Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനെ പേടിച്ച് ചെന്നൈയിലെ ഒരു ലോഡ്ജില്‍ താമസമാക്കേണ്ടി വന്നു - ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു !

അച്ഛനെ പേടിച്ച് ചെന്നൈയിലെ ഒരു ലോഡ്ജില്‍ താമസമാക്കേണ്ടി വന്നു - ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു !
, ചൊവ്വ, 18 ജൂലൈ 2017 (18:09 IST)
അച്ഛന്റെയും ഏട്ടന്റെയും പാത പിന്തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസനും സംവിധായകന്റെ കുപ്പായം അണിയാന്‍ ഒരുങ്ങുകയാണ്. ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെ ധ്യാന്‍ സംവിധായകന്റെ തൊപ്പി അണിയുമ്പോള്‍ നിര്‍മാതാക്കളില്‍ ഒരാളായി നടന്‍ അജു വര്‍ഗീസും അരങ്ങേറുന്നു. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍ താരയുമാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.
 
പഠിക്കാന്‍ പോയ സ്ഥലത്തുനിന്നും നിന്നു ഒന്നും നേടാന്‍ കഴിയാതെ തിരിച്ചു വന്നപ്പോള്‍ മലയാള സിനിമയിലേക്ക് എങ്ങനെയെങ്കിലും അച്ഛന്റെ സഹായത്തോടെ നുഴഞ്ഞു കയറുക എന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. ആവശ്യം അച്ഛനെ അറിയിച്ചപ്പോള്‍ കൊന്നില്ലെന്നേയുള്ളൂ. പഠിപ്പ് കളഞ്ഞു വന്നതിന്റെ എല്ലാ ദേഷ്യവും അച്ഛന് എന്നോടുണ്ടായിരുന്നു. മലയാളത്തില്‍ രക്ഷയില്ലെന്നു ബോധ്യപ്പെട്ടതോടെ തമിഴ് സിനിമയായി അടുത്ത ലക്ഷ്യം. അതിനായി ചെന്നൈയിലെത്തി കുറേ അലഞ്ഞുവെന്നും ധ്യാന്‍ പറയുന്നു. 
 
‘ ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലെ നായകനായ ഉമേഷ് ട്രെയിനുള്ളില്‍ സെല്‍ഫി എടുക്കുന്നതിനു തൊട്ടു മുന്‍പു വരെയുള്ള കഥയില്‍ പലതും എന്റെ ജീവിതം തന്നെയാണ്. എന്റെ തനിപ്പകര്‍പ്പാണ് അതിലെ നായകകഥാപാത്രം. അച്ഛനെ പേടിച്ചു തിരികെ ചെന്നൈയിലെത്തിയപ്പോള്‍ ഒരു ലോഡ്ജിലായിരുന്നു കഴിഞ്ഞത്. അതിനിടെ ഒരു ഹ്രസ്വചിത്രത്തിനു കഥയെഴുതാനുള്ള പ്രേരണ സുഹൃത്തുക്കള്‍ നല്‍കി. എല്ലാറ്റിനും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷാജിയുടെ പ്രേരണയില്‍ ഷോര്‍ട്ട് ഫിലിം പിടിക്കാന്‍ തീരുമാനിച്ചു. 
 
എന്നാല്‍ സ്രിപ്റ്റ് എഴുതാന്‍ നോക്കിയപ്പോള്‍ മലയാളത്തിലെ പല അക്ഷരങ്ങളും അപരിചിതരാണെന്ന് തിരിച്ചറിഞ്ഞു. ഒരു വിധത്തില്‍ എഴുതി പൂര്‍ത്തിയാക്കി. മിക്ക ഡയലോഗുകളും തമിഴില്‍ തന്നെയായിരുന്നു എഴുതിയത്. അവസാനം എഴുത്തെല്ലാം പൂര്‍ത്തിയാക്കി ഷോര്‍ട്ട് ഫിലിമിനു ഒരു പേരും ഇട്ടു. ‘ലോസ്റ്റ് ഇന്‍ ലവ്’. പ്രണയവും നാടകീയതയും അടിയും പിടിയുമുള്ള ഹ്രസ്വചിത്രത്തിലെ നായകനും ഞാന്‍ തന്നെയായിരുന്നു. ചേട്ടന്‍ വിനീത് നല്‍കിയ 50000 രൂപയായിരുന്നു എന്റെ ഹ്രസ്വചിത്രത്തിനുള്ള ആദ്യ മൂലധനമെന്നും ധ്യാന്‍ പറയുന്നു. 
 
ആ തുകകൊണ്ട് പകുതി ചിത്രീകരിച്ചു. ചെലവേറിയതോടെ വീണ്ടും ഏട്ടനു മുന്നിലെത്തി. അമ്പതിനായിരം കൂടി തന്നു. പക്ഷേ, ഷോര്‍ട്ട് ഫിലിമിന്റെ അടുത്ത പകുതി പൂര്‍ത്തിയാക്കാനുള്ള ആ കാശെടുത്ത് ഞാന്‍ ഗോവയില്‍ പോയി ആഘോഷിച്ചു. അതു വരെ ഷൂട്ട് ചെയ്തിരുന്ന ഭാഗങ്ങള്‍ എന്റെ ലാപ്‌ടോപ്പില്‍ കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഏട്ടന്‍ അതെടുത്തു കണ്ടു. അഭിനയം കൊള്ളാമെന്നും പറഞ്ഞു. പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ഏട്ടന്‍ ഒന്നും പറഞ്ഞില്ല. ‘തിര’ എന്ന ചിത്രത്തിന്റെ കഥ എഴുതിയത് എന്റെ ബന്ധുവായ രാകേഷായിരുന്നു. ഇരുവരും തമ്മില്‍ എന്തോ രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഒരു സുപ്രഭാതത്തില്‍ എന്നോട് ഏട്ടന്‍ പറഞ്ഞു ‘തിര’യില്‍ നീയാണ് നായകനെന്ന്. ‘
 
എട്ടു വര്‍ഷം മുന്‍പായിരുന്നു ലോസ്റ്റ് ഇന്‍ ലവ് ഷൂട്ട് ചെയ്തത്. എന്റെ 21ാം വയസില്‍. അന്നെഴുതിയ ആ തിരക്കഥയ്ക്ക് ഏതാണ്ട് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു. എന്നാല്‍ പിന്നെ സിനിമയാക്കിക്കൂടേയെന്നു പല സുഹൃത്തുക്കളും അന്നേ ചോദിച്ചിരുന്നു. അടുത്തയിടെ, സമയം കൊല്ലാനായി പല കഥകളും ചര്‍ച്ചചെയ്യുന്നതിനിടെ അജു വര്‍ഗീസാണു പഴയ ഷോര്‍ട്ട്ഫിലിമിന്റെ വിഷയം എടുത്തിട്ടത്. കഥ കേട്ടതോടെ എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെയാണ് സംവിധായകനാകാന്‍ തീരുമാനിക്കുന്നത്. ആദ്യചിത്രം ‘ലവ് ആക്ഷന്‍ ഡ്രാമ’ – ധ്യാന്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് മാത്രമൊന്നുമല്ല, പൃഥ്വിരാജും മോഹന്‍‍ലാലുമെല്ലാം ഇതേ കാര്യത്തില്‍ കഴിവു തെളിയിച്ചവരാണ് ?