മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പിടിവലി. വമ്പന്‍ നിര്‍മ്മാണക്കമ്പനികളാണ് ഈ സിനിമയുടെ റീമേക്ക് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കാണ് വന്‍ ഡിമാന്‍ഡ്.
തമിഴില്‍ രജനികാന്ത് നായകനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. രജനിയുടെ ഇമേജിന് പൂര്‍ണമായും യോജിച്ച കഥയെന്നാണ് തമിഴിലെ വലിയ നിര്‍മ്മാതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. അതേസമയം കമല്‍ഹാസനെയും ഈ പ്രൊജക്ടില്‍ നായകസ്ഥാനത്തേക്ക് കേട്ടിരുന്നു. എന്നാല്‍ ഉടന്‍ ഒരു റീമേക്കിന് കമല്‍ഹാസന്‍ തയ്യാറാകില്ലെന്നാണ് വിവരം.
ഹിന്ദിയില്‍ ആമിര്‍ഖാനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് അറിയുന്നത്. തെലുങ്കില്‍ ചിരഞ്ജീവിയോ വെങ്കിടേഷോ ഗ്രേറ്റ്ഫാദറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, 60 കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുന്ന ഗ്രേറ്റ്ഫാദര്‍ കേരളത്തില്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിയുകയാണ്. എന്നാല്‍ ബാഹുബലിയുടെ റിലീസ് ഗ്രേറ്റ്ഫാദറിന്‍റെ ഷോകളില്‍ കുറവുണ്ടാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.