തല കുനിച്ച് മെസി; ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി
ലോകകപ്പ് നേടിയ ശേഷം ആദ്യമായാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്
Publish Date: Fri, 17 Nov 2023 (11:03 IST)
Updated Date: Fri, 17 Nov 2023 (11:07 IST)
ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ആദ്യ തോല്‍വി. ഉറുഗ്വായിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോറ്റത്. ഖത്തര്‍ ലോകകപ്പ് ഹീറോ ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും അര്‍ജന്റീനയ്ക്ക് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. മത്സരത്തിന്റെ 41-ാം മിനിറ്റിലും 87-ാം മിനിറ്റിലുമാണ് ഉറുഗ്വായ് അര്‍ജന്റീനയുടെ വല കുലുക്കിയത്. റൊണാള്‍ഡ് അറൗഹോ, ഡാര്‍വിന്‍ ന്യൂനസ് എന്നിവരാണ് ഉറുഗ്വായിയുടെ സ്‌കോറര്‍മാര്‍.
ലോകകപ്പ് നേടിയ ശേഷം ആദ്യമായാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. മെസിയുടെ ബൂട്ടില്‍ നിന്ന് പല അവസരങ്ങളും സൃഷ്ടിക്കപ്പെട്ടെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തില്‍ എത്തിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
മറ്റൊരു യോഗ്യത മത്സരത്തില്‍ ശക്തരായ ബ്രസീല്‍ കൊളംബിയയോടും തോല്‍വി വഴങ്ങി. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 2-1 നാണ് ബ്രസീല്‍ കൊളംബിയയോട് തോറ്റത്. നാലാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീല്‍ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 75, 79 മിനിറ്റുകളില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ മുന്നിലെത്തി.