ഗോള്‍ അടിക്കാതെയും അടിപ്പിക്കാതെയും ഉള്ള അര്‍ജന്റീനയുടെ കളിയില്‍ ആരാധകര്‍ക്ക് നിരാശ. കോപ്പ അമേരിക്കയില്‍ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ജന്റീന ഇതുവരെ നേടിയിരിക്കുന്നത് മൂന്ന് ഗോളുകള്‍ മാത്രം. മൂന്ന് കളിയിലും ഒരു ഗോള്‍ ആണ് അര്‍ജന്റീനയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
ചിലെയ്ക്ക് എതിരായ മത്സരം 1-1 എന്ന നിലയില്‍ സമനിലയായപ്പോള്‍ ഉറുഗ്വായ്, പരഗ്വായ് ടീമുകള്‍ക്കെതിരായ മത്സരം 1-0 ത്തിന് അര്‍ജന്റീന ജയിച്ചു. മൂന്ന് കളികളിലും ആദ്യ പകുതിയിലാണ് അര്‍ജന്റീനയുടെ ഗോള്‍ പിറന്നത്. ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത ശേഷം എതിര്‍ ടീമിനെകൊണ്ട് ഗോള്‍ അടിപ്പിക്കാതിരിക്കുകയെന്ന രീതിയാണ് അര്‍ജന്റീനയുടേത്. എന്നാല്‍, കരുത്തരായ ടീമുകള്‍ക്കെതിരെ ഈ രീതി തുടര്‍ന്നാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ആരാധകര്‍ പറയുന്നത്. പ്രതിരോധത്തില്‍ മികവ് പുലര്‍ത്തുമ്പോഴും അറ്റാക്കിങ് പ്രവണത അര്‍ജന്റീനയ്ക്ക് കുറവാണ്. എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ഇരച്ചെത്തുമെങ്കിലും പന്ത് ഗോള്‍വലയിലെത്തിക്കാന്‍ അര്‍ജന്റീനയുടെ മുന്നേറ്റനിരയ്ക്ക് സാധിക്കുന്നില്ല.
രണ്ടാം പകുതിയില്‍ പ്രതിരോധത്തിനു മാത്രമാണ് അര്‍ജന്റീന പ്രാധാന്യം നല്‍കുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. നായകന്‍ ലയണല്‍ മെസിയെ മാത്രം ആശ്രയിച്ചുള്ള അര്‍ജന്റീനയുടെ മുന്നേറ്റ തന്ത്രത്തെയും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.