എതിരാളിയെ വരവേറ്റ് ഡേവിഡ് നൈനാൻ! മമ്മൂട്ടിയോട് മുട്ടാൻ കരുത്തുള്ളത് മമ്മൂട്ടി തന്നെ!
മമ്മൂക്കാ... നിങ്ങൾ ഇത് കാണുന്നില്ലേ? ആരാധകരുടെ ആഗ്രഹമിതാണ്!
അമാനുഷികനല്ലാത്ത വീറും വാശിയുമുള്ള ഒരച്ഛന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ തീയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച ഒരു ഫാമിലി ത്രില്ലർ ആണ് ചിത്രം എന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമില്ല. ഡേവിഡ് നൈനാന്റെ ജൈത്രയാത്ര തുടരുമ്പോൾ മുന്നിൽ എതിരാളിയായി ഒരാൾ കൂടി എത്തുന്നു - നിത്യാനന്ദ ഷേണായി!.
രഞ്ജിത് - മമ്മൂട്ടി ടീമിന്റെ പുത്തൻപണം വിഷുവിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. പുത്തൻ പണം മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു കഥയും കഥാപാത്രവുമാകും ഈ ചിത്രമെന്ന കാര്യത്തിൽ ആരാധകർക്കോ പ്രേക്ഷകർക്കോ സംശയമില്ല. മമ്മൂട്ടിച്ചിത്രത്തെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമേ ആരാധകർക്കുള്ളു.
എന്നാൽ, പുത്തൻപണം ഇപ്പോൾ റിലീസ് വേണ്ടെന്നാണ് ആരാധകർ പറയുന്നത്. എട്ടു വർഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ ഒന്നൊന്നര ട്രീറ്റ് തന്നെയാണ് ഗ്രേറ്റ് ഫാദർ. ആഘോഷിക്കുകയാണ് ചിത്രത്തെ എല്ലാവരും. ഡേവിഡ് നൈനാനോട് ഏറ്റുമുട്ടാൻ നിത്യാനന്ദ ഷേണായ് എത്തുമ്പോൾ ആഹ്ലാദിക്കേണ്ടത് ആരാധകർ തന്നെയാണ്. എന്നാൽ, ഒരു പരിധി വരെ അവർക്കതിന് കഴിയുന്നില്ല എന്ന് വേണം കരുതാൻ.
പുത്തൻപണം മെയ് റിലീസ് ആക്കി മാറ്റണമെന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആവശ്യം. ചരിത്രവിജയത്തിലേക്കാണ് ഡേവിഡ് നൈനാന്റെ പോക്ക്. അതിനിടയിൽ ഒരു സൗഹൃദ മൽസരമാണെങ്കിൽ പോലും അത് ഡേവിഡിന് പാരയാവും. പുത്തൻപണം മെയ് മാസത്തിലേക്ക് നീട്ടിയാൽ കിട്ടുന്ന ആ സമയം മതി ഡേവിഡിന്റെ തേർവാഴ്ച കാരണം മലയാളസിനിമയിലും ബോക്സ് ഓഫീസിലും പുതിയ ചരിത്രങ്ങൾ സുവർണ്ണലിപികളിൽ എഴുതി ചേർക്കപ്പെടാൻ. ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരുടെ പൊതുവികാരമാണിതെന്ന് ആരാധകർ തന്നെ പറയുന്നു.
മണ്ണിൽ എഴുതി വെച്ച റെക്കോഡുകൾ എല്ലാം മായ്ച്ചു കളഞ് പുതിയ റെക്കോഡുകൾ എല്ലാം കല്ലിൽ കൊത്തി വെച്ച് മമ്മൂക്ക "ഗ്രേറ്റ് ഫാദർ" ആയി നിറഞാടുകയാണ്. ആരാധകർ ആഘോഷിയ്ക്കുകയാണ്. അവർ ആഘോഷിക്കട്ടെ മമ്മൂക്ക. ആരാധകരുടെ ഈ പ്രാർത്ഥന മെഗാസ്റ്റാർ കേൾക്കുമെന്നാണ് പ്രതീക്ഷ.