വിൻസി പറഞ്ഞ ആ നടൻ ആര്? സോഷ്യൽ മീഡിയയിൽ ചർച്ചയോട് ചർച്ച
വിൻസിയുടെ തുറന്നുപറച്ചിലിന് പിന്നാലെ ആരാണ് ആ നടൻ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ഷൂട്ടിങ് സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച ഒരു നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസ്, തന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്ന നടന്മാർക്കൊപ്പം അഭിനയിക്കില്ലെന്ന കടുത്ത തീരുമാനവും എടുത്തിരുന്നു. വിന്സിയുടെ തുറന്നു പറച്ചിലിന്റെ പശ്ചാത്തലത്തിൽ കനത്ത ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിൻസിയുടെ തുറന്നുപറച്ചിലിന് പിന്നാലെ ആരാണ് ആ നടൻ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻസി വിഡിയോയിലൂടെ പറഞ്ഞിരുന്നു.
'പേര് പറയാൻ ധൈര്യമില്ലെങ്കിൽ ഈ പണിക്ക് നിക്കരുത്', 'ആ നടന്റെ പേര് പറയാൻ നിനക്ക് എന്തെ ചങ്കൂറ്റമില്ലേ'- എന്നൊക്കെയാണ് വിൻസി പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. 'നിലപാടു കൊള്ളാം ഇതിനായി ഒരു അവസരം വരെ കാത്തിരുന്നത് തെറ്റായി പോയി'. 'പ്രതികരണം അപ്പോൾ തന്നെ ആകാമായിരുന്നു'- എന്ന് പറയുന്നവരും കുറവല്ല.
അതേസമയം ചിലർ ആ നടന്റെ പേരും കണ്ടെത്തിയിട്ടുണ്ട്. നടൻ ഷൈൻ ടോം ചാക്കോ ആണ് ആ നടൻ എന്നാണ് ഒരു വിഭാഗം ആളുകൾ കണ്ടെത്തിയിരിക്കുന്നത്. അതിനുള്ള കാരണവും അവർ കമന്റ് ചെയ്തിട്ടുണ്ട്. 'വിൻസി പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന പുതിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ദീപക് പറമ്പോലും ആണ് നായകൻമാരായെത്തുന്നത്. അതുകൊണ്ട് തന്നെ വിൻസി പറഞ്ഞ ആ നടൻ ഷൈൻ' ആണെന്നാണ് സോഷ്യൽ മീഡിയ ഉറപ്പിച്ചു പറയുന്നത്. വിൻസി ഇതിന് മുൻപ് അഭിനയിച്ച നടന്മാരുടെ പേരുകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്.