ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജന ഗണ മന' തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടുന്നു. റിലീസ് ദിനം തന്നെ മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റേയും സുരാജിന്റേയും മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. ഇരുവരും മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ്.
കെട്ടുറപ്പുള്ള തിരക്കഥയും മികച്ച സംവിധാനവുമാണ് സിനിമയെ വേറെ ലെവല്‍ ആക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കഥ ആവശ്യപ്പെടുന്ന ട്വിസ്റ്റുകള്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിച്ച് അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
ദുരൂഹമായ ഒരു കൊലപാതകത്തിലൂടെയാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. ഈ കേസ് അന്വേഷിക്കാന്‍ വരുന്നത് സജ്ജന്‍ കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഈ കഥാപാത്രത്തെ സുരാജ് വളരെ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ സുരാജ് നിറഞ്ഞാടുകയാണ്.
രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു.
സംവിധായകന്‍ ഡിജോ ജോസ് ആന്റണി തന്നെയാണ് സിനിമയെ ഇത്രത്തോളം മികച്ചതാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഷാരിസ് മുഹമ്മദിന്റെ കരുത്തുറ്റ തിരക്കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ തന്നെ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഡിജോ. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും മികച്ചുനിന്നു.