പൃഥ്വിരാജിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായാണ് 'കോള്‍ഡ് കേസ്'. നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത സിനിമ ഒരുപാട് അങ്ങ് തണുത്ത് പോയിയെന്ന് ഒറ്റവാക്കില്‍ പറയാം. ഹൊററും കുറ്റാന്വേഷണവും ചേര്‍ന്ന 'കോള്‍ഡ് കേസ്' പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സസ്‌പെന്‍സ്, ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമായിരിക്കും 'കോള്‍ഡ് കേസ്'. സിനിമയിലെ ഏറ്റവും പോസിറ്റീവായ ഒരു ഘടകം ടൈറ്റില്‍ തന്നെയാണ്. സിനിമ കണ്ടു കഴിഞ്ഞാല്‍ മാത്രമേ എന്തുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഈ ടൈറ്റില്‍ നല്‍കി എന്ന് മനസ്സിലാക്കാന്‍ ആകുകയുള്ളൂ.
എന്താണ് 'കോള്‍ഡ് കേസ്' ?
മീന്‍ പിടുത്തത്തില്‍ ഇടയില്‍ ഒരു തലയോട്ടി കിട്ടുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ ചുരുള്‍ എങ്ങനെ അഴിക്കുന്നു എന്നതുമാണ് സിനിമ.
പൃഥ്വിരാജും അദിതി ബാലനും
സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് വേഷമിടുന്നു.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും സിനിമയിലുണ്ട്. വാലും തുമ്പും ഇല്ലാത്ത കേസ് അന്വേഷണത്തില്‍ ആണ് സത്യജിത്. സമാന്തരമായി അമാനുഷിക ഘടകങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ് മേധാ പത്മജയും. രണ്ട് വ്യത്യസ്ത ട്രാക്കിലൂടെ നീങ്ങുന്ന അന്വേഷണം ഒരു ഘട്ടത്തില്‍ ഒരുമിക്കും. ത്രില്ല് മാത്രമല്ല ഹൊറര്‍ സീനുകളിലൂടെ പ്രേക്ഷകരെ പേടിപ്പിക്കുന്നമുണ്ട് സിനിമ.
പെട്ടെന്ന് അവസാനിച്ചോ എന്ന തോന്നല്‍
ഒട്ടേറെ സാധ്യതകള്‍ ഉണ്ടായിരുന്ന സിനിമ പെട്ടെന്ന് അവസാനിച്ചോ എന്നൊരു തോന്നല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാകും. അവസാനത്തെ അരമണിക്കൂറില്‍ സിനിമ അല്പം പതറുന്നുണ്ട്.
അനില്‍ നെടുമങ്ങാടിന്റെ കഥാപാത്രം
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അനില്‍ യാത്രയായത്. അദ്ദേഹത്തിന്റെ ശബ്ദം മറ്റൊരാളാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.സിഐ സിയാദിലൂടെ ശ്രദ്ധേയമായ പ്രകടനം തന്നെ കാഴ്ചവെച്ചു.
താര നിര
ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ആത്മ രാജന്‍, സുചിത്ര പിള്ള, പൂജ മോഹന്‍രാജ്, രവി കൃഷ്ണന്‍, അലന്‍സിയര്‍, മാല പാര്‍വതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കോവിഡ് കാലത്തെ പരിമിതികളെ അവര്‍ മറികടന്നു എന്നുവേണം മനസ്സിലാക്കാന്‍. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.