Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുമിച്ച് കണ്ടാൽ അനുജനാണോന്ന് മറ്റുള്ളവർ ചോദിക്കുന്ന ഗ്ളാമർകൂടിപോയ ചേട്ടനാണ് മമ്മൂക്ക, അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ഭാഷ ശാസനയാണ്: യുവ സംവിധായകന്‍ പറയുന്നു

പോടാ.. പോയിരുന്ന് പഠിക്ക്! നല്ല തല്ല് തരും...; അഭിനയിക്കണമെന്ന് പറഞ്ഞ പയ്യനെ മമ്മൂട്ടി ശാസിച്ചത് ഇങ്ങനെയായി‌രുന്നു, പക്ഷേ ബ്ലസിയോട് അദ്ദേഹം പറഞ്ഞത് മറിച്ചും!

ഒരുമിച്ച് കണ്ടാൽ അനുജനാണോന്ന് മറ്റുള്ളവർ ചോദിക്കുന്ന ഗ്ളാമർകൂടിപോയ ചേട്ടനാണ് മമ്മൂക്ക, അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ഭാഷ ശാസനയാണ്: യുവ സംവിധായകന്‍ പറയുന്നു
, വ്യാഴം, 29 ജൂണ്‍ 2017 (09:25 IST)
മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അകലെ നിന്നു പോലും ഒരുനോക്ക് കാണാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ ഭാഗ്യം എന്നുകരുതുന്നവര്‍ ഉണ്ട്. റഫ് ആന്‍ഡ് ടഫ് ആണ് മമ്മൂട്ടിയെന്ന് പലരും പറഞ്ഞിട്ടുണ്ട്, എന്നാല്‍ അടുത്ത് ഇടപഴകുമ്പോള്‍ ആണ് അത് ദേഷ്യമല്ല സ്നേഹമാണെന്ന് മനസ്സിലാകുക. അത്തരത്തില്‍ മമ്മൂട്ടിയെ കാണാന്‍ ലൊക്കേഷനിലേക്ക് പോയപ്പോഴുള്ള അനുഭവമാണ് യുവസംവിധായകനായ ഗഫൂര്‍ ഏലിയാസ് പങ്കുവെച്ചിട്ടുള്ളത്.

പരീത് പണ്ടാരിയിലൂടെയാണ് ഗഫൂര്‍ സംവിധാനത്തില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിയെ കുറിച്ച് യുവ സംവിധായകന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. ബ്ലസി സംവിധാനം ചെയ്ത കാഴ്ചയുടെ ഷൂട്ടിങ്ങ് സമയത്താണ് ഗഫൂറും സുഹ്ര്ത്തുക്കളും ആദ്യമായി മമ്മൂട്ടിയെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും.

webdunia
ഗഫൂര്‍ ഏലിയാസിന്റെ വാക്കുകളിലൂടെ:

ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ആലപ്പുഴ ബീച്ചിൽ ബ്ളസി സർ സംവിധാനം ചെയ്യുന്ന കാഴ്ചയുടെ ഷൂട്ടിംങ്ങ് നടക്കുന്നത്. ഷൂട്ടിംങ്ങ്ന് ആർട്ടിലെ ചില തൊഴിലാളികൾ മുള(കഴ) വാടകക്ക് എടുക്കാൻ ഞങ്ങളുടെ വീട്ടിൽ വന്നപ്പോഴാണ് മമ്മൂക്ക ആലപ്പുഴ ബീച്ചിൽ വരുന്ന വിവരം ഞാൻ അറിയുന്നത്. മമ്മൂക്കയുടെ രാത്രി സീക്ക്വൻസായിരുന്നു അന്ന് ഷൂട്ട് ചെയ്യുന്നത്. പോലീസിനാൽ കൈവരി തീർത്ത് വളരെ ദൂരെ ആളുകളെ നിയന്ത്രിച്ചിരുന്നു. ഉന്തി തള്ളി മുൻപന്തിയിൽ എത്തിയ ഞങ്ങളുടെ നെഞ്ചത്ത് പോലീസ് അമർത്തി തള്ളി തടഞ്ഞുവെച്ചു. കയ്യും കാലും പൊക്കി ഞാൻ ആക്ഷൻ കാണിച്ച്.. കാണിച്ച് ..മമ്മൂക്കയുടെ ശ്രദ്ധപിടിച്ച് പറ്റി. ഞങ്ങളുടെ വെപ്രാളം ശ്രദ്ധിച്ച മമ്മൂക്ക കൈ ഉയർത്തി എന്താടാന്ന് ചോദിച്ചു. അത് കണ്ട ഞാൻ മമ്മൂക്കയോട് ഉറക്കേ ചോദിച്ചു , ഞങ്ങള് അങ്ങോട്ട് വരട്ടേ മമ്മൂക്ക? വാ എന്ന് മൂപ്പര് മറുപടി കാണിച്ച് ....പോലീസ് ഞങ്ങൾക്കായ് കൈ മാറ്റിതന്നു.

അന്നാണ് മമ്മൂക്ക എന്ന് പറയുന്ന അത്ഭുതത്തെ ആദ്യമായ് അടുത്ത് കാണുന്നത്, ഞങ്ങളോട് മമ്മൂക്ക ചോദിച്ചു ..ആആ..എന്താണ് നിങ്ങട പ്രശ്നം ? ഞങ്ങൾ (ഞാനും അഫ്സലും സലാപ്പുവും ജിബിച്ചനും) പറഞ്ഞു മമ്മൂക്കയെ ഒന്ന് പരിചയപ്പെടാൻ വന്നതാ...

മമ്മൂക്ക ; അതിന് നിങ്ങള് ആരാണന്ന് ആദ്യം പറ

ഞാൻ ; ഞങ്ങൾ കലാഭവനിലെ സ്റ്റുഡൻസാ

മമ്മൂക്ക ; ആര് കലാഭവൻ മണിയോ ?

ചിരിച്ച് കൊണ്ട് ഞങ്ങൾ അല്ല ഇക്കാ.. കലാഭവനിൽ മിമിക്രി പഠിക്കുന്ന സ്റ്റുഡൻസാ

ഞാൻ ; ഇക്കാ നല്ല മിമിക്രികാരനാണന്ന് ഞങ്ങൾക്ക് അറിയാം

മമ്മൂക്ക ; ഏയ്യ്... ഒരു പരുപാടിക്ക് പോയാൽ നിങ്ങൾക്ക് എത്രകിട്ടും ?

ഞാൻ ; 750 രൂപ കിട്ടുമിക്കാ ( കൂടയൂള്ളവൻമാര് അന്തംവിട്ടു..കാരണം കട്ടൻചായയെങ്കിലും കിട്ടിയാ കിട്ടി അതായിരുന്നു പരുപാടിക്ക് പോയാലുള്ള ഞങ്ങളുടെ അവസ്ഥ )

മമ്മൂക്ക ; ആഹാ...ഞങ്ങളൊക്കെ പരുപാടിക്ക് പോണ സമയത്ത് 75 രൂിയൊക്കയാ മിനിമം

ഒടുവിൽ മുക്കിയും മൂളിയും തപ്പിയും തടഞ്ഞും എല്ലാവർക്കും വേണ്ടി ഞാൻ ആ ആഗ്രഹം മമ്മൂക്കയുടെ അടുത്ത് പറഞ്ഞു

ഞാൻ ; ഇക്കാ..ഞങ്ങൾക്കും സിനിമയിലേക്ക് വരണമെന്നാണ് ആഗ്രഹം. ഈ പടത്തിൽ ഞങ്ങൾക്ക്.. ഉടൻ മമ്മൂക്ക അൽപ്പം ഗൗരവത്തോടെ പറഞ്ഞു പോടാ...പോയ് പടിക്കടാ..പടിക്കണ പ്രായത്തിൽ അഭിനയം മണ്ണാൻകട്ട എന്നൊക്കെ പറഞ്ഞ് നടന്നാലുണ്ടല്ലോ...നല്ല തല്ല് തരും...പോ...പൊക്കൊ....ഞങ്ങൾ സങ്കടത്തോടെ പോകാൻ തിരിഞ്ഞപ്പോൾ...
മമ്മൂക്ക ; അവിട നിന്നെ....
സംവിധായകൻ ബ്ളസിയെ വിളിച്ച് ഞങ്ങളെ കാണിച്ചിട്ട് ...ബ്ളസി...ഈ പിള്ളേരേ നോക്കി വെച്ചോ ...നാളെ സിനിമയിലേക്കൊക്ക വരാൻ ചാൻസുള്ള നമ്മുട പിള്ളേരാ...

അത് കേട്ടപ്പോൾ ആണ് ഞങ്ങൾക്ക് , ആദ്യം മമ്മൂക്ക കാണിച്ച ഗൗരവം ഒരു ജേഷ്ട്ടന്റേതായിരുന്നെന്നും പടുത്തം കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞത് ഭാവിയേക്കുറിച്ചുള്ള വാത്സല്ല്യം കൊണ്ടാണന്നും ഞങ്ങൾക്ക് മനസ്സിലായത്.

ഒരു പക്ഷേ മമ്മൂക്കയുടെ ആ അനുഗ്രഹം കൊണ്ടാവണം. വർഷങ്ങൾക്ക് ഇപ്പുറം ഞാൻ സംവിധായകനായ്. പരീത് പണ്ടാരിയുടെ ഡബ്ബ് മെഗാ മീഡിയയിൽ നടക്കുബോൾ. കസബയുടെ ഡബ്ബിന് മമ്മൂക്ക അവിടെ ഉണ്ടായിരുന്നു. അന്ന് മമ്മൂക്കയെ വീണ്ടും ഞാൻ ആദ്യമായ് പരിചയപ്പെട്ടു. 20 മിനിറ്റോളം മമ്മൂക്കയോടൊപ്പം കാബിനിൽ. ആ അത്ഭുത്തോടൊപ്പം വർത്താനം പറഞ്ഞിരുന്നു. പണ്ടാരിയുടെ പോസ്റ്റർ കയ്യിൽ പിടിച്ച് കാര്യങ്ങൾ തിരക്കുബോഴും മൂപ്പർക്ക് അറിയില്ലാർന്നു മൂപ്പര് പണ്ട് അനുഗ്രഹിച്ച പയ്യനാണ് സംവിധായകന്റെ ടൈറ്റിലിൽ ഈ പോസ്റ്ററിലും തന്റെ മുൻപിലും നിൽക്കുന്നത് എന്ന്.

പ്രാരാബ്ധങ്ങളുടേയും അനുഭവങ്ങളുടെയും തീചൂളയിൽ ജീവിതം കെട്ടിപടുത്ത നമ്മുടെയൊക്കെ വീട്ടിലെ മൂത്ത ജേഷ്ട്ടനാണ് മമ്മൂക്ക. ഒരുമിച്ച് കണ്ടാൽ അനുജനാണോന്ന് മറ്റുള്ളവർ ചോദിക്കുന്ന ഗ്ളാമർകൂടിപോയ ജേഷ്ട്ടൻ. മൂപ്പരുടെ സ്നേഹത്തിന്റെ ഭാഷ ശ്വാസനയാണ്.

NB ; പോയ് പടിക്കടാന്ന് കേട്ടപ്പോഴെ എന്റെ കൂടയുണ്ടായിരുന്ന മൂന്ന് പേരും അപ്പോതന്നെ പടിക്കാൻ പോയ്...ഡിഗ്രിയും ഡിഗ്രീഡമേൽ ഡിഗ്രിയും എടുത്ത്....ഞാൻ മാത്രം ....ഹിഹിഹി

പക്ഷേ എന്നേക്കാൾ മുന്നേ സിനിമയിൽ കേറിയത് നമ്മുടെ വീട്ടിലെ മുളയാണ് !!!
ഇനി ആ മമ്മുക്കയെന്ന മഹാനടനെ മുന്നിൽ നിർത്തി ഒരു ആക്ഷൻ പറയണം എനിക്ക്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല