Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോര്‍ജ്ജുകുട്ടിയുടെ കരണത്തൊന്ന് കൊടുക്കാന്‍ തോന്നും - ദൃശ്യം 2നെക്കുറിച്ച് ഇനിയെന്ത് പറയാന്‍ !

webdunia

അനില അഗസ്റ്റിന്‍

വെള്ളി, 19 ഫെബ്രുവരി 2021 (12:05 IST)
'ഓഗസ്റ്റ് 2ന് ഞാനും കുടുംബവും ധ്യാനത്തിന് പോയിരിക്കുകയായിരുന്നു’ എന്ന് പറയുമ്പോള്‍ ക്ഷോഭവും സങ്കടവും സഹിക്കാനാവാതെ ജോര്‍ജ്ജുകുട്ടിയുടെ മുഖത്താഞ്ഞടിക്കുന്ന ഗീതാ പ്രഭാകറിനെ പ്രേക്ഷക എന്ന നിലയില്‍ ഞാന്‍ പിന്തുണയ്‌ക്കുന്നു. എനിക്ക് ചെയ്യാന്‍ തോന്നിയതാണ് അവര്‍ ചെയ്‌തത്!
 
അയാള്‍ ധ്യാനത്തിനുപോയതിന്‍റെ കള്ളക്കഥ ഇറക്കി വീണ്ടും ഗീതയെയും പൊലീസിനെയും സമൂഹത്തെയും എന്തിന് ആ സിനിമയുടെ മായികവലയത്തിലകപ്പെട്ടുപോയ നമ്മളെയൊക്കെയും പറ്റിക്കാന്‍ തുടങ്ങുകയാണോ എന്ന് ചിന്തിച്ചുപോകുന്നതിന്‍റെ ന്യായമായ പ്രതികരണമാണ് ഗീതയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഗീതാ പ്രഭാകറിന്‍റെയും നമ്മുടെയും മനസിനെ ഒരുപോലെ സ്വാധീനിക്കുന്ന ആ തോന്നലിനെ അങ്ങേയറ്റം ആഴത്തില്‍ അനുഭവവേദ്യമാക്കിയതാണ് ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ മികവ്. ‘ദൃശ്യം 2’ എന്ന സിനിമയുടെ ത്രില്ലര്‍ പോയിന്‍റുകളെ ആവോളം വാഴ്ത്തുന്നതിനിടയില്‍ നമ്മള്‍ കാണാതെ പോയേക്കാവുന്ന മറ്റൊരു കാര്യമുണ്ട്. അസാധാരണമാം വിധം ഇമോഷണല്‍ കണ്ടിന്യുറ്റിയുള്ള ഒരു രണ്ടാം ഭാഗമാണ് ജീത്തു നമുക്ക് സമ്മാനിച്ചിരിക്കുന്നത്.
 
webdunia
ഒരു കൊലപാതകത്തിനും അതിനുശേഷം തന്‍റെ കുടുംബം കടന്നുപോകുന്ന ദുരന്താവസ്ഥകള്‍ക്കും കാരണമാകുന്ന ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന ട്രോമയെ ഏറ്റവും ഉജ്ജ്വലമായി വരച്ചുകാണിച്ചിരിക്കുകയാണ് ദൃശ്യം 2. ഈ സിനിമയില്‍ നമ്മള്‍ അനുതാപത്തോടെ ഒരാളെ ചേര്‍ത്തുപിടിക്കുകയാണെങ്കില്‍ അത് അന്‍‌സിബ അവതരിപ്പിച്ച അഞ്‌ജു എന്ന കഥാപാത്രത്തെയാണ്. അവളുടെ വികാരവിചാരങ്ങളെ നിശബ്‌ദമായ ഒരു നോട്ടത്തിലൂടെ വരെ കണ്‍‌വേ ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു.
 
തന്‍റെ കുടുംബത്തിന് അടുത്ത ഏതെങ്കിലും നിമിഷത്തില്‍ ഒരു വലിയ അപകടം ഉണ്ടായേക്കാമെന്ന് ഭയന്ന് കഴിയുന്ന ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തോടാണ് പിന്നീട് നമ്മള്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുക. അയാള്‍ കാഴ്‌ചവയ്‌ക്കുന്ന ക്രിമിനല്‍ ബുദ്ധിക്കെല്ലാമപ്പുറം അയാളുടെ നിസഹായാവസ്ഥയാണ് ഇതെല്ലാം ചെയ്യിക്കുന്നത് എന്ന തിരിച്ചറിവ് നമ്മളെ കൂടുതല്‍ അസ്വസ്ഥരാക്കും. അയാളുടെ സാഹചര്യത്തില്‍ നമ്മള്‍ എന്തെല്ലാം ചെയ്യുമോ അതെല്ലാം തന്നെയാണ് അയാളും ചെയ്യുന്നത്. സഹതാപവും അനുകമ്പയും ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം തന്നെയാണ് ജോര്‍ജ്ജുകുട്ടി.
 
ഇനിയുമൊരാളോട് നമുക്ക് അടുപ്പം കാണിക്കണമെന്നുണ്ടെങ്കില്‍ അത് തോമസ് ബാസ്റ്റിന്‍ (മുരളി ഗോപി) എന്ന കഥാപാത്രത്തോടാണ്. തന്‍റെ സഹപ്രവര്‍ത്തകയ്‌ക്ക് സംഭവിച്ച ഈ ദാരുണമായ സംഭവത്തില്‍ അയാള്‍ ദുഃഖിതനാണ്. പൊലീസ് സേനയ്‌ക്കുണ്ടായ അപമാനത്തില്‍ അയാള്‍ രോഷാകുലനുമാണ്. ഇതൊരു യുദ്ധമാണെന്ന അയാളുടെ പ്രഖ്യാപനം പോലും എത്രമാത്രം നിസഹായമായ നിമിഷങ്ങളിലൂടെയാണ് അയാളിലെ പൊലീസുകാരന്‍ കടന്നുപോയതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. മുരളി ഗോപി എന്ന നടന്‍റെ പ്രകടനം ദൃശ്യം 2വിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിവിടുന്നു.
 
webdunia
ഒരു സംവിധായകനായത് നന്നായി, ഇദ്ദേഹം ഒരു ക്രിമിനലായിരുന്നെങ്കില്‍ പൊലീസിന് തീരാത്തലവേദനയായേനേ എന്ന അഭിനന്ദനം ജീത്തു ജോസഫിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അത് ജീത്തുവിലെ എഴുത്തുകാരനുള്ള അഭിനന്ദനമാണ്. അത്രമാത്രം കൈയടക്കത്തോടെയാണ് ജീത്തു ദൃശ്യത്തിന് ഒരു തുടര്‍ച്ച സാധ്യമാക്കിയിരിക്കുന്നത്.
 
കിരീടത്തിന് ‘ചെങ്കോല്‍’ എന്ന തുടര്‍ച്ചയെഴുതിയ ശേഷം ലോഹിതദാസ് പറഞ്ഞത് ‘സേതുമാധവന്‍ ഇപ്പോഴനുഭവിക്കുന്ന വൈകാരികാവസ്ഥകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് കിരീടത്തേക്കാള്‍ കൂടുതല്‍ അയാള്‍ക്ക് അനുഭവിക്കാനുണ്ടെന്ന് ബോധ്യമായത്’ എന്നാണ്. ജോര്‍ജ്ജുകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള ചിന്തതന്നെയായിരിക്കും, ‘ദൃശ്യം’ രണ്ടാം ഭാഗത്തിന്‍റെ വാണിജ്യസാധ്യതകളെക്കാള്‍ ജീത്തുവിനെ മുന്നോട്ടുനയിച്ചത് എന്ന് വ്യക്‍തമാകും. മലയാളത്തിലുണ്ടായ ഏറ്റവും ലക്ഷണമൊത്ത രണ്ടാം ഭാഗം തന്നെയാണ് ദൃശ്യം 2 എന്ന് നിസംശയം പറയാം.
 
റേറ്റിംഗ്: 9/10

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ തകര്‍ത്തു','ദൃശ്യം 2'ന് കൈയ്യടിച്ച് ആരാധകര്‍ !