യൂറോകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടി ഇറ്റലിയും ഡെൻമാർക്കും. എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഇഞ്ചോടിച്ച് പോരാടിയാണ് അസൂറിപ്പട ക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മറ്റൊരു യോഗ്യതാ മത്സരത്തിൽ വെയ്‌ൽസിനെ 4 ഗോളുകൾക്ക് തകർത്താണ് ഡെൻമാർക്കിന്റെ ക്വാർട്ടർ പ്രവേശനം.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റഷ്യക്കെതിരെ പുറത്തെടുത്ത മികവ് തുടരുന്ന ഡാനിഷ് പടയെയാണ് വെയ്‌ൽസിനെതിരെ കാണാനായത്. ഡെന്മാർക്കിനായി കാസ്പര്‍ ഡോള്‍ബര്‍ഗ് രണ്ടും യോക്വിം, ബ്രാത്ത്‌വെയ്‌റ്റ് എന്നിവർ ഓരോ ഗോളും നേടി. ഫിൻലാൻഡിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ മൈതാനത്ത് കുഴഞ്ഞുവീണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യന്‍ എറിക്‌സനുള്ള സഹതാരങ്ങളുടെ സ്നേഹസമ്മാനം കൂടിയായി ഈ വിജയം.
അതേസമയം ഓസ്‌ട്രിയക്കെതിരായ ഇറ്റലിയുടെ വിജയം പ്രതീക്ഷിച്ചത് പോലെ എളുപ്പമായിരുന്നില്ല. ഇറ്റലിയെ തളച്ചിട്ട ആദ്യ പകുതിക്ക് ശേഷം അക്രമകാരിയായ ഓസ്ട്രിയയെയാണ് മൈതാനത്ത് കാണാനായത്. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ 95-ാം മിനിറ്റിൽ കിയേസയിലൂടെ ഇറ്റലി മുന്നിലെത്തി. 104ആം മിനിറ്റിൽ മാത്തിയോ പെസ്സീനയിലൂടെ ഇറ്റലി ലീഡ് ഉയർത്തി.114-ാം മിനിട്ടില്‍ മികച്ച ഒരു പറക്കും ഹെഡ്ഡറിലൂടെ സാസ കാലാസിച്ച് ഓസ്ട്രിയയ്ക്ക് വേണ്ടി ഒരു ഗോള്‍ തിരിച്ചടിച്ചു.തുടര്‍ച്ചയായി 11 മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരുന്ന ഇറ്റാലിയൻ വലയിലെത്തിയ ആദ്യ ഗോൾ. മികച്ച മത്സരം കാഴ്‌ച്ചെവെച്ചെങ്കിലും ക്വാർട്ടറിലേക്ക് പ്രവേശിക്കാനാവാതെ ഓസ്ട്രിയ പുറത്തേക്ക്.