Webdunia - Bharat's app for daily news and videos

Install App

രാജകീയം ! മാമാങ്ക മഹോത്സവം, അതിഗംഭീരമായ വിഷ്വൽ ട്രീറ്റ്; റിവ്യു

എസ് ഹർഷ
വ്യാഴം, 12 ഡിസം‌ബര്‍ 2019 (14:33 IST)
നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ച് മാമാങ്കം. മലയാളത്തിന്റെ തലയെടുപ്പുള്ള ചിത്രം. മമ്മൂട്ടിക്കും ആരാധകർക്കും മാത്രമല്ല, മലയാള സിനിമയ്ക്ക് വരെ എല്ലാ അർത്ഥത്തിലും ഒരു സ്വപ്ന ചിത്രമാണ് മാമാങ്കം. ഒരേ സമയം, മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് കാണിച്ച് തരുന്ന ചിത്രമാണ് മാമാങ്കം. 
 
ആദ്യ പോസ്റ്റർ മുതൽ ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നീട് വിവാദങ്ങളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു ചിത്രം. ഒടുവിൽ പുതുജീവൻ കിട്ടിയത് പോലെയുള്ള ഉയർത്തെഴുന്നേൽപ്പ്. ചരിത്ര കഥാപാത്രങ്ങൾ മറ്റാരേക്കാളും അനായാസേന പ്രതിഫലിപ്പിക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റൊരു നടനുള്ളു എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. 
 
കുടുംബപ്രേക്ഷർക്ക് മനം നിറഞ്ഞ്, അമ്പരപ്പോടെ കണ്ടാസ്വദിക്കാൻ കഴിയുന്ന ആദ്യ പകുതി. തീവ്രവും കാഴ്ചയിൽ ആകർഷകവുമായ ഒരു മാമാങ്കക്കാലം മലയാളികൾക്ക് മുൻപിൽ തുറന്നു വെയ്ക്കപ്പെട്ടിരിക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം അക്ഷരാർത്ഥത്തിൽ മലയാളികളെ അമ്പരപ്പിക്കുന്നതാണ്. ആദ്യപകുതി കഴിയുമ്പോൾ ഒരുതരം മരവിപ്പായിരിക്കും. ഇനിയെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരമെന്നോണമാണ് രണ്ടാം പകുതി കൊട്ടിക്കയറുന്നത്. ക്ലൈമാക്സിലെല്ലാം കത്തിക്കയറുന്ന ഒരു വിഷ്വൽ ട്രീറ്റായി മാമാങ്കം മാറുന്നു. 
 
മാമാങ്കം ഒരു ചരിത്ര സിനിമ തന്നെയാണ്. അതിനു കാരണങ്ങൾ പലതുണ്ട്. മമ്മൂട്ടിയെന്ന അഭിനേതാവിനേക്കാൾ അദ്ദേഹത്തിന്റെ ചാവേറിനെയാണ് നമ്മൾ കാണുക. ഒരു കലാകാരനിൽ നിന്നും യോദ്ധാവിലേക്കുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം അത്രമേൽ സൂഷ്മമാണ്. മുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന ചരിത്ര മഹോത്സവത്തിനു പുറത്തേക്ക് ഒരണുവിട പോലും സിനിമ വ്യതിചലിക്കുന്നില്ല. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. 
 
മുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന പകയുടെ പോരിന്റെ കാലത്തിലേക്കാണ് സിനിമ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. അവരുടെ പോരിന്റെ കാഴ്ചക്കാരാവുകയാണ് നാം. വളരെ പതിഞ്ഞ രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഇമോഷണലി കഥ പറഞ്ഞ് പോകുന്ന ആദ്യപകുതിയെ ക്ലാസെന്ന് നിസംശയം വിശേഷിപ്പിക്കാം. രണ്ടാം പകുതിയിൽ സംവിധായകൻ ഒരുക്കിയിരിക്കുന്നത് ഒരു വിഷ്വൽ ട്രീറ്റ് ആണ്. എഴുത്തിന്റെ മികവും എടുത്ത് പറയേണ്ടതാണ്. 
 
ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് അന്തസ്സ് നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്. അതിലൊന്നാണ് ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടം. 
 
മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി മരണം വരെ പോരാടാൻ തയ്യാറാകുന്ന ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കത്തിനയയ്ക്കുമായിരുന്നു. ലക്ഷ്യം സാമൂതിരിയെ വധിക്കുക എന്നതും. വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തില്‍ പണിക്കര്‍, പുതുമന പണിക്കര്‍, കോവില്‍ക്കാട്ട് പണിക്കര്‍, വേര്‍ക്കോട്ട് പണിക്കര്‍ എന്നീ നാലു പടനായര്‍ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. ഇവരുടെ കഥയാണ് പത്മകുമാർ പറയുന്നത്. 
 
എന്താണ് മാമാങ്കമെന്ന് പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. തീവ്രവും കാഴ്ചയിൽ ആകർഷകവുമായ ഒരു യുദ്ധകാലത്തിലേക്കാണ് മാമാങ്കം നമ്മളെ കൊണ്ടുപോകുന്നത്. സാമൂതിരിക്ക് എതിരെ നടക്കുന്ന യുദ്ധത്തിൽ ഓരോരുത്തരായി മരിച്ച് വീഴുന്നു. അവിടെ നിന്നും ഇരുപത്തിനാല് വർഷം പിന്നോട്ട് ക്യാമറ ചലിക്കുന്നു, കഥയും. ചന്തുണ്ണി എന്ന യുവയോദ്ധാവിന്റെ കഥയാണ് പിന്നീട് നമുക്ക് മുന്നിൽ തുറന്നു കാട്ടപ്പെടുന്നത്. 
 
പതിഞ്ഞ ആദ്യപകുതിയിൽ ഓരോ കഥാപാത്രങ്ങളേയും അച്ചടക്കത്തോടെ അവതരിപ്പിക്കുന്നു. ഇതിന്റെ പൂർണഫലം ലഭിക്കുന്നത് രണ്ടാം പകുതിയിലാണ്. മമ്മൂട്ടിയുടെ സ്ത്രൈണഭാവമുള്ള ലുക്ക് ഏറെ ചർച്ചയായിരുന്നു. ആ സീനിലേക്കുള്ള യാത്ര അതിഗംഭീരമായിരുന്നു.  കൂടെയുള്ള സിദ്ദിഖും തന്റെ ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു. ഉണ്ണി മുകുന്ദനെന്ന നടന്റെ കരിയർ ബെസ്റ്റായിരിക്കും മാമാങ്കമെന്ന് നിസംശയം പറയാം. അത്രമേൽ സൂഷ്മതയോടെയാണ് ഉണ്ണി മുകുന്ദൻ തന്റെ കഥാപാത്രത്തെ അവതരിക്കുന്നത്. ചാവേർ എന്ന അവസാന ലക്ഷ്യത്തിനൊപ്പം സംവിധായകൻ താരത്തിനു ഒരു പ്രണയവും സമ്മാനിക്കുന്നുണ്ട്. 
 
അനു സിതാര, പ്രാചി ടാഹ്ലാൻ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. മാമാങ്കം ഒരു വിസ്മയമാണ്, ഒരു മഹാവിസ്മയം. ടെക്നിക്കൽ ക്വാളിറ്റിയും വളരെ മികച്ചത്. ഇനി എടുത്ത് പറയേണ്ടത് ആക്ഷനാണ്. മമ്മൂട്ടി, പ്രാചി, ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, സുദേവ് നായർ തുടങ്ങിയവരുടെ ആക്ഷൻ രംഗങ്ങൾ ഒന്നിനൊന്ന് മികച്ചതും അതിശയിപ്പിക്കുന്നതുമാണ്. അക്കൂട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് ചന്തുവെന്ന കഥാപാത്ര അവതരിപ്പിച്ച അച്യുതനെന്ന കുട്ടിയാണ്. രണ്ട് വർഷത്തോളമാണ് ഈ മിടുക്കൻ ചിത്രത്തിനായി മാറ്റിവെച്ചത്. ഓരോ സീനും ഓരോ ആക്ഷനും വെറിത്തനമാ ഇരുക്ക്. മലയാള സിനിമയ്ക്ക് ഇനിയും ഒരുപാട് സ്വപ്നം കാണാൻ കൂടെയുള്ള വഴി തുറന്നു നൽകുകയാണ് മാമാങ്കം. 
 
(റേറ്റിംഗ്: 4/5)
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments