Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയറ്ററിലേക്ക് 'ജാവോ'; ക്ലാസും മാസുമായി മെഗാസ്റ്റാര്‍, സ്‌റ്റൈലിഷ് മേക്കിങ്ങില്‍ വീണ്ടും ഞെട്ടിച്ച് അമല്‍ നീരദ്

തിയറ്ററിലേക്ക് 'ജാവോ'; ക്ലാസും മാസുമായി മെഗാസ്റ്റാര്‍, സ്‌റ്റൈലിഷ് മേക്കിങ്ങില്‍ വീണ്ടും ഞെട്ടിച്ച് അമല്‍ നീരദ്
, വ്യാഴം, 3 മാര്‍ച്ച് 2022 (12:15 IST)
Beeshma Parvam Review: ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉറപ്പായും തിയറ്ററുകളില്‍ കാണേണ്ട സിനിമാ അനുഭവമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ മറ്റൊരു സ്റ്റൈലിഷ് സിനിമയാണ് മലയാളത്തില്‍ പിറന്നിരിക്കുന്നത്. ഊഹിക്കാവുന്ന കഥാപരിസരങ്ങളിലൂടെ സിനിമ നീങ്ങുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്നത് അമല്‍ നീരദ് എന്ന ക്രാഫ്റ്റ്മാന്റെ അടുക്കും ചിട്ടയുമുള്ള സ്റ്റൈലിഷ് മേക്കിങ്ങാണ്. 
 
ഫാമിലി ഡ്രാമയില്‍ നിന്ന് പക്കാ റിവഞ്ച് ഡ്രാമയിലേക്കുള്ള ട്രാക്ക് മാറ്റമാണ് ഭീഷ്മ പര്‍വ്വത്തെ തിയറ്ററുകളില്‍ മികച്ച സിനിമാ അനുഭവമാക്കുന്നത്. കൊച്ചിയിലെ അതിപുരാതനമായ അഞ്ഞൂറ്റി കുടുംബവും ആ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവുമുള്ള മൈക്കിളും സിനിമയുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ആ കുടുംബത്തിനുള്ളില്‍ തന്നെ അധികാര ശ്രേണിയില്‍ രണ്ട് വ്യത്യസ്ത ചേരികള്‍ രൂപപ്പെടുന്നു. അവര്‍ക്കിടയിലെ പടലപിണക്കങ്ങളും അതിന്റെ ഭൂതകാലത്തിലുള്ള പ്രതികാര കഥകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം കൊണ്ട് സ്‌ക്രീന്‍ പകര്‍ത്തിയിരിക്കുകയാണ് അമല്‍ നീരദ്. 
 
ആദ്യ പകുതിയുടെ ആദ്യ 30 മിനിറ്റില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നത് മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ്. അമല്‍ നീരദ്, അന്‍വര്‍ റഷീദ് തുടങ്ങിയവരുടെ ഫ്രെയ്മുകളിലേക്ക് എത്തുമ്പോള്‍ മമ്മൂട്ടിയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഊര്‍ജ്ജവും പ്രസരിപ്പും ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യ പകുതിയില്‍ പ്രേക്ഷകര്‍ക്ക് വിരുന്നാകുന്നു. ആദ്യ പകുതി അരമണിക്കൂര്‍ പിന്നിടുമ്പോള്‍ സിനിമ പതിയെ സ്ലോ പേസിലേക്ക് മാറുന്നുണ്ട്. ക്യാരക്ടര്‍ ഡീറ്റെയ്‌ലിങ്ങിന് വേണ്ടിയെടുക്കുന്ന സമയമാണ് അത്. 
 
രണ്ടാം പകുതി പൂര്‍ണമായും റിവഞ്ച് ഡ്രാമയിലേക്ക് സിനിമ നീങ്ങുന്നു. സൗബിന്‍ ഷാഹിറിന്റെ പ്രകടനമാണ് രണ്ടാം പകുതിയില്‍ എടുത്തുപറയേണ്ടത്. പലപ്പോഴും മമ്മൂട്ടിക്കൊപ്പമോ അതിനു മുകളിലോ ഷോ സ്റ്റീലറാകുന്നുണ്ട് രണ്ടാം പകുതിയില്‍ സൗബിന്‍. രണ്ടാം പകുതി ഫാസ്റ്റ് ട്രാക്കിലാകുന്നതോടെ സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്റ്റൈലിഷ് സിനിമയാകുന്നുണ്ട് ഭീഷ്മ പര്‍വ്വം. 
 
സുശിന്‍ ശ്യാമിന്റെ സംഗീതമാണ് സിനിമയുടെ നട്ടെല്ല്. സിനിമ എല്ലാ അര്‍ത്ഥത്തിലും ഒരു തിയറ്റര്‍ അനുഭവമാകുന്നത് സുശിന്റെ പശ്ചാത്തല സംഗീതത്തിന്റെ ക്വാളിറ്റി കൊണ്ട് കൂടിയാണ്. 
 
റേറ്റിങ്: 3.5/5 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ്-2 അത്ഭുതപ്പെടുത്തി, റിലീസിന് മുമ്പേ ചിത്രം കണ്ട് പൃഥ്വിരാജ്