കബാലി ‘മദാരി’യെ കോപ്പിയടിച്ചെന്ന് ആരോപണം!
കബാലിക്കെതിരെ കോപ്പിയടി വിവാദം!
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി ബോളിബുഡ് താരം ഇര്‍ഫാന്‍ഖാന്റെ പുതിയ ചിത്രം മദാരിയെ കോപ്പിയടിച്ചെന്ന് ആരോപണം. മദാരിയിലെ നായകന്‍ ഇര്‍ഫാന്‍ഖാന്‍ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മദാരിയുടെ പോസ്റ്റര്‍ കബാലി കോപ്പിയടിച്ചെന്നാണ് ഇര്‍ഫാന്‍ഖാന്‍ പറയുന്നത്. മദാരിയുടെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇര്‍ഫാന്‍ഖാന്‍ ഇക്കാര്യം ഉന്നയിച്ചത്.
''തന്റെത് വളരെ ചെറിയ ചിത്രമാണ്. എന്നാല്‍ കബാലി ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നാണ് എന്നിട്ടും ചെറിയ ചിത്രത്തിന്റെ പോസ്റ്റര്‍ മോഷ്ടിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് താന്‍ പോലും പോസ്റ്ററിലെ സാമ്യം ശ്രദ്ധിച്ചത്. എന്നാല്‍ ഇതൊരു വിവാദമാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. രണ്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ പിന്തുണയുണ്ടാകണം'' ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി.
എന്നാല്‍ ഇത് ഒരു ആരാധകന്‍ തയ്യാറാക്കി ഷെയര്‍ ചെയ്ത പോസ്റ്ററാണെന്നും കബാലിയുടെ ഔദ്യോഗിക പോസ്റ്റര്‍ രജനികാന്ത് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ടെന്നുമാണ് രജനി ആരാധകരുടെ മറുപടി.
രജനികാന്ത് നായകനാകുന്ന കബാലി സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത് ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന മദാരിയും അടുത്തമാസം പകുതിയോടെ തിയറ്ററിലെത്തും.