കോപ്പ അമേരിക്ക സെമിഫൈനല്‍ മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ഗ്യാലറിയിലേക്ക് ഓടിക്കയറി കൊളംബിയന്‍ ആരാധകരെ കൈയ്യേറ്റം ചെയ്ത് ഉറുഗ്വെന്‍ താരങ്ങള്‍. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വെ തോറ്റിരുന്നു. മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെയാണ് ഡഗൗട്ടിലിരുന്ന ഉറുഗ്വെന്‍ താരങ്ങള്‍ കൂട്ടത്തോടെ ഗ്യാലറിയിലേക്ക് ഓടിക്കയറിയത്.
സൂപ്പര്‍ താരങ്ങളായ ഡാര്‍വിന്‍ ന്യൂനസും റൊണാള്‍ഡ് അറൗജുവുമായിരുന്നു കൊളംബിയന്‍ ആരാധകരെ കൈയേറ്റം ചെയ്യുന്നതിന് മുന്നിലുണ്ടായിരുന്നത്. കടൂത്ത ശാരീരികമായ പോരാട്ടം കൂടി നടന്ന മത്സരത്തില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.ഇതിന്റെ ബാക്കിയാണ് ആരാധകരോടും പ്രശ്‌നമുണ്ടാവാന്‍ കാരണമായതെന്നാണ് സൂചന. അതേസമയം ആദ്യപകുതിയില്‍ 10 പേരായി ചുരുങ്ങിയിട്ടും ഉറുഗ്വെയെ ഗോളടിപ്പിക്കാന്‍ വിടാതെ പിടിച്ചിനില്‍ക്കാന്‍ കൊളംബിയയ്ക്കായി.
താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ പല തവണ ഉരസിയോടെ നിരവധി തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. അതേസമയം കൊളംബിയ പരാജയമറിയാതെ പൂര്‍ത്തിയാക്കുന്ന 27മത് മത്സരമായിരുന്നു ഇന്നത്തേത്. 2 വര്‍ഷം മുന്‍പാണ് കൊളംബിയ അവസാനമായി തോല്‍വി അറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 5:30ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍. 23 വര്‍ഷം മുന്‍പ് 2001ല്‍ കോപ്പ ചാമ്പ്യന്മാരായിട്ടുള്ള കൊളംബിയ തങ്ങളുടെ രണ്ടാം കോപ്പ കിരീടമാണ് ഇത്തവണ ലക്ഷ്യം വെയ്ക്കുന്നത്.