Publish Date: Tue, 30 Jun 2020 (17:58 IST)
Updated Date: Tue, 30 Jun 2020 (18:01 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. സിബിഐ സീരീസിലെ അവസാനത്തെ സിനിമയായ ഇതിലും സേതുരാമയ്യരുടെ വിശ്വസ്തനായ സബോർഡിനേറ്റ് ചാക്കോയായി മുകേഷും ഡിവൈഎസ്‌പി സത്യദാസ് എന്ന കഥാപാത്രവുമായി സായികുമാറും വീണ്ടും എത്തുമെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി.
മുമ്പ് പുറത്തിറങ്ങിയ നാലു സിബിഐ സിനിമകളിലും മുകേഷ് ഉണ്ടായിരുന്നു. ആദ്യഭാഗമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പിൽ' ചാക്കോ ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു. മറ്റ് മൂന്ന് ചിത്രങ്ങളിൽ അദ്ദേഹം സിബിഐ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു.
സായികുമാര്‍ അവതരിപ്പിക്കുന്ന സത്യദാസ് എന്ന കഥാപാത്രം നടൻ സുകുമാരന്‍ അവതരിപ്പിച്ച ദേവദാസ് എന്ന കഥാപാത്രത്തിന്റെ മകനാണ്. സിബിഐ പരമ്പരയിലെ മൂന്നാമത്തെ സിനിമ മുതലാണ് സായ് കുമാർ എത്തിയത്. മമ്മൂട്ടി, സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ്എൻ സ്വാമി എന്നിവർ മൂവരും ഒന്നിക്കുമ്പോൾ മലയാള സിനിമ പ്രേമികൾക്ക് പ്രതീക്ഷയ്‌ക്ക് വകയുണ്ട്.