അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ ഒരു തമിഴ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന് വരിക. ഒരു ചരിത്ര സംഭവം തന്നെയാണ്. ഷങ്കര്‍ സംവിധാനം ചെയ്ത വിക്രം ചിത്രം 'ഐ' ലോകശ്രദ്ധയാകര്‍ഷിച്ചതും അങ്ങനെയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം നല്ല കവറേജ് കൊടുത്ത ഈ ചടങ്ങില്‍ ചില അസുഖകരമായ കാര്യങ്ങളും അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഡിയോ ലോഞ്ച് ചടങ്ങിനെത്തിയ അര്‍നോള്‍ഡ് ഷാര്‍സനെഗര്‍ ഓഡിയോ റിലീസിന് കാത്തുനില്‍ക്കാതെ സ്ഥലം വിട്ടതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. അവതാരകര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും എന്തുകൊണ്ട് ഓഡിയോ റിലീസ് സമയം വരെ കാത്തിരിക്കാന്‍ അര്‍നോള്‍ഡ് തയ്യാറായില്ല?
ഓഡിയോ ലോഞ്ച് ചടങ്ങിലെ വലിയ ജനക്കൂട്ടവും ആരവവും അര്‍നോള്‍ഡിനെ അസ്വസ്ഥനാക്കിയിരുന്നു. മാത്രമല്ല, എയര്‍കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തനം നിലച്ചതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ എല്ലാം സഹിച്ച് ഓഡിയോ റിലീസ് വരെ നില്‍ക്കാന്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ തയ്യാറായതാണ്. അതിനിടയിലാണ് ബോഡി ബില്‍ഡര്‍മാരുടെ ശരീരപ്രദര്‍ശനം നടന്നത്. അത് അര്‍നോള്‍ഡിന് ഇഷ്ടമുള്ള വിഷയവുമാണല്ലോ. ഷോ ആസ്വദിച്ചങ്ങനിരിക്കേ പെട്ടെന്ന് ഒരു ബോഡി ബില്‍ഡര്‍ പാഞ്ഞെത്തി അര്‍നോള്‍ഡിന്‍റെ കൈ പിടിച്ച് ചുംബിച്ചു.
ഇതോടെ ആകെ അസ്വസ്ഥനായ അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ ഓഡിയോ റിലീസിന് കാത്തുനില്‍ക്കാതെ സ്ഥലം കാലിയാക്കുകയായിരുന്നുവത്രേ.