90 വയസ്സ് പിന്നിടുന്ന മലയാള സിനിമയില്‍ കഴിഞ്ഞ 89 വര്‍ഷവും ഉണ്ടാകാത്ത പുരോഗതിയാണ് ഒറ്റ വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത് എന്ന് ഡബ്ല്യൂസിസി ഫേസ്‌ബുക്കിൽ കുറിച്ചു. '89 വർഷവും നമുക്ക് എത്തിപ്പിടിക്കാനോ ചിന്തിക്കാനോ കഴിയാത്തത് നാം ചിന്തിച്ചു , എത്തിപ്പിടിച്ചു . ഇനി ഒപ്പം നടക്കുന്ന, തുല്യാവകാശമുള്ള സ്ത്രീകളെ കൂടാതെ മലയാള സിനിമക്ക് മുന്നോട്ട് പോകാനാകില്ല എന്ന് നാം അടയാളപ്പെടുത്തിക്കഴിഞ്ഞു. അതൊരു ചെറിയ തിരുത്തല്ല'- ഡബ്ല്യൂസിസി ഫേസ്‌ബുക്കിൽ കുറിച്ചു.
ഡബ്ല്യൂസിസിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
2018ന് നന്ദി, സ്നേഹം, ഒപ്പം നിന്നവർക്കും ............ 2018 നോട് നമ്മൾ വിട പറയുമ്പോൾ മലയാള സിനിമക്ക് 90 വയസ്സ് പിന്നിടുകയാണ്. മറ്റൊരു വർഷം പോലെയുമായിരുന്നില്ല മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം 2018 എന്നത്. ഏത് നിലക്കും അതൊരു നാഴികക്കല്ല് തന്നെയാണ്.
89 വർഷവും നമുക്ക് എത്തിപ്പിടിക്കാനോ ചിന്തിക്കാനോ കഴിയാത്തത് നാം ചിന്തിച്ചു , എത്തിപ്പിടിച്ചു . ഇനി ഒപ്പം നടക്കുന്ന , തുല്യാവകാശമുള്ള സ്ത്രീകളെ കൂടാതെ മലയാള സിനിമക്ക് മുന്നോട്ട് പോകാനാകില്ല എന്ന് നാം അടയാളപ്പെടുത്തിക്കഴിഞ്ഞു. അതൊരു ചെറിയ തിരുത്തല്ല .
ഡബ്ല്യു.സി.സി. എന്ന മൂന്നക്ഷരം മലയാള സിനിമക്ക് നൽകിയ സംഭാവനയാണ് ഇത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി തൊഴിലിടത്തിൽ ഒരു പരാതി ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ പരാതി പരിഹാര സമിതി (ഐ.സി.സി) ഇനിമേൽ ഉണ്ടാകും.
ഈ തൊഴിൽ മേഖലയെക്കുറിച്ച് പഠിക്കാൻ നിയുക്തമായ ഹേമ കമ്മീഷൻ അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു. താമസിയാതെ അത് പൂർത്തിയാക്കുകയും ചെയ്യും. അതിന്മേൽ സർക്കാർ നടപടിയുമുണ്ടാകും. ഒരു പോരാട്ടവും വെറുതെയാകില്ല എന്ന് ഉറപ്പിയ്ക്കാം. ഞങ്ങളതിൽ അഭിമാനിക്കുന്നു.
ഈ പോരാട്ടത്തിന് ഞങ്ങൾക്ക് ഓരോരുത്തർക്കും വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഞങ്ങളത് കാര്യമാക്കുന്നില്ല. ഇനി പിറകോട്ട് നടക്കാനില്ല എന്നത് ഒരു തീരുമാനമാണ്. പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന് കുമാരനാശാൻ പാടിയത് വെറുതെയല്ല. വെറുതെയാവില്ല. ഒപ്പം നടന്ന എല്ലാവർക്കും നന്ദി. കരുത്തുറ്റ പിന്തുണ നൽകിയ എല്ലാവർക്കും സ്നേഹം. നവതി പിന്നിടുന്ന മലയാള സിനിമക്ക് 2019 വലിയ മാറ്റങ്ങൾ കൊണ്ടു വരുന്ന വർഷമായി മാറട്ടെ!