ചിത്രകാരനും എഴുത്തുകാരനും സാംസ്കാരിക നായകനുമായ മഠത്തില്‍ വാസുദേവന്‍ എന്ന എം.വി ദേവന് 2008 ജനുവരി 15 ന് 80 തികഞ്ഞു. 1928 ജനുവരി 15 ന് തലശ്ശേരിയിലെ പന്ന്യന്നൂര്‍ ഗ്രാമത്തിലായിരുന്നു എം.വി ദേവന്റെ ജനനം.
തലശ്ശേരി മഠത്തില്‍ ഗോവിന്ദന് ഗുരുക്കളും കണ്ണൂര്‍ ചൊക്ലി മുല്ലോളി മാധവിയുമാണ് മാതാപിതാക്കള്‍.
അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും ഇടയിലുള്ള മുള്‍പ്പാതയിലൂടെ എന്നും സഞ്ചരിച്ച എം.വി ദേവന് ഒരിടത്തും തളച്ചിടാനാവാത്ത ഒറ്റയാനായിരുന്നു. ഈയടുത്ത കാലത്തും എം.റ്റി യുടെ നാലുകെട്ടിന്റെ സുവര്‍ണ്ണ ജൂബിലിക്കുള്ള ഭ്രാന്തുപിടിച്ച ഒരുക്കങ്ങളെ കളിയാക്കി ദേവന് രംഗത്തു വന്നിരുന്നു.
ബഷീറിന്റെ നൂറാം ജന്മവാര്‍ഷികം മറന്നുപോയവര്‍ എങ്ങനെയാണ് എം.റ്റി യുടെ ഒരു സാദാ നോവലിന്റെ അമ്പതാം വാര്‍ഷികം കെങ്കേമമായി നടത്തുന്നത് എന്ന ചോദ്യം അപ്രിയമായിരുന്നു എങ്കിലും ധീരമായിരുന്നു.
ജീവിതത്തില്‍ ഒരിക്കലും ഞാന്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല എന്നാണ് ദേവന് പറയുന്നത്. എണ്‍പതാം പിറന്നളിനെ കുറിച്ചും അദ്ദേഹം കാര്യമായൊന്നും ആലോചിക്കുന്നില്ല, ജീവിതത്തിലെ ഒരു സാധാരണ ദിവസം, അത്രമാത്രം.
കാഴ്ചയില്‍ ഒരു സന്യാസിയുടെ മട്ടാണ് ദേവന്. ഉന്നതശീര്‍ഷനാണ് അദ്ദേഹം. അത് ആരുടേയും മുമ്പില്‍ അദ്ദേഹം കുനിക്കുന്നില്ല. മനസ്സ് അചഞ്ചലവും നിര്‍ഭീകവുമാണ്. അതുകൊണ്ട് ഒരു കാര്യവും തുറന്നുപറയുന്നതിന് ദേവന് ഒരു മടിയുമില്ല.
ഭാവനാ സമ്പന്നനായ ചിത്രകാരനും ശില്‍പ്പിയും എന്നതുപോലെ കൃതഹസ്തനായ എഴുത്തുകാരന് കൂടിയാണ് എം.വി.ദേവന് അദ്ദേഹത്തിന്റെ ദേവസ്പര്‍ശം എന്ന കൃതി തന്നെ മികച്ച ഉദാഹരണം. ദേവന്റെ മറ്റൊരു പ്രധാന സംഭാവന വാസ്തുശില്‍പ്പ രംഗത്താണ്. ഏതാണ്ട് 20 കൊല്ലം മുമ്പ് ദേവന് രൂപകല്‍പ്പന ചെയ്ത ഒട്ടേറെ മനോഹര മന്ദിരങ്ങള്‍ കേരളത്തില്‍ ഉടനീളം ഉയര്‍ന്നിരുന്നു.
ദേവന് പത്താം വയസ്സുമുതല്‍ ചിത്രം വരച്ചു തുടങ്ങിയതാണ്. 70 കൊല്ലമായി ആ സപര്യ തുടരുകയാണ്. അച്ഛനില്‍ നിന്നാണ് ദേവന് ഈ പാരമ്പര്യം കിട്ടിയത്.
1946 ല്‍ സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം പെയിന്റിംഗ് പഠിക്കാന്‍ ദേവന് മദ്രാസിലേക്കു പോയി. ഡി.പി.റോയ് ചൌധുരി, കെ.സി.എസ്.പണിക്കര്‍ എന്നിവരുടെ കീഴില്‍ ചെന്നൈ ഗവണ്മെന്റ് സ്കൂള്‍ ഓഫ് ആര്‍ട്ട്സിലായിരുന്നു പഠനം. നാട്ടില്‍ തിരിച്ചുവന്ന് 1952 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രവര്‍ത്തിച്ചു.
അതിലെ രേഖാ ചിത്രകാരനായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് പ്രസിദ്ധമായ ഒട്ടേറെ നോവലുകള്‍ക്ക് ദേവന്റെ രേഖാചിത്രമാണ് ഉണ്ടായിരുന്നത്.
1961ല്‍ മാതൃഭൂമി വിട്ട് മദ്രാസിലെ സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസില്‍ പ്രവര്‍ത്തിച്ചു. 1968 വരെ മദ്രാസ് ലളിതകലാ അക്കാഡമിയിലും ന്യൂഡല്‍ഹി ലളിതകലാ അക്കാഡമിയിലും പ്രവര്‍ത്തിച്ചു. 1968 മുതല്‍ 72 വരെ
ഉദ്യോഗമണ്ഡല്‍ ഫാക്ടില്‍ കണ്സല്റ്റന്റായി ജോലി നോക്കി.
1974 മുതല്‍ 77 വരെ അദ്ദേഹം സംസ്ഥാന ലളിതകലാ അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്നു. ഇക്കാലത്താണ് പെരുന്തച്ചന് എന്ന പേരില്‍ അദ്ദേഹം ഗൃഹനിര്‍മ്മാണ കണ്‍സല്‍റ്റന്‍സി സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവനാണ് തുടങ്ങിയത്.
നവസാക്ഷി, ഗോപുരം, സമീക്ഷ, കേരള കവിത തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നു.
2001 ലെ മലയാറ്റൂര്‍ ഫൈന്‍ ആര്‍ട്ട്സ് അവാര്‍ഡ്, 1985 ലെ കേരള ലളിതകലാ അക്കാഡമി ഫെല്ലോഷിപ്പ്, അക്കൊല്ലത്തെ തന്നെ ചെന്നൈ ലളിതകലാ അക്കാഡമി ഫെല്ലോഷിപ്പ്, 1992 ക്രിട്ടിക്സ് അവാര്‍ഡ്, 1994 ലെ എം.കെ.കെ അവാര്‍ഡ്, 1999 ലെ വയലാര്‍ അവാര്‍ഡ് എന്നിവ ദേവനെ തേടിയെത്തി.
കലാദര്‍പ്പണത്തിന്റെ എഡിറ്ററായും മലയാള കലാഗ്രാമത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. ശ്രീദേവിയാണ് ഭാര്യ, ജമീല ഏകമകളും. ആലുവയിലെ ചൂര്‍ണ്ണിയിലാണ് താമസം.