Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലി നാട്ടിലിറങ്ങി, മുരുകൻ വേട്ടക്കും; ഇതൊരു കൊലമാസ് പടം!

മുരുകൻ ഇടഞ്ഞാൽ നരസിംഹമാ... നരസിംഹം!

പുലി നാട്ടിലിറങ്ങി, മുരുകൻ വേട്ടക്കും; ഇതൊരു കൊലമാസ് പടം!

അപര്‍ണ ഷാ

, വെള്ളി, 7 ഒക്‌ടോബര്‍ 2016 (12:02 IST)
ആദ്യത്തെ പതിനഞ്ച് മിനുട്ട് കൊണ്ട് തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമ. അതാണ് പുലിമുരുകൻ. സിനിമയിൽ മോഹൻലാൽ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ഒരേ സമയം, മനുഷ്യരോടും മൃഗത്തിനോടും പൊരുതി ജീവിക്കേണ്ടി വരുന്ന മുരുകന്റെ കഥയാണിത്. കാണികളെ മുൾമുനയിൽ നിർത്താൻ പുലിമുരുകന് സാധിച്ചു.
 
പുലിയും മനുഷ്യനും തമ്മിലുള്ള പ്രതികാരത്തിന്റെ കഥ. കാടിനുള്ളിൽ മുരുകൻ തന്റെ നിലനിൽപ്പിനായി പൊരുതി ജീവിക്കുന്നു. ഓരോന്നിന്റേയും അവസാനം ഒരു ചോദ്യമുണ്ടാകും ഇനിയെന്ത്?. കാഴ്ചയുടെ ആഘോഷമാണ് പുലിമുരുകൻ. പറയാതിരിക്കാനാകില്ല, ഔട്ട്സ്റ്റാൻഡിങ്ങ് ആയ സംഘട്ടനം. ആക്ഷൻ തന്നെയാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുതന്നെയാണ് പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്തുന്നതും.
 
കഥയ്ക്ക് കാമ്പില്ലെങ്കിലും അതിലെ ഓരോ സംഭവങ്ങളും ആകാംഷ ഉണ്ടാക്കുന്നതാണ്. മുരുകനൊത്ത പൊണ്ടാട്ടി, അതാണ് മൈന. കമാലിനി മുഖർജിയാണ് നായിക. തെലുങ്ക് താരം ജഗപതി ബാബുവാണ് വില്ലനായി എത്തുന്നത്. ബലരാമൻ എന്ന കഥാപാത്രമായി ലാലും തിളങ്ങി. സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, ബാല അങ്ങനെ എല്ലാവരും അവരുടെ റോള്‍ നന്നായി ചെയ്തു. ഒപ്പം നമിതയും.  വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ.
 
മനസ്സിനെ മഥിക്കുന്ന കാഴ്ചകളാണ് ചിത്രത്തില്‍ കാണാൻ കഴിയുക. ആക്ഷന് പ്രാധാന്യം നൽകിയപ്പോൾ ഹൈപ് കിട്ടാതെ പോയത് കോമഡിക്കാണ്. മുരുകന്റെ കണ്ണിലെ തീവ്രത ശക്തമാണ്. പീറ്റര്‍ ഹെയ്ൻ എന്ന ആക്ഷൻ ഡയറക്ടറെ മലയാളികൾ ഇനി ഒരിക്കലും മറക്കില്ല. ഈ വർഷത്തേക്ക് മാത്രമല്ല, എക്കാലവും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കും ഓരോ സംഘട്ടനരംഗങ്ങളും. അത്രയ്ക്ക് സൂഷ്മമായിരുന്നു ഓരോ സീനും. പീറ്റർ ഹെയ്ന് ഒരു സല്യൂട്ട്. എന്നാൽ, ചില സീനുകള്‍ ദീര്‍ഘമായി തോന്നിയെങ്കിലും ആകെ മൊത്തം ഒരു കൊലമാസ് പടം.
 
ടോമിച്ചൻ മുളകുപാടത്തിന്റെ നിർമാണത്തിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദർശനം രാവിലെ എട്ട് മണിക്കായിരുന്നു. തിയറ്ററുകള്‍ ഉത്സവപ്പറമ്പിന് സമാനമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് പല സീനുകളും ചിത്രീകരിച്ചതെന്ന് സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ വാർത്തയായിരുന്നു. സിനിമ കാണുമ്പോൾ അത് മനസ്സിലാകുകയും ചെയ്യും. അത്ഭുതമെന്ന് ചിലപ്പോൾ തോന്നും. ഏതായാലും സിനിമക്ക് പിന്നിൽ കൈകോർത്ത എല്ലാവരുടെയും പ്രയത്നത്തിന്റേയും ബുദ്ധിമുട്ടുകളുടെയും ഫലമാണ് ഈ സിനിമ. 
 
ക്യാമറ, എഡിറ്റിങ്, ബി ജി എം ഇത് പറഞ്ഞറിയിക്കാൻ കഴിയില്ല. മൊത്തത്തിൽ ഒരു വിഷ്വൽ എഫക്ട് തന്നെ. ഇത്രയും ഹൈപ്പിൽ വന്നിട്ട് ഇത്രയും കിടിലം പടം മുമ്പ് വന്നിട്ടില്ല. ഫാൻസിന് മാത്രമല്ല, കുടുംബപ്രേക്ഷകർക്കും ഇഷ്ടപെടും ഈ പുലിമുരുകനെ. ധൈര്യപൂർവ്വം പുലിമുരുകന് ടിക്കറ്റെടുക്കാം. പൈസ പോകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവണപ്രഭു ആകാന്‍ പുലിമുരുകന്‍ !