Webdunia - Bharat's app for daily news and videos

Install App

Ullozhukku Movie Review: പ്രേക്ഷകരെ ശ്വാസം മുട്ടിക്കുന്ന 'ഉള്ളൊഴുക്ക്'; ഇത് മനുഷ്യരുടെ കഥ, ഉര്‍വശിയും പാര്‍വതിയും ഇഞ്ചോടിഞ്ച്

ലീലാമ്മയും അഞ്ജുവും കേവലം കഥാപാത്രങ്ങള്‍ മാത്രമല്ല, ഈ സമൂഹത്തിലെ സ്ത്രീ ജീവിതങ്ങളുടെ പരിച്ഛേദമാണ്

Nelvin Gok
ശനി, 22 ജൂണ്‍ 2024 (12:07 IST)
Ullozhukku Movie Review, ഉള്ളൊഴുക്ക് റിവ്യു

Nelvin Gok / nelvin.wilson@webdunia.net 
Ullozhukku Movie Review: സങ്കീര്‍ണതകളുടെ കുത്തൊഴുക്കില്‍പ്പെട്ട് ശരിതെറ്റുകളെ ഇഴപിരിച്ചെടുക്കാന്‍ പാടുപെടുന്ന മനുഷ്യരുടെ കഥയാണ് 'ഉള്ളൊഴുക്ക്'. ലീലാമ്മയും അഞ്ജുവും മുതല്‍ വളരെ കുറഞ്ഞ സീനുകളില്‍ വന്നുപോകുന്ന സിസ്റ്റര്‍ ആന്റി എന്ന കഥാപാത്രം വരെ പ്രേക്ഷകരെ മാനസികമായി കൊളുത്തി വലിക്കുന്നുണ്ട്. 'ഈ പെണ്ണുങ്ങളെയെല്ലാം ഞാന്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ' എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നിടത്താണ് ക്രിസ്റ്റോ ടോമിയെന്ന സംവിധായകനും തിരക്കഥാകൃത്തും പൂര്‍ണമായി വിജയിക്കുന്നത്. 2018 ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ ക്രിസ്റ്റോ ടോമി ഒന്നാം സ്ഥാനം നേടിയത് 'ഉള്ളൊഴുക്ക്' തിരക്കഥയിലൂടെയാണ്. ആ തിരക്കഥ സിനിമയാകാന്‍ ആറ് വര്‍ഷത്തോളം എടുത്തെങ്കിലും മനുഷ്യര്‍ കടന്നുപോകുന്ന സങ്കീര്‍ണതകള്‍ക്ക് ആറ് വര്‍ഷം മുന്‍പെന്നോ ആറ് വര്‍ഷം പിന്‍പെന്നോ വ്യത്യാസമില്ലല്ലോ...! 
 
കുട്ടനാട് പശ്ചാത്തലമായാണ് സിനിമ കഥ പറയുന്നത്. ലീലാമ്മയുടെ മകന്‍ തോമസുക്കുട്ടി വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയാണ് അഞ്ജു. ലീലാമ്മയിലൂടെയും അഞ്ജുവിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. ലീലാമ്മയായി ഉര്‍വശിയും അഞ്ജുവായി പാര്‍വതി തിരുവോത്തും അഭിനയിച്ചിരിക്കുന്നു. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഉള്ളൊഴുക്കിലേതെന്ന് നിസംശയം പറയാം. കഥാപാത്രത്തിന്റെ വൈകാരിക വിക്ഷോഭങ്ങളെ പ്രേക്ഷകരുമായി കമ്യൂണിക്കേറ്റ് ചെയ്യിക്കുന്നതില്‍ ഇരുവരും 'ഇഞ്ചോടിഞ്ച്' പ്രകടനമാണ് നടത്തിയിരിക്കുന്നത്. 
 
ലീലാമ്മയും അഞ്ജുവും കേവലം കഥാപാത്രങ്ങള്‍ മാത്രമല്ല, ഈ സമൂഹത്തിലെ സ്ത്രീ ജീവിതങ്ങളുടെ പരിച്ഛേദമാണ്. ഈ കഥാപാത്രങ്ങളുടെ ശരിതെറ്റുകളുടെ 'സംഘട്ടനമാണ്' സിനിമയില്‍ ഉടനീളം കാണുന്നത്. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റ് ആകുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന കണ്‍ഫ്യൂഷന്‍ പ്രേക്ഷകരിലും ഉടലെടുക്കുന്നു. കാരണം ഈ കഥാപാത്രങ്ങള്‍ കടന്നുപോകുന്ന ജീവിതാവസ്ഥകളില്‍ നമ്മളായിരുന്നെങ്കിലോ എന്ന് ചിന്തിക്കുമ്പോള്‍ അവരുടെ പ്രവൃത്തികളിലെ ശരിതെറ്റുകളെ വിചാരണ ചെയ്യാതെ അനുകമ്പയോടെ അവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ തോന്നും..! കഥാപാത്രങ്ങളുടെ ശരിതെറ്റുകളെ നിര്‍വചിക്കാന്‍ തുനിയും തോറും ഉള്ളൊഴുക്കില്‍ പെട്ട് ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് പ്രേക്ഷകര്‍ എത്തുന്നുമുണ്ട്..! 

Ullozhukku Movie Review, ഉള്ളൊഴുക്ക് റിവ്യു
 
Ullozhukku Movie Malayalam Review: മഴയൊന്ന് തിമിര്‍ത്ത് പെയ്താല്‍ വെള്ളത്തിനടിയില്‍ ആകുന്ന കുട്ടനാട് ഈ സിനിമയില്‍ ഒരു കഥാപാത്രമാണ്. മഴയും വെള്ളപ്പൊക്കവും കുട്ടനാടിനേയും അവിടുത്തെ ജനജീവിതത്തേയും എത്രത്തോളം ദുസഹമാക്കുന്നുണ്ടെന്ന് സംവിധായകന്‍ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. സംവിധായകന്റെ അമ്മ വീട് കുട്ടനാട്ടിലാണ്. 2005 ല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയത്താണ് തന്റെ അച്ചാച്ചന്‍ (അമ്മയുടെ പിതാവ്) മരിച്ചതെന്ന് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞിരുന്നു. അച്ചാച്ചന്റെ മൃതദേഹവുമായി എട്ട് ഒന്‍പത് ദിവസങ്ങള്‍ വെള്ളം ഇറങ്ങുന്നതിനായി കാത്തിരിക്കേണ്ട വന്ന അനുഭവത്തില്‍ നിന്നാണ് ക്രിസ്റ്റോ 'ഉള്ളൊഴുക്ക്' എന്ന കഥ എഴുതാന്‍ ആരംഭിക്കുന്നത്. തന്റെ ചുറ്റിലും കാണുന്ന മനുഷ്യരെ കഥാപാത്രങ്ങളുമാക്കി..! സിനിമ കണ്ടിറങ്ങുമ്പോള്‍ ക്രിസ്റ്റോയുടെ മാത്രമല്ല നമ്മുടെ ചുറ്റിലും ഈ മനുഷ്യരെല്ലാം ഉണ്ടല്ലോ എന്ന് നെടുവീര്‍പ്പോടെ നാം ഓര്‍ക്കും...! 
 
ഒരല്‍പ്പം ലൗഡ് ആയി പോയിരുന്നെങ്കില്‍ അമിതാഭിനയമെന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന കഥാപാത്രമാണ് ഉര്‍വശി അവതരിപ്പിച്ച ലീലാമ്മ. നിലവില്‍ മലയാളത്തില്‍ ഈ കഥാപാത്രത്തെ ഇത്രയും പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു അഭിനേത്രിയില്ല. ചില നോട്ടങ്ങള്‍ കൊണ്ട് പോലും കഥാപാത്രത്തിന്റെ ചിന്തകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഉര്‍വശി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ഉര്‍വശിക്കൊപ്പം മത്സരിച്ചഭനയിക്കുന്ന പാര്‍വതിയേയും കാണാം. സിനിമകളുടെ എണ്ണത്തിലല്ല, ആഴത്തിലുള്ള കഥാപാത്രങ്ങള്‍ പെര്‍ഫക്ഷനോടെ ചെയ്യുന്നതിലാണ് ഒരു അഭിനേത്രിയെ അടയാളപ്പെടുത്തേണ്ടതെന്ന് ഒരിക്കല്‍ കൂടി പാര്‍വതി തെളിയിച്ചു. പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയ കുറുപ്പ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. 
 


കനത്ത മഴയത്ത് മുട്ടോളം വെള്ളത്തില്‍ നടക്കുമ്പോള്‍ ചെറിയൊരു അസ്വസ്ഥത തോന്നാറില്ലേ? ആ വെള്ളം അരയോളം എത്തുമ്പോള്‍ അസ്വസ്ഥതയും നെഞ്ചിടിപ്പും തോന്നും. അതങ്ങ് കഴുത്തോളം എത്തുമ്പോള്‍ നെഞ്ചിടിപ്പ് ഉയരും. മഴ തോര്‍ന്ന് വെള്ളം ഇറങ്ങുമ്പോള്‍ നെഞ്ചിടിപ്പ് താഴ്ന്ന് ശാന്തരാകാന്‍ തുടങ്ങും. അതുപോലെയാണ് ഉള്ളൊഴുക്കിന് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നത്. ഇങ്ങനെയൊരു സിനിമയില്‍ പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യിപ്പിക്കണമെങ്കില്‍ മികച്ച പശ്ചാത്തല സംഗീതം ആവശ്യമാണ്. പശ്ചാത്തല സംഗീതത്തെ കുട്ടനാട് പോലെ മറ്റൊരു നിര്‍ണായക കഥാപാത്രമാക്കി മാറ്റിയിരിക്കുന്നു സുഷിന്‍. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തേയും കഥാപാത്രങ്ങള്‍ മുഖത്ത് പ്രകടമാക്കുന്ന ജീവിതത്തിലെ ഉള്ളൊഴുക്കുകളേയും 'വെള്ളം ചേര്‍ക്കാതെ' സ്‌ക്രീനില്‍ എത്തിച്ചതില്‍ ഛായാഗ്രഹകന്‍ ഷെഹ്നാദ് ജലാലും കൈയടികള്‍ അര്‍ഹിക്കുന്നു. 
 
ദീനം മാറിയാല്‍ കന്യാസ്ത്രീയാക്കാമെന്ന് കുടുംബം നേര്‍ച്ച നേര്‍ന്നതുകൊണ്ട് ഒറ്റപ്പെട്ട തുരുത്തായി ജീവിക്കേണ്ടി വരുന്ന സിസ്റ്റര്‍ ആന്റി എന്നൊരു കഥാപാത്രം ഈ സിനിമയിലുണ്ട്. സംഭാഷണങ്ങള്‍ വളരെ കുറച്ച് മാത്രമാണ് ഉള്ളത്. പലരുടെയും ചോദ്യങ്ങള്‍ക്കും സംസാരങ്ങള്‍ക്കും മുന്നില്‍ അവര്‍ നിശബ്ദയായി നില്‍ക്കുന്നതും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കുന്നതും കാണാം. എന്നിട്ട് പോലും ആ കഥാപാത്രത്തോട് പോലും ഇമോഷണലി കണക്ട് ആകാനും അവര്‍ കടന്നുപോകുന്ന ജീവിതത്തിലെ ഉള്ളൊഴുക്കുകളെ മനസിലാക്കാനും പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട്. സിനിമയിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ എല്ലാ കഥാപാത്രങ്ങളോടും ഐക്യപ്പെട്ടു നില്‍ക്കാന്‍ തോന്നുന്നിടത്താണ് 'ഉള്ളൊഴുക്ക്' പൂര്‍ണതയിലെത്തുന്നതും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആകുന്നതും..! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments