Memories of a Burning Body Review: ലൈംഗികത അടിച്ചമര്‍ത്താനുള്ളതല്ല; പെണ്‍ ഉടലിന്റെ രാഷ്ട്രീയം പറയുന്ന സിനിമ, നിര്‍ബന്ധമായും കാണണം
സ്ത്രീ ലൈംഗികതയെ കുറിച്ച് സിനിമ കൃത്യമായി സംസാരിക്കുന്നുണ്ട്
Memories of a Burning Body
Memories of a Burning Body Review: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'. പേര് സൂചിപ്പിക്കുന്നതു പോലെ ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണിത്. ലൈംഗികതയെ അടിച്ചമര്‍ത്തണമെന്നും രഹസ്യമായി മാത്രം അതേ കുറിച്ച് സംസാരിക്കണമെന്നും തിട്ടൂരമുള്ള യാഥാസ്ഥിക സമൂഹത്തോടു ശക്തമായി സംവദിക്കുകയാണ് അന്റോണെല്ല സുഡസാസി എഴുതി സംവിധാനം ചെയ്ത 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'.
പെണ്‍ ഉടലിന്റെ രാഷ്ട്രീയമാണ് ഈ സിനിമയുടെ പ്രധാന പ്രമേയം. എഴുപതുകളില്‍ ജീവിക്കുന്ന ഒരു സ്ത്രീ തന്റെ പൂര്‍വ്വകാലത്തേക്ക് തിരിഞ്ഞു നോക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഭൂരിഭാഗം സമയവും ഒരു വീടിനുള്ളില്‍ മാത്രമാണ് കഥ നടക്കുന്നത്. കോസ്‌റ്റോ റിക്കന്‍ ചിത്രമായ മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി ഒരു മോണോലോഗ് സ്വഭാവമുള്ള ഡോക്യുമെന്ററി പോലെയാണ് മുന്നോട്ടു പോകുന്നത്. ആദ്യത്തെ 20 മിനിറ്റിനു ശേഷമാണ് സിനിമ കൂടുതല്‍ എന്‍ഗേജിങ് ആകുന്നതും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതും.
സ്ത്രീ ലൈംഗികതയെ കുറിച്ച് സിനിമ കൃത്യമായി സംസാരിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും നല്ല പ്രായത്തില്‍ തനിക്ക് നിഷേധിക്കപ്പെട്ട അനുഭൂതികളെ കുറിച്ചും സമൂഹം പെണ്ണിനു കല്‍പ്പിച്ചിരുന്ന അരുതുകളെ കുറിച്ചും നായിക സംസാരിക്കുന്നത് വലിയ നഷ്ടബോധത്തോടെയാണ്. ജീവിതത്തില്‍ ആദ്യമായി സ്വയംഭോഗം ചെയ്തു ലൈംഗികാനുഭൂതിയുടെ (ഓര്‍ഗാസം) പാരമ്യത്തില്‍ എത്തിയ ഓര്‍മ നായിക പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ വിവാഹശേഷം പങ്കാളിയുമായുള്ള ലൈംഗികവേഴ്ചകളിലൊന്നും അത്രത്തോളം സംതൃപ്തിയും അനുഭൂതിയും ലഭിച്ചിട്ടില്ലെന്ന് നിരാശയോടെ അവള്‍ ഓര്‍ക്കുന്നു. ഇതേ നായികയ്ക്ക് തന്റെ എഴുപതുകളില്‍ വളരെ സന്തോഷകരമായ ഒരു പ്രണയാനുഭവം ഉണ്ടാകുന്നു. എഴുപതുകളില്‍ തന്നെയുള്ള ഒരു പുരുഷനുമായി ഏറെ സന്തോഷത്തോടെ ലൈംഗികത ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
പെണ്‍ ഉടല്‍ അത്ഭുതങ്ങളുടെ കലവറയാണ്. പ്രണയവും രതിയും ഊഷ്മളമായ സൗഹൃദവും ആസ്വദിക്കുന്ന, പങ്കാളിയില്‍ നിന്ന് അതെല്ലാം ആഗ്രഹിക്കുന്ന വിധം ലഭിക്കും തോറും സന്തോഷത്തിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന വലിയൊരു അത്ഭുതം ! അതിനെ പുരുഷന്‍മാര്‍ക്കു മനസിലാക്കി തരാനും ഈ സിനിമയ്ക്കു സാധിക്കുന്നുണ്ട്. ഉള്ളിന്റെയുള്ളില്‍ ഒരു 'പെണ്മ' കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാര്‍ക്ക് ഭംഗിയായി പ്രണയിക്കാനും സ്‌നേഹിക്കാനും കഴിയുമെന്നാണ് പറയുന്നത്. അങ്ങനെയുള്ള പുരുഷന്‍ ഒരു സ്ത്രീക്ക് എത്രത്തോളം വിലപ്പെട്ടവനാണെന്ന് പറഞ്ഞുവയ്ക്കാനും സിനിമയ്ക്ക് പരോക്ഷമായി സാധിക്കുന്നുണ്ട്. സ്ത്രീകള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി'