മലയാള സിനിമയോടൊപ്പം എഴുതി ചേര്‍ക്കപ്പെട്ട ഒരു പേരാണ് മമ്മൂട്ടിയുടേത്. മികച്ച നടനുള്ള മൂന്ന് ദേശീയ അവാര്‍ഡുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന മമ്മൂട്ടി അന്യഭാഷയിലും മലയാള സിനിമയുടെ മുഖമുദ്രയാണ്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. മറ്റൊന്നുമല്ല, ഒരിക്കല്‍ സിനിമയോട് തന്നെ പൂര്‍ണ്ണമായും വിട പറഞ്ഞ വ്യക്തിയാണ് നമ്മുടെ സ്വന്തം മമ്മൂക്ക.
രജനീകാന്തിന്റെയും കമല്‍ ഹാസന്റെയും ഗുരുവായ കെ.ബാലചന്ദ്രറായിരുന്നു മമ്മൂട്ടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായ ‘അഴകന്‍’ സംവിധാനം ചെയ്തത്. അഴകന് ഡേറ്റ് കൊടുത്തതിന് പിന്നാലെയായിരുന്നു മമ്മൂട്ടി ഏറണാകുളം പട്ടണത്തോട് വിട പറഞ്ഞതും ചെന്നൈയിലെ അഡയാറില്‍ സെറ്റിലായതും. അഴകനില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മമ്മൂട്ടി സിനിമ ഉപേക്ഷിക്കാന്‍ പുറപ്പെട്ടത് .
അഴകനോട് കൂടി താന്‍ സിനിമാഭിനയം നിര്‍ത്താന്‍ പോവുകയാണെന്നും പരിപൂര്‍ണമായും കുറച്ചു കാലത്തേക്ക് തനിക്ക് റെസ്റ്റ് വേണമെന്നും വേണമെങ്കില്‍ കുറച്ചുകാലത്തിനു ശേഷം അപ്പോഴത്തെ മൂഡിനനുസരിച്ച് സിനിമയിലേക്ക് തിരിച്ചു വരാമെന്നുമായിരുന്നു മമ്മൂട്ടിയുടെ തീരുമാനം.
മമ്മൂട്ടിയ്ക്ക് പെട്ടെന്ന് സംഭവിച്ച ഈ മനം മാറ്റത്തിന്റെ കാര്യമറിഞ്ഞ് സംവിധായകന്‍ ജോഷിയടക്കമുള്ള മമ്മൂട്ടിയുടെ സുഹൃത്തുക്കള്‍ ഞെട്ടി. ഒടുവില്‍ ജോഷിയും നിര്‍മ്മാതാവ് എവര്‍ഷൈന്‍ മണിയും മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് മമ്മൂട്ടി ബോണ്‍ ആര്‍ട്ടിസ്റ്റാണെന്നും മരണം വരെ അഭിനയ രംഗത്ത് തുടരണമെന്നുമൊക്കെ പറഞ്ഞായിരുന്നു മമ്മൂട്ടിയെ ആ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍.