പാരിസിലെ ഹോട്ടലിൽ വച്ചു നെയ്‌മര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ബ്രസീലിയൻ യുവതിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് നടത്തിയ അന്വേഷണം അവസാനിപ്പിച്ചു.
തെളിവുകളുടെ അഭാവത്തിലാണ് സാവോ പോളോ അറ്റോര്‍ണി ജനറലിന്‍റെ ഓഫീസ് തീരുമാനമെടുത്തത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്‌ജിയായിരിക്കും കൈക്കൊള്ളുക.
മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു നെയ്‌മറിനെതിരായ കേസ്.
“നെയ്മറിന്റെ ക്ഷണപ്രകാരം പാരീസിലെത്തിയ താന്‍ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെക്ക് വരുമ്പോൾ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. റൂമില്‍ വെച്ച് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്‌തു” - എന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
പീഡനത്തിന് ശേഷം ബ്രസീലിലേക്കു തന്നെ മടങ്ങിയ താൻ മാനസികമായി ആകെ തകർന്നിരുന്നു. ഇതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച നെയ്‌മര്‍ പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.