മമ്മൂട്ടിയുടെ പ്രായത്തെ എന്തിന് പറയുന്നു? മരണം വരെ അഭിനയിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട് !
ഇതാണോ മലയാളികളുടെ സംസ്കാരം? - ആഞ്ഞടിച്ച് സുരേഷ് കുമാര്‍
മലയാള സിനിമയില്‍ ഇപ്പോള്‍ ഒരു കരിനിഴല്‍ വീണിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമ മേഖലയില്‍ ഉള്ളവര്‍ പെട്ടിരിക്കുകയാണ്. ദിലീപ് വിഷയത്തില്‍ താരത്തിന് പിന്തുണയുമായ് എത്തിയവരില്‍ ഒരാളാണ് നിര്‍മാതാവ് സുരേഷ് കുമാര്‍.
ദിലീപ് കേസില്‍ കാവ്യക്ക് പങ്കുണ്ടോ? താരസംഘടനയായ അമ്മ പിരിച്ചുവിടണം, തല’മൂത്ത’ നടന്മാര്‍ ഇപ്പോഴും അഭിനയിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. ഇതിനെല്ലാം ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് കുമാര്‍.
സോഷ്യല്‍ മീഡിയകളില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അടച്ചാക്ഷേപിക്കുന്ന പോസ്റ്റുകള്‍ വരുന്നുണ്ട്. അവരുടെ പ്രായമായിരുന്നു ഇത്തരക്കാര്‍ക്ക് പ്രശ്നം. 65 വയസ്സായ നടനാണ് മമ്മൂട്ടിയെന്ന് വരെ പറഞ്ഞു. ഇങ്ങനെ പറയുന്ന മലയാളികള്‍ക്ക് വിവേകമില്ലേ എന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. എന്തിനാണ് പ്രായത്തെ കുറ്റപ്പെടുത്തുന്നത്. ഒരു നടന് എത്ര വയസ്സായാലും മരണം വരെ അഭിനയിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്ന് നിര്‍മാതാവ് പറയുന്നു. അഭിനയത്തിന് പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും താരം പറയുന്നു.
ദിലീപ് വിഷയത്തില്‍ താരത്തെ വിറ്റ് കാശാക്കുകയായിരുന്നു ചാനലുകാര്‍ ചെയ്തത്. ചര്‍ച്ചകള്‍ വരെ അതിനുദാഹരണമാണ്. സമൂഹത്തിന് വേണ്ടി എത്രയോ നല്ല കാര്യങ്ങള്‍ ദിലീപ് ചെയ്തിട്ടുണ്ട്. അതൊന്നും ആരും കാണുന്നില്ല. ഒരു ബ്ലാക്മാര്‍ക്ക് വീണപ്പോള്‍ അതൊരു വലിയ കാര്യമാക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും സുരേഷ് കുമാര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു.
ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വെറുതേവിട്ടില്ല. വ്യക്തിപരമായ പല കാര്യങ്ങളും ചികഞ്ഞുകൊണ്ടു വന്നു. ഭാര്യയെപ്പറ്റി, അമ്മയെപ്പറ്റി, മകളെപ്പറ്റി...അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ പലരും പറഞ്ഞു. ഇതാണോ മലയാളികളുടെ സംസ്കാരമെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.