Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേടിയാണെങ്കിലും പ്രേതസിനിമയ്ക്ക് നമ്മള്‍ ടിക്കറ്റെടുക്കുന്നതെന്തുകൊണ്ട്?

പ്രേതസിനിമകളെ നമ്മള്‍ പ്രണയിക്കുന്നതെന്തുകൊണ്ട്?

പേടിയാണെങ്കിലും പ്രേതസിനിമയ്ക്ക് നമ്മള്‍ ടിക്കറ്റെടുക്കുന്നതെന്തുകൊണ്ട്?
, ചൊവ്വ, 28 ജൂണ്‍ 2016 (20:34 IST)
പ്രേത സിനിമകളെ ഇഷ്ടപ്പെടുന്നവരുടെയും അല്ലാത്തവരുടെയും സജീവ ചര്‍ച്ച ഇപ്പോള്‍ കോണ്‍ജുറിംഗ് 2നെ കുറിച്ചാണ്. ലോക വ്യാപകമായി റിലീസ് ചെയ്ത കോണ്‍ജുറിംഗ് 2 കാണുന്നതിനിടെ തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി മരിച്ച വാര്‍ത്തയും ഏറെ ചര്‍ച്ചാ വിഷയമായി. എന്നിട്ടും തിയറ്ററില്‍ തിരക്കിന് യാതൊരു കുറവുമില്ല. 
 
ചിത്രം കണ്ടവരെല്ലാം അതിലെ ഭയാനകമായ രംഗങ്ങളെ കുറിച്ച് ഏറെ വാചാലരാവുന്നുണ്ടെങ്കിലും ഇത് കേട്ട് ഭയന്ന് ചിത്രം കാണാതിരിക്കാനല്ല, മറിച്ച് ആവേശത്തോടെ കാണാനാണ് എല്ലാവര്‍ക്കും താത്പര്യം. ഭയാനകമായ സിനിമകള്‍ വീണ്ടും വീണ്ടും നിര്‍മ്മിക്കപ്പെടുന്നതിന് പിന്നിലെ കാരണവും ഭയത്തോടുള്ള മനുഷ്യന്റെ പ്രണയം തന്നെയാണ്. 
 
ഒരൊറ്റ തവണകൊണ്ട് അവസാനിക്കുന്ന പ്രേതസിനിമകളെക്കാള്‍ പരമ്പര ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ആരാധകരേറെ. ആകാംക്ഷ നല്‍കുന്ന രംഗങ്ങളെക്കാള്‍ ഇരയെ വേട്ടയാടുന്ന രംഗങ്ങളാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ഹൊറര്‍ ഇഷ്ടപെടാതിരിക്കുകയും എന്നാല്‍ ഹൊറര്‍ ചിത്രങ്ങള്‍ ആവേശത്തോടെ കാണുകയും ചെയ്യുന്നതിനെ ''ഹൊറര്‍ വിരോധാഭാസം'' എന്നാണ് വിദഗ്ധര്‍ പറയുന്നത്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല എന്ന തിരിച്ചറിവാണ് ഹൊറര്‍ ചിത്രങ്ങള്‍ കാണാനും ആസ്വദിക്കാനും സാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. 
 
പ്രേത സിനിമകളോ പേടിപെടുത്തുന്ന രംഗങ്ങളോ കാണുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റവും ഏറെ പ്രധാനമാണ്. അത്തരം സാഹചര്യത്തില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും ശരീരം വിയര്‍ക്കുകയും ശരീരോഷ്മാവ് കുറയുകയും ചെയ്യുന്നു, പേശികള്‍ മുറുകി രക്തയോട്ടം കൂടുന്നു. കാണുന്നതൊന്നും സത്യമല്ലെന്ന വ്യക്തമായ ധാരണയുണ്ടെങ്കിലും തലച്ചോറ് അതിനോട് പ്രതികരിക്കുന്നു. 
 
പലപ്പോഴും ഇത് നല്ലതാണെങ്കിലും ചിലരില്‍ മരണത്തിന് വരെ കാരണമായേക്കാം. തങ്ങള്‍ ജീവിക്കുന്ന പരിതസ്ഥിതിയില്‍ നിന്നും അപകടങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതേസമയം നമ്മളുമായി ബന്ധപ്പെടാത്ത ഇടങ്ങളില്‍ സംഭവിച്ചതെല്ലാം കാണാനും കേള്‍ക്കാനും അറിയാനും ഇഷ്ടപെടുകയും അത് തങ്ങള്‍ക്ക് സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയും ചെയ്യുന്നു. ഈ മനോഭാവവും ഹൊറര്‍ ചിത്രങ്ങളോടുള്ള പ്രണയത്തിന് കാരണമാണ്. 
 
ദുഃഖങ്ങളും വേദനയും ഭയവും അനുഭവിക്കാന്‍ ഇഷ്ടമില്ലെങ്കിലും ഇവയെല്ലാം അനുകരിക്കുന്നതില്‍ മനുഷ്യന്‍ തത്പരനാണെന്നതാണ് ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാരണമായി വിദഗ്ദര്‍ പറയുന്നത്. ഹൊറര്‍ സിനിമകളും, അക്രമ രംഗങ്ങളും സ്ഥിരമായി കാണുന്നത് മൃഗീയ സ്വഭാവത്തിലേക്ക് ചിലരെ കൊണ്ടെത്തിക്കും. ചില രംഗങ്ങള്‍ അനുകരിക്കാനും മറ്റുള്ളവരില്‍ പരീക്ഷിക്കാനും ചിലര്‍ തയ്യാറാകും. 
 
ഇതെല്ലാം പലപ്പോഴും അപകടങ്ങള്‍ വരുത്തി വയ്ക്കാറുണ്ടെങ്കിലും ഹൊറര്‍ ചിത്രങ്ങള്‍ വേണ്ടെന്ന് വയ്ക്കാനോ കാണാതിരിക്കാനോ മനുഷ്യന് സാധിക്കുകയുമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യഥാര്‍ത്ഥത്തില്‍ ആരാണ് ജയസൂര്യ?