Select Your Language

Notifications

webdunia
webdunia
webdunia
webdunia

മര്യാദകേടും അപമാനവും, ഹിന്ദി കാഞ്ചനയെ കൈവിട്ട് ലോറന്‍സ്

കാഞ്ചന ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബ് ഫസ്റ്റ് ലുക്ക് അക്ഷയ് കുമാര്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്റെ അപ്രതീക്ഷിത പിന്‍മാറ്റം.

മര്യാദകേടും അപമാനവും, ഹിന്ദി കാഞ്ചനയെ കൈവിട്ട് ലോറന്‍സ്
, തിങ്കള്‍, 20 മെയ് 2019 (11:07 IST)
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നടനുമായ രാഘവേന്ദ്ര ലോറന്‍സ് കാഞ്ചന ഹിന്ദി റീമേക്കില്‍ നിന്ന് പിന്‍മാറി. കാഞ്ചന ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബ് ഫസ്റ്റ് ലുക്ക് അക്ഷയ് കുമാര്‍ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്റെ അപ്രതീക്ഷിത പിന്‍മാറ്റം. ഇതിനു പിന്നാലെ പ്രതികരണവുമായി ലോറൻസ് രംഗത്ത് എത്തിയിട്ടുണ്ട്. പിന്‍മാറാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോള്‍ പറയാനാകുന്നതല്ല, നിരവധി കാരണങ്ങളുണ്ട്. പരസ്പര ബഹുമാനവും മര്യാദയും ഇല്ലാത്ത ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്നാണ് ലോറന്‍സ് വ്യക്തമാക്കുന്നത്.
 
ബഹുമാനം കിട്ടാത്ത വീടുകളിലേക്ക് കയറരുതെന്ന് തമിഴിലൊരു ചൊല്ലുണ്ട്. പണത്തെക്കാളും പ്രശസ്തിയെക്കാളും വലുതാണ് ഈ ലോകത്ത് ആത്മാമിഭാനം. ലക്ഷ്മി ബോംബ് എന്ന പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയാണ്. എന്താണ് കാരണമെന്ന് ഇവിടെ വിശദീകരിക്കുന്നില്ല. നിരവധി കാരണങ്ങളുണ്ട്. എന്നോട് ആലോചിക്കാതെയും എന്നെ അറിയിക്കാതെയുമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മറ്റുള്ളവരിലൂടെ ഇതൊക്കെ അറിയേണ്ടി വരുന്നത് വേദനാജനകമാണ്. അപമാനിക്കപ്പെട്ടുവെന്നും നിരാശപ്പെടുത്തിയെന്നും എനിക്ക് തോന്നി. പോസ്റ്റര്‍ ഡിസൈനിലും ഞാന്‍ തൃപ്തനല്ല. മറ്റൊരു സംവിധായകനും ഇത് സംഭവിക്കരുത് എന്നാണ് ലോറൻസ് പ്രതികരിച്ചത്.
 
 
സിനിമയ്ക്ക് വേണ്ടി വേറെ കരാറുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ സ്‌ക്രിപ്ട് തിരികെയെടുക്കുകയാണെന്നും ലോറന്‍സ്. പ്രൊഫഷണല്‍ സമീപനം ഇല്ലാത്തതിനാല്‍ ഈ സിനിമ ചെയ്യുന്നില്ല. അക്ഷയ്കുമാറിനോട് വ്യക്തിപരമായി ബഹുമാനമുള്ളതിനാല്‍ അദ്ദേഹത്തിന് വേണ്ടി സ്‌ക്രിപ്ട് നല്‍കാന്‍ തയ്യാറാണ്. വേറെ സംവിധായകരെ വച്ച് അവരുടെ ആഗ്രഹം പോലെ സിനിമ ചെയ്യട്ടെ എന്നും രാഘവേന്ദ്ര ലോറന്‍സ്. സ്‌ക്രിപ്ട് നല്‍കാന്‍ അക്ഷയ്കുമാറിനെ ഉടന്‍ കാണുമെന്നും ലോറന്‍സ്. സിനിമ വലിയ വിജയമാകട്ടേ എന്ന ആശംസയും ലോറന്‍സിന്റെ കുറിപ്പിലുണ്ട്.
 
അക്ഷയ്കുമാറിനെ കൂടാതെ കിയര അദ്വാനി, തുഷാര്‍ കപൂര്‍ എന്നിവരാണ് ലക്ഷ്മി ബോംബിലെ നായികമാര്‍. അക്ഷയ് സ്ത്രീ വേഷത്തിലെത്തുന്ന ചിത്രവുമാണ് ലക്ഷ്മി ബോംബ്. ശരത്കുമാറിനെയും റായി ലക്ഷ്മിയെയും കേന്ദ്രകഥാപാത്രമാക്കി ലോറന്‍സ് തമിഴില്‍ ചെയ്ത കാഞ്ചന വന്‍ വിജയമായിരുന്നു. തമിഴിലും തെലുങ്കിലുമായി ലോറന്‍സ് ചെയ്ത തുടര്‍ഭാഗങ്ങളും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ടു. ഹൊറര്‍ കോമഡി ചിത്രമായിരുന്നു കാഞ്ചന.
 
ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിനൊപ്പം എ കേപ്പ് ഓഫ് ഗുഡ് ഫിലിംസ്, തുഷാര്‍ എന്റര്‍ടെയിന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ബോളിവുഡ് റീമേക്ക് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാനാണ് ആലോചന. കാഞ്ചന തുടര്‍ഭാഗങ്ങളില്‍ ലോറന്‍സ് ആണ് കേന്ദ്രകഥാപാത്രമായെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബന്റെ പോക്കറ്റടി പിടിച്ച മമ്മൂട്ടി! - വൈറൽ കമന്റ്