ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനിടെ ആരാധകര്‍ നടത്തിയ കയ്യാങ്കളിയില്‍ ബ്രസീല്‍,അര്‍ജന്റീന ടീമുകള്‍ക്കെതിരെ അച്ചടക്കനടപടിയുമായി ഫിഫ. ബ്രസീലിലെ വിഖ്യാത സ്‌റ്റേഡിയമായ മാരക്കാനയില്‍ നടന്ന പോരാട്ടത്തിനിടെയാണ് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായത്. കയ്യാങ്കളിയില്‍ ബ്രസീലിന് ഏതാണ്ട് 50 ലക്ഷത്തിനടുത്തും അര്‍ജന്റീനയ്ക്ക് 20 ലക്ഷത്തിനുമടുത്താണ് പിഴ ചുമത്തിയിരിക്കുന്നത്.
സ്‌റ്റേഡിയത്തില്‍ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ ബ്രസീല്‍ പരാജയമായെന്ന് സമിതി വിലയിരുത്തി. സ്‌റ്റേഡിയത്തിനകത്തും പുറത്തും അര്‍ജന്റീനന്‍ ആരാധകര്‍ അച്ചടക്കമില്ലാതെയാണ് പെരുമാറിയതെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയഗാനത്തിനായി ഇരുടീമുകളുടെയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോളായിരുന്നു ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. പോലീസ് അര്‍ജന്റീന ആരാധകര്‍ക്ക് നേരെ ലാത്തിയുമായി മര്‍ദ്ദനവുമായി ഇറങ്ങിയതോടെ മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ സംഭവത്തില്‍ ഇടപ്പെട്ടിരുന്നു. നിശ്ചയസമയത്തില്‍ മത്സരം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളില്‍ അര്‍ജന്റീന വിജയിക്കുകയായിരുന്നു.