Webdunia - Bharat's app for daily news and videos

Install App

Pallotty 90's Kids Review: ഭൂതകാലത്തേക്കൊരു തിരിച്ചുപോക്ക്; മനസ് നിറയ്ക്കും 'പല്ലൊട്ടി'

പല്ലൊട്ടിക്ക് ഇവിടങ്ങളിലൊക്കെ 'കമ്മറ് മിഠായി' എന്നൊരു പേരുകൂടിയുണ്ട്. 'ടാറ് മിഠായി' എന്നു വിളിക്കുന്നതും കേട്ടിട്ടുണ്ട്

Nelvin Gok
വ്യാഴം, 31 ഒക്‌ടോബര്‍ 2024 (17:35 IST)
Pallotty 90's Kids Movie Review

nelvin.wilson@webdunia.com
Pallotty 90's Kids Review: ചില സിനിമകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് തോന്നാറില്ലേ 'ഇത് കഴിയാതിരുന്നെങ്കില്‍' എന്ന്. അങ്ങനെയൊരു സുന്ദര സിനിമയാണ് ജിതിന്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത 'പല്ലൊട്ടി 90's Kids.' വെറും ഒന്നര മണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം. പക്ഷേ സിനിമ കഴിഞ്ഞ് ഇറങ്ങിയാലും 'പല്ലൊട്ടി' തുറന്നുവിട്ട ഭൂതകാലകുളിരില്‍ നിന്ന് തിരിച്ചുകയറാന്‍ പ്രയാസമാണ്. പ്രേക്ഷകരുമായി അത്രത്തോളം ഇഴുകിചേരുന്നുണ്ട് ഈ 'കുഞ്ഞു'സിനിമ. 
 
ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസില്‍ പോകാന്‍ അമ്പത് പൈസയായിരുന്നു കണ്‍സഷന്‍ ചാര്‍ജ്. വീടിനു അടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാല്‍ പത്ത് മിനിറ്റിനുള്ളില്‍ സ്‌കൂളിനു മുന്നിലെത്തും. ചിലപ്പോള്‍ ഈ അമ്പത് പൈസ കൊടുക്കാതെ കണ്ടക്ടറെ പറ്റിച്ച് 'അമ്പട ഞാനേ' എന്ന മട്ടില്‍ സ്‌കൂളിനു മുന്നില്‍ ബസ് ഇറങ്ങും. ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്ന് സ്‌കൂള്‍ വരെ നടന്നുപോയി ഈ അമ്പത് പൈസ 'സേവിങ്‌സ്' ആക്കും. സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലും ഇങ്ങനെ അമ്പത് പൈസ ലാഭിക്കാന്‍ കഴിയാവുന്നതിന്റെ പരമാവധി പരിശ്രമിക്കും. ഒടുക്കം വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ഒരാഴ്ചയിലെ അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ ലാഭിച്ച കാശ് കൊണ്ട് മുട്ട പഫ്‌സ് വാങ്ങി കഴിക്കും. അന്ന് മൂന്നരയോ നാലോ രൂപയാണ് പഫ്‌സിന്റെ വില. ഈ ലോകത്തുള്ള സകലമാന ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും രുചികരം എന്റെ കൈയില്‍ ഇരിക്കുന്ന മുട്ട പഫ്‌സിനാണെന്ന് ആ സമയത്ത് തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറെ കൊതിച്ചു കഴിച്ച ആ പഫ്‌സിന്റെ രുചിയെ വീണ്ടും ഓര്‍മപ്പെടുത്തുന്നതായിരുന്നു എനിക്ക് 'പല്ലൊട്ടി' സിനിമ. ഭൂതകാലത്തേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവര്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ സിനിമയ്ക്കു ടിക്കറ്റെടുക്കണം. 
 
എണ്‍പതുകളില്‍ ജനിച്ചവര്‍ക്ക് വരെ അവരുടെ കുട്ടിക്കാലവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ ഒട്ടും അതിശയോക്തി ഇല്ലാതെയും ഹൃദ്യമായും അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ രാജ്. കണ്ണന്‍ ചേട്ടനും ഉണ്ണി ദാമോദരനും തമ്മിലുള്ള നിഷ്‌കളങ്കമായ സൗഹൃദത്തിന്റെ കഥയാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ സിനിമ. കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷും ഉണ്ണിയായി വേഷമിട്ട മാസ്റ്റര്‍ നീരജ് കൃഷ്ണയും സ്‌കൂള്‍ കാലഘട്ടത്തിലെ നമ്മെയോ നമ്മുടെ അടുത്ത സുഹൃത്തുക്കളെയോ ഓര്‍മപ്പെടുത്തിയേക്കാം. അത്രത്തോളം ഗംഭീരമായാണ് ഇരുവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 
Pallotty 90's Kids Movie Review
 
പല്ലൊട്ടിക്ക് ഇവിടങ്ങളിലൊക്കെ 'കമ്മറ് മിഠായി' എന്നൊരു പേരുകൂടിയുണ്ട്. 'ടാറ് മിഠായി' എന്നു വിളിക്കുന്നതും കേട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇരുപത്തിയഞ്ച് പൈസയാണ് പല്ലൊട്ടിക്ക് വില. ഒരു രൂപ കൊടുത്താല്‍ നാല് പല്ലൊട്ടി കിട്ടും. മറ്റു മിഠായികളെ പോലെയല്ല പല്ലൊട്ടി. തുച്ഛമായ പൈസയ്ക്ക് കൂടുതല്‍ സമയം വായിലിട്ട് നുണയാം എന്നതാണ് പല്ലൊട്ടിയെ ജനകീയമാക്കിയത്. ആഞ്ഞൊന്ന് കടിച്ചാല്‍ അണപ്പല്ലില്‍ അതിങ്ങനെ ഒട്ടിയിരിക്കും. മതിയെന്നു കരുതി ഇറക്കാമെന്ന് കരുതിയാലും അത്ര പെട്ടന്നൊന്നും പല്ലൊട്ടി പിടിവിടില്ല. അതുപോലെയാണ് സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മകളും..! പല്ലൊട്ടി പോലെ ഹൃദയത്തിലിങ്ങനെ ഒട്ടിപ്പിടിച്ചു നില്‍ക്കും. മനപ്പൂര്‍വ്വം അവഗണിക്കാന്‍ നോക്കിയാലും അള്ളിപ്പിടിച്ചു നില്‍ക്കുന്നൊരു ഭൂതകാലം. ആ ഭൂതകാലത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും, ആധികളും, നിസഹായതയും, പകരംവയ്ക്കാനില്ലാത്ത സൗഹൃദങ്ങളും ഒന്നര മണിക്കൂര്‍ കൊണ്ട് മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് ഈ സിനിമ. അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടും പോലെ പല്ലൊട്ടിയെ പോലെ 'ചങ്കിലൊട്ടുന്ന' സിനിമ. 
 
ജിതിന്‍ രാജിനൊപ്പം ദീപക് വാസനും ചേര്‍ന്നാണ് പല്ലൊട്ടിയുടെ തിരക്കഥ. നമുക്ക് ഏറെ പരിചിതമായ പശ്ചാത്തലത്തില്‍ നിന്ന് കഥ പറയുമ്പോള്‍ തിരക്കഥയില്‍ അതിശയോക്തി കലരാന്‍ പാടില്ല. തുടക്കം മുതല്‍ ഒടുക്കം ആ ഉത്തമബോധ്യത്തില്‍ നിന്നുകൊണ്ടാണ് ഇരുവരും തിരക്കഥയോടു നീതി പുലര്‍ത്തിയത്. മണികണ്ഠന്‍ അയ്യപ്പയുടെ സംഗീതവും ഷാരോണ്‍ ശ്രീനിവാസന്റെ ഛായാഗ്രഹണവും സിനിമയുടെ മാറ്റ് കൂട്ടി. 
 
പ്രത്യേകിച്ച് ന്യൂനതകളൊന്നും കണ്ടുപിടിക്കാനില്ലാത്ത അഥവാ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ തന്നെ അതിനുനേരെ ചിരിച്ചുകൊണ്ട് കണ്ണടയ്ക്കാന്‍ തോന്നുന്ന വിധം രസകരമായൊരു 'നൊസ്റ്റാള്‍ജിക് റൈഡ്' ആണ് പല്ലൊട്ടി. കണ്ണന്‍ ചേട്ടന്റേയും ഉണ്ണി ദാമോദരന്റേയും ഉജാല വണ്ടിയില്‍ കയറി ഭൂതകാലത്തേക്കൊരു തിരിച്ചുപോക്ക് നടത്തുന്നത് 90's കിഡ്‌സിനു മാത്രമല്ല ഏത് പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും..! 

(2023 ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം അടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് പല്ലൊട്ടി നേടിയത്)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറി ആണെന്ന് സമ്മതിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments