ബജറ്റിന്‍റെ കാര്യത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തുതന്നെ ചര്‍ച്ചാവിഷയം. 75 കോടി ബജറ്റില്‍ ‘ഒടിയന്‍’ ഒരുങ്ങുമ്പോള്‍ 300 കോടിയാണ് കുഞ്ഞാലിമരയ്ക്കാരുടെ ബജറ്റ്. രണ്ടാമൂഴമാകട്ടെ 1000 കോടി മുടക്കി നിര്‍മ്മിക്കുന്നു.
ഇത്രയും വലിയ ബജറ്റ് സിനിമകളില്‍ നായകനാകുന്ന ഒരേയൊരു ഇന്ത്യന്‍ നടന്‍ ഇന്ന് മോഹന്‍ലാല്‍ മാത്രമാണ്. ഹിന്ദിയിലെ സല്‍മാന്‍ ഖാനോ തെലുങ്കിലെ ചിരഞ്ജീവിക്കോ തമിഴിലെ രജനികാന്തിനോ ഇത്രയും വലിയ സിനിമകള്‍ തുടര്‍ച്ചയായി സംഭവിക്കുന്നില്ല.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുഞ്ഞാലിമരയ്ക്കാര്‍ 300 കോടി മുടക്കി നിര്‍മ്മിക്കുന്നത് സന്തോഷ് ടി കുരുവിള എന്ന നിര്‍മ്മാതാവാണ്. ഇദ്ദേഹം തന്നെയാണ് മോഹന്‍ലാല്‍ - അജോയ് വര്‍മ കൂട്ടുകെട്ടിന്‍റെ ത്രില്ലര്‍ സിനിമ നിര്‍മ്മിക്കുന്നതും,. അതിന്‍റെയും ബജറ്റ് 50 കോടിയോളമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുക. ഒടിയന്‍ ക്രിസ്മസിനോ ജനുവരി ആദ്യമോ പ്രദര്‍ശനത്തിനെത്തും. അത് ഇന്ത്യന്‍ സ്ക്രീനിലെ ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും. അതിനുശേഷം ഉടന്‍ തന്നെ രണ്ടാമൂഴത്തിന്‍റെ ജോലികള്‍ ആരംഭിക്കുകയാണ്.
ഇതിനിടയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും ചിത്രീകരണം ആരംഭിക്കും. 50 കോടിയോളമാണ് അതിന്‍റെ ബജറ്റ് പ്രതീക്ഷിക്കുന്നത്.