Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bougainvillea Review: മറവികളുടെ ഇരുട്ടില്‍ വെളിച്ചമാകുന്ന 'ബോഗയ്ന്‍വില്ല'; മടുപ്പിക്കുന്നില്ല 'റീത്തുവിന്റെ ലോകം'

Bougainvillea Movie Review: ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിനെ ആസ്പദമാക്കിയാണ് അമല്‍ നീരദ് 'ബോഗയ്ന്‍വില്ല' ഒരുക്കിയിരിക്കുന്നത്

Bougainvillea Movie Review

Nelvin Gok

, വെള്ളി, 18 ഒക്‌ടോബര്‍ 2024 (10:30 IST)
Bougainvillea Movie Review

[email protected] 
Bougainvillea Review: 'ഞാന്‍ ഈ കഥാപാത്രം ചെയ്തില്ലെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കുമെന്ന് ഒരുഘട്ടത്തില്‍ അമല്‍ എന്നെ ഭീഷണിപ്പെടുത്തി' ബോഗയ്ന്‍വില്ലയിലെ റീത്തു എന്ന കഥാപാത്രത്തെ കുറിച്ച് ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ജ്യോതിര്‍മയി പറഞ്ഞതാണ്. ജ്യോതിര്‍മയിയുടെ ജീവിതപങ്കാളി കൂടിയായ അമല്‍ നീരദ് സംവിധാനം ചെയ്ത 'ബോഗയ്ന്‍വില്ല' കണ്ടിറങ്ങിയപ്പോള്‍ സിനിമയിലെ പ്രധാന കഥാപാത്രമായ റീത്തു തന്നെയാണ് തിയറ്ററിനു പുറത്തേക്കും ഒപ്പം കൂടിയത്. ഏകദേശം പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജ്യോതിര്‍മയി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. അടിമുടി സങ്കീര്‍ണമായ ബോഗയ്ന്‍വില്ലയിലെ റീത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കുള്ള തിരിച്ചുവരവ് എത്രത്തോളം മികച്ചതാക്കാന്‍ സാധിക്കുമെന്ന ആശങ്ക ജ്യോതിര്‍മയിക്ക് ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാകും ഷൂട്ടിങ് ആരംഭിക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ പോലും 'ഇത് ഞാന്‍ തന്നെ ചെയ്യണോ' എന്ന് ജ്യോതിര്‍മയി അമലിനോടു സന്ദേഹപ്പെട്ടത്.

എന്നാല്‍ 'ക്ലാസ് ഈസ് പെര്‍മനന്റ്' എന്നു പറയുംകണക്ക് അമല്‍ മനസ്സില്‍ കണ്ട റീത്തുവിനെ അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി ജ്യോതിര്‍മയി ക്യാമറയ്ക്കു മുന്നില്‍ പകര്‍ന്നാടി. ആകെത്തുകയില്‍ 'ബോഗയ്ന്‍വില്ല' മടുപ്പിക്കാത്ത ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ്‌ ആകുമ്പോഴും അതിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നത് ജ്യോതിര്‍മയിയുടെ പെര്‍ഫോമന്‍സ് ആണ്. 
 
ഭാര്യാഭര്‍ത്താക്കന്മാരായ റോയിസും (കുഞ്ചാക്കോ ബോബന്‍), റീത്തുവും (ജ്യോതിര്‍മയി) എട്ട് വര്‍ഷം മുന്‍പ് ഒരു കാര്‍ അപകടത്തില്‍പ്പെടുന്നതില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഈ അപകടത്തോടെ റീത്തുവില്‍ റിട്രോഗ്രേഡ്, ആന്‍ഡ്രോഗ്രേഡ് അംനേഷ്യയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. തലച്ചോറിനേല്‍ക്കുന്ന ആഘാതത്തില്‍ മുന്‍പ് നടന്ന കാര്യങ്ങള്‍ മറന്നുപോകുന്ന അവസ്ഥയാണ് റിട്രോഗ്രേഡ് അംനേഷ്യയെങ്കില്‍ പുതിയ കാര്യങ്ങള്‍ ഓര്‍മയില്‍ വയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ആന്‍ഡ്രോഗ്രേഡ് അംനേഷ്യ. റീത്തുവിന്റെ ഓര്‍മകളും മറവികളുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ബോഗയ്ന്‍വില്ല' എന്ന അമല്‍ നീരദ് ചിത്രം. സ്വന്തം പേര് പോലും ഓര്‍ക്കാന്‍ കഴിയാത്ത നിസഹായ അവസ്ഥയില്‍ റീത്തു നില്‍ക്കുമ്പോള്‍ തകര്‍ന്നുപോകാന്‍ അനുവദിക്കാതെ ഒപ്പം നില്‍ക്കുന്നത് ഭര്‍ത്താവ് റോയിസ് ആണ്. വീട്ടുജോലിക്കാരിയ രമയാണ് (സ്രിന്റ) റീത്തുവിന്റെ മറ്റൊരു ആശ്വാസവും ആലംബവും. ഇടുക്കിയിലെ ഹൈറേഞ്ചില്‍ ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന റോയിസിനേയും റീത്തുവിനേയും തേടി എസിപി ഡേവിഡ് കോശിയും (ഫഹദ് ഫാസില്‍) സംഘവും എത്തുന്നു. കുട്ടിക്കാനത്തെ ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡേവിഡ് കോശിയെ അവിടെ എത്തിക്കുന്നത്. ഈ കേസിന്റെ ചുരുളഴിക്കാന്‍ റീത്തുവിന്റെ 'മറവി'കള്‍ക്ക് സാധിക്കുമെങ്കിലോ? 

webdunia
Bougainvillea
 
ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിനെ ആസ്പദമാക്കിയാണ് അമല്‍ നീരദ് 'ബോഗയ്ന്‍വില്ല' ഒരുക്കിയിരിക്കുന്നത്. ലാജോ ജോസിനൊപ്പം അമല്‍ നീരദ് കൂടി ചേര്‍ന്നാണ് തിരക്കഥ. നോവലിന്റെ സിനോപ്സിസ് അറിയുന്നതുകൊണ്ട് തന്നെ ഒരു സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവമുള്ള സിനിമയല്ല പ്രതീക്ഷിച്ചത്. ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയുമല്ല 'ബോഗയ്ന്‍വില്ല'. മറിച്ച് ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. 
 
കഥയുടെ പോക്ക് പ്രവചനീയമാണെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഒരു മിസ്റ്ററി എലമെന്റ് കാത്തുസൂക്ഷിക്കാന്‍ സംവിധായകനു സാധിക്കുന്നുണ്ട്. പതിവ് അമല്‍ നീരദ് സിനിമകളെ പോലെയല്ല 'ബോഗയ്ന്‍വില്ല'യുടെ കഥ പറച്ചില്‍. വളരെ സാവധാനം റീത്തു എന്ന കഥാപാത്രത്തിന്റെ ഡീറ്റെയ്ലിങ്ങിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഘടകവും. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ഒരു ടിപ്പിക്കല്‍ അമല്‍ നീരദ് പടത്തിന്റെ സ്വഭാവം കൈവരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ റീത്തുവിന് നല്‍കിയ ക്യാരക്ടര്‍ ഡീറ്റെയ്ലിങ് മറ്റു കഥാപാത്രങ്ങള്‍ക്കൊന്നും ലഭിക്കാതെ വരുന്നിടത്ത് സിനിമയുടെ ഗ്രാഫ് താഴുന്നു. 
 
പ്രതിനായക കഥാപാത്രത്തെ കണ്‍വിന്‍സിങ് ആക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിക്കുന്നില്ല. സൈക്കിക്ക് ആയ കഥാപാത്രത്തിനു അല്‍പ്പം ഡാര്‍ക്ക് ഷെയ്ഡിലുള്ള ഭൂതകാലം നല്‍കാന്‍ വേണ്ടി ഏച്ചുകെട്ടിയ ഫ്‌ളാഷ് ബാക്ക് സീനുകളാണ് രണ്ടാം പകുതിയിലെ പ്രധാന പോരായ്മ. കഥയുടെ പോക്ക് പ്രവചനീയമായിരിക്കെ പ്രതിനായക കഥാപാത്രത്തിന്റെ ഡീറ്റെയ്‌ലിങ്ങില്‍ വരുന്ന അലസ സമീപനവും പല ആവര്‍ത്തി കണ്ടുപരിചരിച്ച ഫ്‌ളാഷ് ബാക്ക് സീനുകളും കല്ലുകടിയാകുന്നു. മാത്രമല്ല 'ഇവനൊക്കെ ഇത്രയേ ഉള്ളൂ' എന്നു പറയിപ്പിച്ചുകൊണ്ട് സ്ത്രീപക്ഷ സിനിമയാക്കാനുള്ള ക്ലൈമാക്‌സിലെ നിര്‍ബന്ധിത ശ്രമവും ഒഴിവാക്കാമായിരുന്നു. അല്ലാതെ തന്നെ ഇതൊരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ്, റീത്തുവെന്ന കഥാപാത്രത്തിലൂടെയാണ് സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്..! 
 
അഭിനേതാക്കളുടെ കാര്യത്തിലേക്കു വന്നാല്‍ മുകളില്‍ പറഞ്ഞ പോരായ്മകളെ മുഴുവന്‍ പിന്നിലേക്ക് മാറ്റിനിര്‍ത്തും വിധം അസാധ്യ പ്രകടനമാണ് ജ്യോതിര്‍മയി നടത്തിയിരിക്കുന്നത്. മറവികളുടെ കാണാക്കയത്തില്‍ പെട്ട് സ്വന്തം വ്യക്തിത്വത്തെ പോലും ഓര്‍ത്തെടുക്കാന്‍ പാടുപെടുന്ന സ്ത്രീയുടെ ദൈന്യതയും നിസഹായതയും ജ്യോതിര്‍മയിയില്‍ ഭദ്രമായിരുന്നു. തിരക്കഥ ഫ്‌ളാറ്റായി പോകുന്ന സാഹചര്യങ്ങളില്‍ പോലും സിനിമയെ ഒറ്റയ്ക്കു ചുമലിലേറ്റി മുന്നോട്ടു കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്തം ജ്യോതിര്‍മയി ഏറ്റെടുക്കുന്നുണ്ട്. എടുത്തുപറയത്തക്ക വ്യത്യസ്തതകള്‍ അവകാശപ്പെടാനില്ലെങ്കിലും റോയിസ് എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബനും മികച്ചതാക്കി. വീണ നന്ദകുമാര്‍, സ്രിന്റ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. തുടക്കത്തിലെ ബില്‍ഡ് അപ്പിനു അനുസരിച്ച് ഫഹദ് ഫാസിലിന്റെ ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ കഥാപാത്രത്തിനു കാര്യമായ റോളൊന്നും സിനിമയിലില്ല. അല്‍പ്പം ദൈര്‍ഘ്യമുള്ള കാമിയോ റോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന എസിപി ഡേവിഡ് കോശിയെ ഫഹദ് ഒട്ടും ബുദ്ധിമുട്ടില്ലാതെ അവതരിപ്പിച്ചു. 


അമല്‍ നീരദ് സിനിമകളുടെ ഏറ്റവും വലിയ പോസിറ്റീവ് ഘടകങ്ങളാണ് പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും. സുഷിന്‍ ശ്യാം തന്റെ പശ്ചാത്തല സംഗീതം കൊണ്ട് ഒരു സിനിമയുടെ കൂടി ഗ്രാഫ് താഴെ വീഴാതെ കാക്കുന്നു. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ഴോണറിനോടു നൂറ് ശതമാനം നീതി പുലര്‍ത്തുന്നതാണ് സുഷിന്റെ പശ്ചാത്തല സംഗീതം. ടൈറ്റില്‍ കാര്‍ഡ് മുതല്‍ പ്രേക്ഷകരെ റീത്തുവിന്റെ മാനസികാവസ്ഥയോടു ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമമാണ് സുഷിന്റെ പശ്ചാത്തല സംഗീതത്തില്‍ കണ്ടത്, ആ ശ്രമം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും മികച്ചതായിരുന്നു. 
 
ബോഗയ്ന്‍വില്ല അമല്‍ നീരദിന്റെ ഏറ്റവും മികച്ച സിനിമയാകുന്നില്ലെങ്കിലും തിയറ്റര്‍ വാച്ച് ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. ദുര്‍ബലമായ തിരക്കഥയെ തന്റെ മേക്കിങ് സ്റ്റൈല്‍ കൊണ്ട് ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആക്കാന്‍ അമലിനു ഒരുപരിധിവരെ സാധിച്ചു. അതിനെല്ലാം പുറമേ ജ്യോതിര്‍മയിയുടെ പെര്‍ഫോമന്‍സ് കാണാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്താലും പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. 
 
Rating : 3/5 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bougainvillea Box Office Collection Day 1: 'നമ്മ പടം താന്‍ പേസണം' സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മികച്ച ആദ്യദിന കളക്ഷന്‍ സ്വന്തമാക്കി 'ബോഗയ്ന്‍വില്ല'