Webdunia - Bharat's app for daily news and videos

Install App

Malayalee from India Review: ക്ലാസെടുപ്പല്ല സിനിമ ! ഉപരിവിപ്ലവത്തിനപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്താതെ 'മലയാളി ഫ്രം ഇന്ത്യ'

ഹ്യൂമര്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന താരങ്ങളാണ് നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് ഒരു സിനിമയിലേക്ക് എത്തുമ്പോള്‍ അത് പ്രേക്ഷകരില്‍ ഇരട്ടി പ്രതീക്ഷ സമ്മാനിച്ചിരുന്നു

Nelvin Gok
വ്യാഴം, 2 മെയ് 2024 (11:44 IST)
Malayalee from India Review

Nelvin Gok/nelvin.wilson@webdunia.net
Malayalee from India Review: വന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. മുഴുനീള കോമഡി ചിത്രമാകുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷകളെയെല്ലാം തകിടംമറിക്കുന്ന ടീസറായിരുന്നു ചിത്രത്തിന്റേത്. ആക്ഷേപ ഹാസ്യത്തിനൊപ്പം ശക്തമായ രാഷ്ട്രീയവും സിനിമ പറയുന്നുണ്ടെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആ രാഷ്ട്രീയം പറച്ചില്‍ വെറും ഉപരി വിപ്ലവം മാത്രമായി ഒതുങ്ങിയിരിക്കുകയാണ് സിനിമയില്‍. പലയിടത്തും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന വിധം രാഷ്ട്രീയ ക്ലാസ് ആയി മാറുന്നുണ്ട് സിനിമ. 
 
ഹ്യൂമര്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന താരങ്ങളാണ് നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് ഒരു സിനിമയിലേക്ക് എത്തുമ്പോള്‍ അത് പ്രേക്ഷകരില്‍ ഇരട്ടി പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ ഈ ഡ്രീം കോംബോയെ വേണ്ടവിധം പ്ലേസ് ചെയ്യുന്നതില്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണി പരാജയപ്പെട്ടിരിക്കുന്നു. ചുരുക്കം ചില രംഗങ്ങള്‍ ഒഴിച്ചാല്‍ നിവിന്‍-ധ്യാന്‍ കോംബോ തിയറ്ററില്‍ വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കിയിട്ടില്ല. 
 
കണ്ണൂരിലെ ഒരു നാട്ടിന്‍പുറത്താണ് കഥ നടക്കുന്നത്. ഗോപി എന്ന തൊഴില്‍രഹിതനായ കഥാപാത്രത്തെ നിവിന്‍ പോളിയും ഗോപിയുടെ ആത്മാര്‍ഥ സുഹൃത്തായ മല്‍ഘോഷ് എന്ന കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും അവതരിപ്പിച്ചിരിക്കുന്നു. അല്‍പ്പം മണ്ടത്തരങ്ങളും വിവരക്കേടുമുള്ള കഥാപാത്രത്തിലേക്ക് ആരെ കാസ്റ്റ് ചെയ്യണമെന്ന് സംവിധായകര്‍ ആലോചിക്കുമ്പോള്‍ എല്ലാവരും ഒരേ മനസോടെ ധ്യാന്‍ ശ്രീനിവാസനില്‍ എത്തിച്ചേരുന്നത് യാദൃച്ഛികമല്ല, മനപ്പൂര്‍വ്വം തന്നെയാണ് ! ഇവിടേയും ധ്യാന്‍ ശ്രീനിവാസന്റെ മല്‍ഘോഷിന് പറയത്തക്ക പുരോഗതിയൊന്നുമില്ല. സ്വതസിദ്ധമായ വിവരക്കേടിനൊപ്പം അയാള്‍ ഒരു 'ദേശസ്‌നേഹ പാര്‍ട്ടി'യുടെ അനുകൂലി കൂടിയാണെന്നത് ഡബിള്‍ ഇംപാക്ടാണ് ഉണ്ടാക്കുന്നത്. 
 
അച്ഛാദിന്‍ വരുമെന്നും ദേശസ്‌നേഹികളുടെ പാര്‍ട്ടി കേരളത്തിലും അധികാരത്തിലെത്തിയാല്‍ പണിയെടുക്കാതെ പുട്ടടിക്കാമെന്നും സ്വപ്‌നം കാണുന്ന രണ്ട് പാവം യുവാക്കളാണ് ഗോപിയും മല്‍ഘോഷും. ഇന്ത്യയെന്നാല്‍ ഹിന്ദുസ്ഥാന്‍ ആണെന്നും ഹിന്ദുക്കളുടെ അട്ടിപ്പേറവകാശമാണെന്നും വളരെ നിഷ്‌കളങ്കമായി ചിന്തിക്കുന്ന രണ്ട് പാവം വര്‍ഗീയ വാദികള്‍ക്ക് അവര്‍ പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ വിവരക്കേടിനൊപ്പം സ്വതസിദ്ധമായി ലഭിച്ച വിവരക്കേട് കൂടി ചേരുമ്പോള്‍ ഇരുവരും കൈ വയ്ക്കുന്നതെല്ലാം വന്‍ ദുരന്തങ്ങളാകുന്നു. അങ്ങനെയൊരു ദുരന്തത്തെ തുടര്‍ന്ന് ഗോപി നാട് വിടേണ്ടി വരികയും ഒരു പാക്കിസ്ഥാനിക്കൊപ്പം ജീവിക്കേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. അങ്ങേയറ്റം മുസ്ലിം വിരുദ്ധനും പാക്കിസ്ഥാന്‍ വിരുദ്ധനുമായ ഗോപിക്ക് അവിടെ വെച്ച് യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡിനെ കുറിച്ച് ബോധോദയം ഉണ്ടാകുകയും നന്മകള്‍ മാത്രം പൂത്തുലയുന്ന 'ജിസ് ജോയ് യൂണിവേഴ്‌സി'ലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്യുന്നു. 
 
ന്യൂനപക്ഷങ്ങള്‍ ഏറ്റവും മൃഗീയമായി വേട്ടയാടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. പൊതു തിരഞ്ഞെടുപ്പിലെ പരസ്യ പ്രചരണത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഒരു മറയുമില്ലാതെ ന്യൂനപക്ഷ വിരുദ്ധത പ്രസംഗിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന വിധം ഒരു ക്ഷേത്രത്തിലെ പൂജാ ചടങ്ങിനു പ്രധാനമന്ത്രി മുഖ്യകാര്‍മികനാകുന്നു. മതത്താല്‍ നയിക്കപ്പെടുന്ന ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തെ വിമര്‍ശിക്കാനും തുറന്നുകാട്ടാനും 'മുസ്ലിങ്ങളും അങ്ങനെ തന്നെ' എന്നൊരു ബാലന്‍സിങ് കാര്‍ഡ് പ്രയോഗിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ്. ഈ സിനിമയുടെ ഏറ്റവും വലിയ അശ്ലീലവും അത് തന്നെയാണ്. 'ഇവര്‍ മാത്രമല്ല അവരും അങ്ങനെ തന്നെയാണ്' എന്നൊരു നരേഷന്‍ ഉണ്ടാക്കിയെടുത്താല്‍ പ്രേക്ഷകരെല്ലാം കൈയടിച്ചു പ്രോത്സാഹിപ്പിക്കുമെന്ന അരാഷ്ട്രീയ ചിന്താഗതിയാണ് സംവിധായകനെ ഇങ്ങനെയൊരു പടപ്പിലേക്ക് അടുപ്പിച്ചതെന്ന് വ്യക്തം ! സിനിമ എങ്ങനെ കഥ പറയണമെന്നത് തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ഇതിനെയെല്ലാം മറന്നുകളയാം. അപ്പോഴും മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഒരു ഉപരി വിപ്ലവ പ്രസംഗമാക്കി സ്‌ക്രീനിലേക്ക് കുത്തിക്കയറ്റാനുള്ള സംവിധായകന്റെ ശ്രമത്തെ വിമര്‍ശിക്കാതിരിക്കാന്‍ പറ്റില്ല. ഈ രാഷ്ട്രീയ പ്രസംഗത്തെ അതിഗംഭീരമാക്കിയതില്‍ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനുള്ള പങ്കും എടുത്തുപറയേണ്ടതാണ്...! 
 
ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നതില്‍ തങ്ങള്‍ക്കുള്ള മികവ് നിവിനും ധ്യാനും ഒരു പരിധി വരെ വിജയകരമായി എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ട്. അഭിനയം കൊണ്ട് തൃപ്തിപ്പെടുത്തിയത് മഞ്ജു പിള്ളയും സലിം കുമാറും ഷൈന്‍ ടോം ചാക്കോയുമാണ്. സാഹിബ് എന്ന പാക്കിസ്ഥാനി കഥാപാത്രവും മികച്ചതായിരുന്നു. സമീപകാലത്ത് മഞ്ജു പിള്ള ചെയ്ത എല്ലാ അമ്മ വേഷങ്ങളും വളരെ മികച്ചതായിരുന്നു. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. ഛായാഗ്രഹണം സുദീപ് ഇളമണ്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments