Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെകെയുടെ വില്ലത്തരം നിങ്ങളെ നടുക്കും, അപ്രതീക്ഷിത വഴികളിലൂടെ അങ്കിള്‍; വിസ്മയിപ്പിച്ച് മമ്മൂട്ടി - അങ്കിള്‍ ആദ്യ റിവ്യൂ

അങ്കിള്‍: ആദ്യ റിവ്യൂ; മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം, അസാധാരണ സിനിമ!

കെകെയുടെ വില്ലത്തരം നിങ്ങളെ നടുക്കും, അപ്രതീക്ഷിത വഴികളിലൂടെ അങ്കിള്‍; വിസ്മയിപ്പിച്ച് മമ്മൂട്ടി - അങ്കിള്‍ ആദ്യ റിവ്യൂ
, വെള്ളി, 27 ഏപ്രില്‍ 2018 (15:43 IST)
സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ക്ക് ആഹ്ലാദകരമായ നടുക്കം സൃഷ്ടിക്കാന്‍ കഴിയും. അത്തരം കഥകള്‍ വലിയ വിജയങ്ങളാകാറുണ്ട്. നന്ദനം, ദൃശ്യം തുടങ്ങിയ സിനിമകള്‍ ആ ഗണത്തില്‍ പെട്ടവയാണ്. മമ്മൂട്ടി നായകനായ ‘അങ്കിള്‍’ ആണ് ആ ആഹ്ലാദവും നടുക്കവും നമ്മില്‍ ഉണര്‍ത്തുന്ന പുതിയ ചിത്രം.
 
നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ ജോയ് മാത്യുവിന്‍റേതാണ്. കഥ കേട്ടപ്പോള്‍ പ്രതിഫലം പോലും കാര്യമാക്കാതെ ഈ സിനിമയില്‍ കെകെ എന്ന കൃഷ്ണകുമാറിനെ അവതരിപ്പിക്കാന്‍ ആവേശത്തോടെ മമ്മൂട്ടി എത്തുകയായിരുന്നു. ആ ആവേശത്തിന്‍റെ കാരണം സിനിമ അവസാനിക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നു. മമ്മൂട്ടിയുടെ കരിയറില്‍ ഇതുപോലെ ഒരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടില്ല. വല്ലപ്പോഴും മലയാള സിനിമയ്ക്ക് ലഭിക്കുന്ന മാണിക്യമാണ് അങ്കിള്‍ എന്ന് പറയാന്‍ രണ്ടാവര്‍ത്തി ആലോചിക്കേണ്ടതില്ല. 
 
webdunia
‘ആണുങ്ങള്‍ ആണുങ്ങള്‍ തന്നെയാണ്, അവര്‍ക്ക് എത്ര പ്രായമുണ്ട് എന്നത് വിഷയമല്ല’ എന്ന പൊതുധാരണയെ അടിസ്ഥാനമാക്കിയാണ് അങ്കിള്‍ എന്ന സിനിമ മുന്നോട്ടുപോകുന്നത്. ആ പൊതുധാരണ തകര്‍ക്കപ്പെടുമോ എന്നതാണ് സിനിമയുടെ അവിചാരിതമായ ഗതിമാറ്റങ്ങളില്‍ നിന്ന് കണ്ടെത്തേണ്ടത്. മമ്മൂട്ടി ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു മികച്ച ചിത്രം തന്നെയാണ് ജോയ് മാത്യു എഴുതിയിരിക്കുന്നത്.
 
കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഊട്ടിയില്‍ ഒരു ഹര്‍ത്താല്‍ ദിവസം അവിചാരിതമായി വഴിയില്‍ കുടുങ്ങിപ്പോകുകയാണ് വിജയന്‍റെ (ജോയ് മാത്യു) മകള്‍ ശ്രുതി(കാര്‍ത്തിക മുരളീധരന്‍). കോഴിക്കോട്ടേക്ക് ഒരു ബിസിനസ് ട്രിപ്പിന് പോകുമ്പോള്‍ ആ വഴി വരുന്ന കൃഷ്ണകുമാര്‍ (മമ്മൂട്ടി) നിസഹായയായി നില്‍ക്കുന്ന ശ്രുതിക്ക് ഒരു ലിഫ്റ്റ് ഓഫര്‍ ചെയ്യുന്നു. വിജയന്‍റെ സുഹൃത്തുകൂടിയാണ് കൃഷ്ണകുമാര്‍. അങ്ങനെ കൃഷ്ണകുമാറിന്‍റെ കാറില്‍ ശ്രുതി കോഴിക്കോട്ടേക്ക് യാത്രതിരിക്കുകയാണ്. ആണുങ്ങളെപ്പോഴും ആണുങ്ങള്‍ തന്നെയാണെന്ന സാമാന്യചിന്ത വച്ച് തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെ എങ്ങനെ നിര്‍വചിക്കാം? അങ്കിള്‍ അപ്രതീക്ഷിതമായ വഴിത്താരകളിലേക്ക് പ്രവേശിക്കുകയാണ്. 
 
webdunia
കൃഷ്ണകുമാറായി മമ്മൂട്ടി ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മനുഷ്യമനസിന്‍റെ വ്യത്യസ്തമായ യാത്രകളെയാണ് ചിത്രം വരച്ചുകാട്ടുന്നത്. ഈ സിനിമയിലെ പ്രകടനം മമ്മൂട്ടി എന്ന നടന് വലിയ പുരസ്കാരങ്ങള്‍ നേടിക്കൊടുത്താല്‍ അതില്‍ അതിശയിക്കേണ്ടതില്ല. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് കെ‌കെ. നായിക കാര്‍ത്തിക മുരളീധരന്‍ മലയാള സിനിമയ്ക്ക് വലിയ വാഗ്ദാനമാണ്. ശ്രുതി എന്ന കഥാപാത്രം സഞ്ചരിക്കുന്ന വൈവിധ്യമാര്‍ന്ന മാനസികാവസ്ഥകളിലൂടെ കാര്‍ത്തിക അനായാസമാണ് കടന്നുപോകുന്നത്.
 
ജോയ് മാത്യുവിന്‍റെ അതിശക്തവും വ്യത്യസ്തമായ അടരുകളുള്ളതുമായ തിരക്കഥയാണ് അങ്കിള്‍ എന്ന സിനിമയെ ഇത്രമേല്‍ ഗംഭീരമാക്കുന്നത്. കുടുംബത്തോടൊപ്പം ആസ്വദിച്ചുകാണാന്‍ അതിമനോഹരമായ ഒരു ചിത്രം സമ്മാനിച്ച ഗിരീഷ് ദാമോദര്‍ എന്ന സംവിധായകനെയും അഭിനന്ദിക്കാതെ വയ്യ.
 
റേറ്റിംഗ്: 4/5

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അങ്കിളിൽ മമ്മൂട്ടി അല്ലേ, അതുകൊണ്ട് ആളു കയറാൻ ബുദ്ധിമുട്ടാ’ - ആരാധകന് കിടിലൻ മറുപടി നൽകി ജോയ് മാത്യു