Select Your Language

Notifications

webdunia
webdunia
webdunia
webdunia

Turbo Movie Review: മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ 'പഞ്ച്'; തിയറ്ററുകളില്‍ ടര്‍ബോ ജോസിന്റെ ഇടിപ്പെരുന്നാള്‍ !

ആദ്യ പകുതി കേരളത്തില്‍ നടക്കുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെ പറഞ്ഞു പോകുമ്പോള്‍ രണ്ടാം പകുതി പൂര്‍ണമായും ചെന്നൈയിലാണ്

Turbo Movie Review

രേണുക വേണു

, വ്യാഴം, 23 മെയ് 2024 (15:15 IST)
Turbo Movie Review

Turbo Movie Review: 'ഇടിയോടിടി' തരാമെന്നാണ് ടര്‍ബോ റിലീസിന് മുന്‍പ് ആരാധകര്‍ക്ക് മമ്മൂട്ടി കൊടുത്ത വാക്ക്. മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ടര്‍ബോയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം 'ഇടിയോടിടി പടം'. ശരാശരി നിലവാരമുള്ള ഒരു കഥയേയും തിരക്കഥയേയും മേക്കിങ് മികവുകൊണ്ട് വൈശാഖും സൂപ്പര്‍സ്റ്റാര്‍ മാനിഫിസ്റ്റേഷന്‍ കൊണ്ട് മമ്മൂട്ടിയും 'പാന്‍ ഇന്ത്യന്‍' നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. അഞ്ചാമത്തെ ചിത്രത്തിലൂടെ മിനിമം ഗ്യാരണ്ടി പ്രൊഡക്ഷന്‍ ഹൗസാണ് തങ്ങളെന്ന് മമ്മൂട്ടിക്കമ്പനിയും അരക്കിട്ടുറപ്പിക്കുന്നു.
 
ഇടുക്കിക്കാരനായ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നിഷ്‌കളങ്കനും എന്നാല്‍ എടുത്തുച്ചാട്ടക്കാരനുമായ ജോസ് കൈ വയ്ക്കുന്നതെല്ലാം പൊല്ലാപ്പുകള്‍ ആകുന്നു. എവിടെ ചെന്നാലും ജോസ് വക ഒരു ഇടി ഉറപ്പാണ്. ജോസിന് ആകെ പേടിയുള്ള അമ്മ റോസക്കുട്ടിയെ മാത്രമാണ്. വേറെ ആര് എതിരു വന്നാലും അയാള്‍ ആന കരിമ്പിന്‍ക്കാട്ടില്‍ കയറിയ പോലെ അഴിഞ്ഞാടും. അമ്മച്ചിയെ പോലെ തന്നെ ജോസ് ഏറെ വാത്സല്യത്തോടെ കാണുന്ന നാട്ടിലെ സുഹൃത്തുക്കളുണ്ട്. അവരെ സ്വന്തം സഹോദരങ്ങളെ പോലെയാണ് ജോസ് കാണുന്നത്. അവര്‍ക്കൊരു പ്രശ്‌നമുണ്ടായാല്‍ അത് ജോസിന്റേയും പ്രശ്‌നമാണ്. സ്വന്തം ജീവന്‍ പണയം വെച്ചും അവര്‍ക്കായി ജോസ് ഇറങ്ങിത്തിരിക്കും. സഹോദരനെ പോലെ കാണുന്ന ജെറിക്ക് വേണ്ടി ജോസ് ഇറങ്ങി തിരിക്കുന്നതും പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് ആദ്യ പകുതിയുടെ പ്രധാന പ്രമേയം. 

webdunia
Turbo Review - Mammootty
 
ആദ്യ പകുതി കേരളത്തില്‍ നടക്കുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെ പറഞ്ഞു പോകുമ്പോള്‍ രണ്ടാം പകുതി പൂര്‍ണമായും ചെന്നൈയിലാണ്. ജെറിയുടേയും കാമുകി ഇന്ദുലേഖയുടേയും പ്രൊഫഷണല്‍ മേഖലയില്‍ ഉണ്ടാകുന്ന ഗൗരവകരമായ തട്ടിപ്പും ഇതേ തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗജനകമായ കാര്യങ്ങളുമാണ് രണ്ടാം പകുതി. 
 
സിറ്റ്വേഷണല്‍ കോമഡി രംഗങ്ങളും ചില ഫൈറ്റ് രംഗങ്ങളുമാണ് ആദ്യ പകുതിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ബിന്ദു പണിക്കരാണ് മമ്മൂട്ടിയുടെ അമ്മ റോസക്കുട്ടിയായി അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആദ്യ പകുതിയെ എന്‍ഗേജിങ് ആക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടാം പകുതിയിലാണ് സിനിമ കത്തിക്കയറുന്നത്. രാജ് ബി ഷെട്ടിയുടെ വെട്രിവേല്‍ ഷണ്‍മുഖ സുന്ദരം എന്ന ശക്തനായ വില്ലന്‍ കഥാപാത്രത്തെ ഇടുക്കിക്കാരനായ ടര്‍ബോ ജോസ് എങ്ങനെ മറികടക്കുമെന്ന ആകാംക്ഷ പ്രേക്ഷകരില്‍ ജനിക്കുന്നു. പിന്നീടുള്ള ഓരോ രംഗങ്ങളും നൂറ് ശതമാനം സാങ്കേതിക തികവില്‍ സ്‌ക്രീനില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ വൈശാഖ് വിജയിച്ചിരിക്കുന്നു. 
 
മലയാളത്തിനൊരു 'ചിന്ന വിക്രം' കിട്ടിയിരിക്കുന്നു എന്ന് അവകാശപ്പെടാന്‍ പാകത്തിനാണ് ടര്‍ബോയിലെ ഫൈറ്റ് രംഗങ്ങളെല്ലാം. അവസാന 45 മിനിറ്റിലെ ക്വാളിറ്റി മേക്കിങ് സിനിമയുടെ വിധിയെഴുതുകയാണ്. വൈശാഖിന്റെ മേക്കിങ് മികവിനൊപ്പം മമ്മൂട്ടിയെന്ന താരത്തിന്റെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് കൂടിയാകുമ്പോള്‍ 2024 ലെ മികച്ചൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സിലേക്ക് ടര്‍ബോ ഗിയര്‍ മാറ്റുന്നു. പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റുകളില്‍ 'ഈ വയസാം കാലത്ത് എന്നെ കുറേ പണിയെടുപ്പിട്ടുണ്ട്' എന്ന് വൈശാഖിനെ നോക്കി മമ്മൂട്ടി പറയുമ്പോള്‍ പലരും അതൊരു അതിശയോക്തിയായി മാത്രമാണ് കണ്ടത്. എന്നാല്‍ സിനിമ കണ്ട് തിയറ്റര്‍ വിടുമ്പോള്‍ പ്രേക്ഷകരുടെ ആ ധാരണയൊക്കെ മാറും. തന്നിലെ താരത്തെ മാത്രമല്ല അഭിനേതാവിനേയും മമ്മൂട്ടി അനായാസം ടര്‍ബോ ജോസിലേക്ക് ആവാഹിക്കുന്നുണ്ട്. തന്റെ കുട്ടിക്കാലത്തുണ്ടായ ദുരന്തത്തെ കുറിച്ച് മമ്മൂട്ടി വിവരിക്കുന്ന ഒരൊറ്റ സീന്‍ മതി അതിനു ഉദാഹരണമായി. വോയ്‌സ് മോഡുലേഷനിലെ കൃത്യത കൊണ്ടാണ് ആ സീനിന്റെ ഇംപാക്ട് പ്രേക്ഷകരില്‍ എത്തിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചത്. 
 
രാജ് ബി ഷെട്ടിയുടെ വില്ലന്‍ വേഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ടര്‍ബോ ചര്‍ച്ചയാകാന്‍ ഒരു കാരണമായിട്ടുണ്ട്. സൈക്കോപ്പാത്തായ ഒരു വില്ലനെ വളരെ മികച്ചതാക്കാന്‍ രാജ് ബി ഷെട്ടിക്ക് സാധിച്ചു. ഓട്ടോ ബില്ലയെന്ന രസികന്‍ കഥാപാത്രത്തെ സുനില്‍ അവതരിപ്പിച്ചിരിക്കുന്നു. അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ, അലക്‌സാണ്ടര്‍ പ്രശാന്ത്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

webdunia
Turbo - Mammootty
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥ ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ ക്വാളിറ്റി മേക്കിങ് കൊണ്ട് സംവിധായകന്‍ വൈശാഖ് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. ക്രിസ്റ്റ്യോ സേവ്യറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഴോണറിനോട് നൂറ് ശതമാനം നീതി പുലര്‍ത്തി. വിഷ്ണു ശര്‍മയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. 
 
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനുള്ളതെല്ലാം ടര്‍ബോയില്‍ ഉണ്ട്. കുടുംബസമേതം ഒരു തട്ടുപ്പൊളിപ്പന്‍ എന്റര്‍ടെയ്‌നര്‍ കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ ധൈര്യമായി ടര്‍ബോയ്ക്ക് ടിക്കറ്റെടുക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഡാന്‍സുമായി രശ്മിക മന്ദാന,പുഷ്പ 2യിലെ ആ ഗാനം എത്തുന്നു, അപ്‌ഡേറ്റ്