ദളപതി വിജയ് നായകനായ 'മാസ്റ്റർ' വിജയ് ആരാധകര്‍ക്കുള്ള ഒരു മാസ് ചിത്രമാണോ ഇത്? അതോ ലോകേഷ് കനകരാജിന്‍റെ ലെവലിലുള്ള ഒരു ക്ലാസ് ചിത്രമാണോ? ഈ സംശയമാണ് മാസ്റ്ററിന് ടിക്കറ്റെടുത്ത ആരെയും ഭരിക്കുന്ന പ്രധാനപ്പെട്ട കാര്യം. ആദ്യം തന്നെ ആ സംശയം തീര്‍ക്കാം. ഇത് വിജയ് ആരാധകര്‍ക്ക് അടിച്ചുപൊളിച്ച് ആഘോഷിക്കാനുള്ള ഒരു ത്രില്ലര്‍ സിനിമയാണ്. ലോകേഷിന്‍റെ മുന്‍ ചിത്രങ്ങളായ മാനഗരം, കൈദി എന്നീ സിനിമകളുടെ ക്ലാസ് കാത്തുസൂക്ഷിക്കാന്‍ സംവിധായകന്‍ ബോധപൂര്‍വ്വം തന്നെ ശ്രമിക്കുന്നില്ല.
കോളേജ് പ്രൊഫസറായ വിജയ് മദ്യത്തിന് അടിമയായതിനാൽ ഭരണകൂടത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് കോളേജ് വിടുകയാണ്. തുടർന്ന് ജുവനൈൽ കറക്ഷണൽ സെന്‍ററുകളില്‍ ഒന്നിന്റെ മാസ്റ്ററായി നിയമിക്കപ്പെടുന്നു. വിദ്യാലയം ഭവാനി(വിജയ് സേതുപതി)യുടെ നിയന്ത്രണത്തിലാണെന്നും ഭവാനി അവിടെയുള്ള ആൺകുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും വിജയ് കണ്ടെത്തുന്നു. വിജയ് സേതുപതിയുടെ നീക്കങ്ങളെ വിജയ് എങ്ങനെയാണ് അടിച്ചമർത്തുന്നത് എന്നതിന്റെ ബാക്കി കഥയാണ് മാസ്റ്റര്‍ പറയുന്നത്.
ജെഡി എന്ന കോളേജ് നായകനായി പതിവുപോലെ മാസ് ഹീറോയായി വിജയ് അഭിനയിക്കുന്നു. കോളേജ് രംഗങ്ങൾ തുടക്കത്തിൽ അൽപ്പം മന്ദഗതിയിലാണെങ്കിലും വിജയ് ശരിയായി സ്കോർ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ജുവനൈല്‍ സെന്‍ററില്‍ എത്തിയതിനുശേഷം അദ്ദേഹത്തിന്റെ മാസ് സീനുകളും ആക്ഷൻ രംഗങ്ങളും അതിന്‍റെ ടോപ് ഗിയറിലെത്തുന്നു.
മാളവിക മോഹനൻ പതിവുപോലെ മരം ചുറ്റി പ്രേമം മാത്രമുള്ള നായിക മാത്രമല്ല, കഥയില്‍ കൃത്യമായ പ്രാധാന്യമുണ്ട് എന്നത് സന്തോഷകരമാണ്. വിജയ്‌ക്ക് ഏതാണ്ട് സമാന്തരമായി പെര്‍ഫോം ചെയ്യുന്ന അഭിനയസാധ്യതകള്‍ ഏറെയുള്ള കഥാപാത്രമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന ഭവാനി. അതുപോലെ അർജുൻ ദാസിന്റെ കഥാപാത്രവും വളരെ ആകർഷണീയമാണ്. ആൻഡ്രിയയും ശന്തനു ഭാഗ്യരാജുമൊക്കെ വന്നുപോകുന്നു എന്നല്ലാതെ കഥയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടില്ല.
സംവിധായകൻ ലോകേഷ് കനഗരാജ് വിജയ് - വിജയ് സേതുപതി രംഗങ്ങളുടെ ബാലന്‍സ് കൃത്യമായി നിലനിര്‍ത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകര്‍ തൃപ്തരാകുമെന്നുറപ്പ്. എന്നിരുന്നാലും, കൈദിയിലും മാനഗരത്തിലുമുള്ള മാജിക് ഈ സിനിമയിൽ കാണുന്നില്ല എന്നത് ഒരു ന്യൂനത തന്നെയാണ്.
അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും നന്നായി. ഛായാഗ്രഹണവും എഡിറ്റിംഗും വലിയ പ്ലസ് ആണ്.