ബലന്‍ ദി ഓര്‍: മികച്ച പുരുഷ താരം റോഡ്രി, വനിത താരമായി വീണ്ടും ബൊന്‍മാറ്റി
സ്‌പെയിനിനു വേണ്ടി യൂറോ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചൂടിയാണ് റോഡ്രി മറ്റുള്ള വമ്പന്‍മാരെ പിന്നിലാക്കി ബലന്‍ ദി ഓറില്‍ മുത്തമിട്ടത്
2024 ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബലന്‍ ദി ഓര്‍ പുരസ്‌കാരം സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിക്ക്. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രിയുടെ നേട്ടം. വിനീഷ്യസ് രണ്ടാം സ്ഥാനത്ത്. ക്ലബ് ഫുട്‌ബോളിനൊപ്പം രാജ്യാന്തര ടീമിനു വേണ്ടി നടത്തിയ പ്രകടനം കൂടി പരിഗണിച്ചാണ് റോഡ്രിയെ മികച്ച പുരുഷ ഫുട്‌ബോളറായി തിരഞ്ഞെടുത്തത്.
സ്‌പെയിനിനു വേണ്ടി യൂറോ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചൂടിയാണ് റോഡ്രി മറ്റുള്ള വമ്പന്‍മാരെ പിന്നിലാക്കി ബലന്‍ ദി ഓറില്‍ മുത്തമിട്ടത്. യൂറോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോഡ്രി മാഞ്ചസ്റ്റര്‍ സിറ്റിക്കായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അവസാന നിമിഷം വരെ വിനീഷ്യസിനു പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു സൂചനകള്‍. അതേസമയം വിനീഷ്യസിനെ ഒഴിവാക്കിയെന്നു ആരോപിച്ച് റയല്‍ മാഡ്രിഡ് താരങ്ങള്‍ ബലന്‍ ദി ഓര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.
സ്പാനിഷ് താരം അയ്താന ബൊന്‍മാറ്റിക്കാണ് മികച്ച വനിത താരത്തിനുള്ള ബലന്‍ ദി ഓര്‍ പുരസ്‌കാരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബൊന്‍മാറ്റി ഈ പുരസ്‌കാരം നേടുന്നത്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കു വേണ്ടിയാണ് ബൊന്‍മാറ്റി കളിക്കുന്നത്.
ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലമീന്‍ യമാല്‍ ആണ് മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം കിലിയന്‍ എംബാപ്പെയും ഹാരി കെയ്‌നും പങ്കിട്ടു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് ആണ് മികച്ച ഗോള്‍ കീപ്പര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് മാര്‍ട്ടിനെസിന്റെ നേട്ടം.