കാസ്റ്റിങ് കൗച്ചിങ്ങെല്ലാം മലയാള സിനിമയില്‍ വിദൂരമാണെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് പല നായികമാരും പല വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ആ വെളിപെടുത്തലില്‍ താരസംഘടനയായ അമ്മ പോലും ഞെട്ടിത്തരിച്ചുപോയി. മറ്റ് ഇന്റസ്ട്രികളിലൊന്നും തന്നെ ഇല്ലാത്ത ദുരനുഭവമാണ് മലയാള സിനിമയില്‍ നിന്നും നേരിട്ടതെന്നാണ് ചാര്‍മിളയും പാര്‍വ്വതിയുമെല്ലാം വെളിപ്പെടുത്തിയത്.
എന്നാല്‍ മലയാള സിനിമയില്‍ അങ്ങനെ ഒരു സംഭവം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മോശം നടിമാര്‍ ചിലപ്പോള്‍ വഴങ്ങി കൊടുത്തിട്ടുണ്ടാവാം എന്നുമാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞത്. ഇപ്പോള്‍ ഇതാ സമാനമായ അഭിപ്രായം തന്നെയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്കുമുള്ളത്. അങ്ങനെ വഴങ്ങിക്കൊടുത്താല്‍ തനിക്ക് അവസരം കിട്ടുമെന്ന് ഒരാള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാനസിക നിലവാരമാണെന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്.
വഴങ്ങികൊടുത്തത് കൊണ്ട് അവസരം കിട്ടും എന്ന് പറയുന്നത് വെറുതെയാണ്. കഴിവുണ്ടെങ്കില്‍ മാത്രമേ ഒരു കലാകാരിയ്ക്ക് സിനിമാ ലോകത്തും മറ്റേത് കലാലോകത്തുമെല്ലാം നിലനില്ക്കാന് സാധിക്കുകയുള്ളൂ. വഴങ്ങി കൊടുത്തിട്ടും അഭിനയിക്കാനുള്ള കഴിവില്ലെങ്കില്‍ പിന്നെ അവസരം ലഭിയ്ക്കുമോ. സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷന് വേണ്ടി വഴങ്ങി കൊടുക്കുന്നതിനെ കുറിച്ചൊക്കെ നമ്മള് കേട്ടിട്ടില്ലേ. ഒരു ജോലിയ്ക്ക് ഒരുപക്ഷെ ഉപകാരമുണ്ടായേക്കാം, എന്നാല്‍ കലയ്ക്ക് അത് ഉപകാരപ്പെടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.