ലോകകപ്പിൻ്റെ തുടക്കം മുതൽ പരിക്ക് വലയ്ക്കുന്ന ടീമാണ് ഫ്രാൻസ്. സൂപ്പർ താരങ്ങളായ പോഗ്ബ,കാൻ്റെ എന്നിവരെ നഷ്ടമായ ഫ്രാൻസിന് പരിശീലന സെഷനിനിടെ സൂപ്പർ സ്ട്രൈക്കർ ബെൻസേമയുടെ സേവനവും പരിക്ക് മൂലം നഷ്ടമായി. എന്നാൽ പകരക്കാർ മികച്ച രീതിയിൽ കളിച്ചതോടെ ടൂർണമെൻ്റിലെ മികച്ച ടീമെന്ന വിശേഷണം നേടിയെടുക്കാൻ ഫ്രാൻസിനായി.
എന്നാൽ കലാശക്കളിക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഫ്രഞ്ച് ടീമിനെ വീണ്ടും വലയ്ക്കുകയാണ് പരിക്കും ഫ്രഞ്ച് ക്യാമ്പിൽ പടർന്ന വൈറസ് സാന്നിധ്യവും. സൂപ്പർ താരം ഒളിവർ ജിറൂഡാണ് ഇപ്പോൾ പരിക്കേറ്റിരിക്കുന്ന താരം. പരിശീലനത്തിനിടെ താരത്തിൻ്റെ കാൽമുട്ടിനാണ് പരിക്കേറ്റത്. അവസാന മത്സരത്തിൽ അതിനാൽ തന്നെ ജിറൂഡ് ഇറങ്ങുന്ന കാര്യം സംശയത്തിലാണ്.
മൊറോക്കോയ്ക്കെതിരെ സെമിയിൽ മികച്ച പ്രകടനം നടത്തിയ മാർക്കസ് തുറാമാകും ഇതോടെ പകരക്കാരനായി ഇറങ്ങുക. വൈറസ് ബാധിച്ച കോമാൻ,കൊനാട്ടെ,ഉപമെക്കായനോ എന്നിവർ രോഗമുക്തി നേടിയിട്ടുണ്ട്. എന്നാൽ ഡിഫൻഡർ റാഫേൽ വരാനെ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇന്ന് രാത്രി 8:30നാണ് ഫ്രാൻസ്- അർജൻ്റീന ഫൈനൽ