ജോമോന്റെ സുവിശേഷങ്ങള്‍ - നിരൂപണം
ജോമോന്റെ സുവിശേഷങ്ങള്‍ - ഗംഭീര സിനിമ, അന്തിക്കാട് ഫുള്‍ഫോമില്‍ !
ഒരുപാട് പ്രതീക്ഷകളുടെ ഭാരമുണ്ട് ഇത്തവണത്തെ സത്യന് അന്തിക്കാട് ചിത്രത്തിന്. ദുല്‍ക്കര്‍ സല്മാന് ആദ്യമായി അഭിനയിക്കുന്ന സത്യന് അന്തിക്കാട് സിനിമ എന്നതുതന്നെ പ്രധാനം. സമര കോലാഹലങ്ങളുടെ നിരാശകള്‍ക്കൊടുവില്‍ ആദ്യമെത്തുന്ന ചിത്രം എന്നത് മറ്റൊരുകാരണം. പ്രേമം നായിക അനുപമ പരമേശ്വരന് നായികയാവുന്ന ചിത്രം എന്നത് മറ്റൊന്ന്.
പ്രതീക്ഷകള്‍ ഏറുമ്പോഴും പലപ്പോഴും നിരാശപ്പെടുത്താത്ത സംവിധായകനാണ് സത്യന് അന്തിക്കാട്. ഇത്തവണയും നിരാശപ്പെടുത്തുന്നില്ല. ജോമോന്റെ സുവിശേഷങ്ങള്‍ ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. ഏവരെയും രസിപ്പിക്കുന്ന ഫീല്‍ ഗുഡ് മൂവിയാണ്.
കുറച്ചുനാള്‍ മുമ്പ് വിനീത് ശ്രീനിവാസന് നമുക്ക് സമ്മാനിച്ച ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ മറന്നിട്ടുണ്ടാവില്ലല്ലോ. ഏതാണ്ട് അതേപോലെ സംതൃപ്തി തരുന്ന ചിത്രമാണ് ഈ സത്യന് സിനിമയും. വിന്‍സന്റ് എന്ന ബിസിനസുകാരന്റെ വേഷത്തിലാണ് മുകേഷ്. വിഭാര്യനായ അദ്ദേഹത്തിന് നാലുമക്കളാണ്. മുത്തുമണിയും വിനു മോഹനും ദുല്‍ക്കര്‍ സല്‍മാനും രസ്ന പവിത്രനും മക്കളായി വരുന്നു.
സത്യന് അന്തിക്കാട് വിനോദയാത്രയിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലും മറ്റും അവതരിപ്പിച്ചിട്ടുള്ള ആ അലസപുത്രന്റെ പുതിയ പതിപ്പാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന ജോമോന്. അപ്രതീക്ഷിതമായി വിന്‍സെന്റിന്റെ ബിസിനസിലുണ്ടാകുന്ന തിരിച്ചടിയെ ജോമോനും വിന്‍സെന്റും എങ്ങനെ നേരിടുന്നുവെന്നും മറികടക്കുന്നു എന്നും പറയുകയാണ് ജോമോന്റെ സുവിശേഷങ്ങള്‍.
വിനോദയാത്രയിലെ ദിലീപിനെയോ വീട്ടുകാര്യങ്ങളിലെ ജയറാമിനെയോ പക്ഷേ അനുസ്മരിപ്പിക്കുന്നതല്ല ദുല്‍ക്കറിന്റെ ഈ സിനിമയിലെ പ്രകടനം. ഒരു നടന് എന്ന നിലയില്‍ പുതുമകണ്ടെത്താന്‍ നടത്തിയ കഠിനാദ്ധ്വാനം ജോമോനെ ഒന്നാന്തരമാക്കുന്നതില്‍ ദുല്‍ക്കറിനെ സഹായിച്ചു.
സമീപകാലത്ത് മുകേഷ് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് വിന്‍സെന്റ്. മറ്റ് താരങ്ങളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ഐശ്വര്യ രാജേഷ്, മുത്തുമണി, ശിവജി ഗുരുവായൂര്‍ എന്നിവര്‍ പിന്നെയും ഓര്‍ത്തിരിക്കത്തക്ക പ്രകടനമാണ് നല്‍കിയത്. തമിഴ് നടന് മനോബാല(ഐശ്വര്യ അവതരിപ്പിക്കുന്ന വൈദേഹിയുടെ അച്ഛന് കഥാപാത്രം), ഇന്നസെന്റ്, ഇന്ദു തമ്പി തുടങ്ങിയവരുടെ സാന്നിധ്യം ഈ സിനിമയെ പുതിയ ഒരു തലത്തിലെത്തിക്കുന്നു.
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് ജോമോന്റെ സുവിശേഷങ്ങളുടെ തിരക്കഥ. സാധാരണ കണ്ടുവരുന്നത് ഇക്ബാലിന്റെ ചിത്രങ്ങളുടെ രണ്ടാം പകുതി പാളിപ്പോകുന്നതാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, വിക്രമാദിത്യന് തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ജോമോന്റെ സുവിശേഷങ്ങളില്‍ കാണുന്നത് പുതുമകളൊന്നുമില്ലാത്ത ഒരു കഥയുടെ ലാളിത്യവും രസകരവുമായ തിരക്കഥാവിഷ്കാരമാണ്.
സത്യന് അന്തിക്കാട് പതിവുപോലെ തിളങ്ങിനിന്നു. ചെറിയ ചില ഡയലോഗുകള്‍ക്ക് വരെ സിനിമാശാലയില്‍ കൈയടി കണ്ടെത്തുന്ന ആ ശൈലി ഈ സിനിമയിലും തുടര്‍ന്നു. കുടുംബചിത്രങ്ങള്‍ ഒരുക്കാന്‍ തന്നേക്കാള്‍ മികവ് മറ്റാര്‍ക്കുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
എസ് കുമാറിന്റെ ഛായാഗ്രഹണവും വിദ്യാസാഗറിന്റെ ഛായാഗ്രഹണവും കെ രാജഗോപാലിന്റെ എഡിറ്റിംഗും ഈ സിനിമയെ ഒരു ക്വാളിറ്റി പ്രൊഡക്ടാക്കി. നോക്കി നോക്കി, നീലാകാശം എന്നീ ഗാനങ്ങള്‍ മനോഹരമാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ സുന്ദരം.