെത്തി. 
 
11.വിധേയന്‍- ഭാസ്‌കര പട്ടേലരായി മമ്മൂട്ടി കാര്‍ക്കശ്യത്തിന്റെ മുഖമുദ്രയായപ്പോല്‍ ഈ വേഷത്തിന് നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടാനുള്ള ഭാഗ്യവും സിദ്ധിച്ചു. ഇന്നും മലയാളത്തിലിറങ്ങിയ നെഗറ്റീവ് ടച്ചുള്ള പ്രധാന വേഷങ്ങളുടെ കണക്കെടുത്താൽ,അടൂര്‍ അണിയിച്ചൊരുക്കിയ ഭാസ്‌കരപട്ടേലരെ കാണാം.
 
12.യാത്ര-'യാത്ര' എന്ന 1985 ല്‍ റിലീസ് ചെയ്ത ചിത്രം ബാലു മഹേന്ദ്ര- ജോണ്‍ പോൾ‍- മമ്മൂട്ടി കൂട്ടുകെട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നായിരുന്നു. വ്യത്യസ്തമായ ഒരു പ്രണയകഥയും ഏറ്റവും മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ ചിത്രം ഇന്നും മലയാളത്തിലെ ഏതാണ്ട് ഒട്ടുമിക്ക സിനിമാസ്വാദകരുടേയും ഇഷ്ടസിനിമകളിലൊന്നു കൂടിയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദുല്‍ഖറിനായി താന്‍ കഥ കേട്ടുവെന്ന കാര്യത്തെക്കുറിച്ച്‌ ആരോടും പറയരുത്'; യമണ്ടൻ പ്രേമകഥയിൽ മമ്മുക്ക വഹിച്ച പങ്ക് വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കൾ