Pavi Caretaker Review: പവിയുടെ തമാശകള്‍ ഏറ്റില്ല ! ഹിറ്റിനായി ദിലീപ് ഇനിയും കാത്തിരിക്കണം; പവി കെയര്‍ ടേക്കര്‍ റിവ്യു
ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ
Pavi Care Taker Review: ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ ടേക്കര്‍ തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയായപ്പോള്‍ ശരാശരി അഭിപ്രായങ്ങള്‍ മാത്രമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഔട്ട്‌ഡേറ്റഡ് ആയ തമാശകളാണ് സിനിമയെ ശരാശരിയില്‍ ഒതുക്കിയതെന്ന് ആദ്യ ഷോ കഴിഞ്ഞ ശേഷം പ്രേക്ഷകര്‍ പ്രതികരിക്കുന്നു. ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ആടുജീവിതം എന്നീ സിനിമകള്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ പവി കെയര്‍ ടേക്കര്‍ ബോക്‌സ്ഓഫീസില്‍ വലിയ വിജയമാകാനും സാധ്യതയില്ല.
'എല്ലാ അര്‍ത്ഥത്തിലും ശരാശരി ചിത്രം. ദിലീപിന്റെ പഴയ മാനറിസങ്ങള്‍ കൊണ്ടുവരാന്‍ കൃത്രിമമായി ചെയ്തു കൂട്ടിയ പല സീനുകളും പ്രേക്ഷകരെ മുഷിപ്പിക്കുന്നു. സെക്കന്‍ഡ് ഹാഫ് മാത്രമാണ് അല്‍പ്പം ഭേദം' അഖില്‍ അനില്‍കുമാര്‍ എന്ന പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചു.
' നാടകീയത കലര്‍ന്ന രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയാത്ത തമാശകളുമാണ് ചിത്രത്തിലുള്ളത്. ദിലീപിന്റെ ചില നേരത്തെ പ്രകടനങ്ങള്‍ മാത്രമാണ് ആശ്വാസം. തിയറ്ററില്‍ വിജയമാകാന്‍ സാധ്യതയില്ല,' മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു. സമീപകാലത്ത് വന്നതില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട ദിലീപ് സിനിമയെന്നാണ് മറ്റു ചില പ്രേക്ഷകരുടെ അഭിപ്രായം.
ദിലീപ് തന്നെയാണ് പവി കെയര്‍ ടേക്കര്‍ നിര്‍മിക്കുന്നത്. രാജേഷ് രാഘവന്റേതാണ് കഥ. ഒരു ഫ്ളാറ്റിന്റെ കെയര്‍ ടേക്കറായാണ് ദിലീപ് വേഷമിടുന്നത്. 2015 ല്‍ റിലീസ് ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ കൂടിയായ വിനീത് കുമാര്‍ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 2022 ല്‍ പുറത്തിറങ്ങിയ ഡിയര്‍ ഫ്രണ്ട് ആണ് വിനീതിന്റെ രണ്ടാമത്തെ ചിത്രം.