രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ഗാനഗന്ധർവ്വൻ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോമഡിയും ത്രില്ലും നിറഞ്ഞ ആദ്യപകുതി പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ്. രമേഷ്, ഹരി എന്നിവരുടെ തിരക്കഥയിൽ പിഷാരടി ഒരുക്കിയിരിക്കുന്നത് മനം നിറയ്ക്കുന്ന ഉല്ലാസിന്റെ ജീവിതകഥയാണ്.
സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കുന്ന സംഘത്തിലെ മെയിൻ പാട്ടുകാരിൽ ഒരാളാണ് ഉല്ലാസ്. മൂന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട് ഒരു പൊലീസ് കേസിൽ ഉല്ലാസ് അകപ്പെടുന്നതോടെ അയാളുടെ ജീവിതവും കഥയും മാറുകയാണ്. സംഭവത്തിൽ ഉല്ലാസിന്റെ പങ്കെന്ത്, ഉല്ലാസിന്റെ ജീവിതത്തിൽ എന്താണിനി സംഭവിക്കുക എന്നാണ് സിനിമ പറയുന്നത്.
അഭിനയ ജീവിതത്തിൽ ഇതാദ്യമായിട്ടാണ് മമ്മൂട്ടി ഒരു മുഴുനീള ഗാനമേള ഗായകനായി അഭിനയിക്കുന്നത്. എല്ലാ സിനിമയും ആദ്യ സിനിമ എന്ന രീതിയിൽ സമീപിക്കുന്ന അദ്ദേഹത്തിന്റെ അഭിനയം അഭിനന്ദനാർഹമാണ്. മികച്ച രീതിയിൽ തന്നെ ഉല്ലാസെന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.
സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീലക്ഷ്മി, വന്ദിത തുടങ്ങി അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ച് നിന്നു. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ച് നിൽക്കുന്നവയാണ്. അഴകപ്പന്റെ ദൃശ്യമനോഹാരിത എടുത്ത് പറയേണ്ടതാണ്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്.