അന്ന് റഹ്മാനെ പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടി, പിന്നീടത് ചരിത്രമായി !
മമ്മൂട്ടി പറഞ്ഞത് കേട്ടില്ലായിരുന്നെങ്കിൽ റഹ്മാന് നഷ്ടമാകുമായിരുന്നത് വമ്പൻ ഹിറ്റ് ചിത്രം!
ഇടതുകണ്ണിന് കാഴ്ചയില്ലാത്ത മാണിക്യത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ട് ഇന്നേക്ക് 12 വർഷമാകുന്നു. അൻവർ റഷീദിന്റെ എക്കാലത്തേയും മികച്ച സിനിമകളിൽ മുൻപന്തിയിൽ തന്നെയുണ്ടാകും രാജമാണിക്യം. പോത്ത് കച്ചവടക്കാരനായി എത്തിയ മാണിക്യത്തേയും കൂട്ടാളികളേയും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയ പ്രാധാന്യമുള്ള നടനായിരുന്നു റഹ്മാൻ. സഹോദര തുല്യനായ കൂട്ടുകാരനെയാണ് റഹ്മാൻ അവതരിപ്പിച്ചത്. രാജമാണിക്യത്തിൽ അഭിനയിക്കണമോയെന്ന കാര്യത്തിൽ താൻ കൺഫ്യൂഷനായിരുന്നുവെന്ന് റഹ്മാൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്ന് തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നാണ് റഹ്മാന്‍ പറഞ്ഞിരുന്നത്. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചപ്പോൾ 'രാജമാണിക്യം നിനക്ക് ഒരു ബ്രേക്ക് ആവുമെന്നായിരുന്നു' അദ്ദേഹത്തിന്റെ മറുപടി. പടം ഹിറ്റാവും. ധൈര്യമായി അഭിനയിക്കുകയെന്നും മമ്മൂക്ക പറഞ്ഞിരുന്നു.
അതെന്തായാലും അച്ചട്ടായി. മികച്ച വിജയമായി രാജമാണിക്യം മാറി. തിരോന്തോരം സ്‌റ്റൈയില്‍ നിര്‍മ്മിച്ച സിനിമ പ്രതീക്ഷിച്ചതിനുമപ്പുറത്തായിരന്നു വിജയിച്ചിരുന്നത്. എന്റെ കഥാപാത്രവും അതിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നതായും റഹ്മാന്‍ പറയുന്നു.