പെലെയുടെ ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍
മൂന്ന് ലോകകപ്പ് നേടിയ ഏക താരമാണ് പെലെ
തന്റെ 82-ാം വയസ്സിലാണ് ഫുട്‌ബോള്‍ ഇതിഹാസം പെലെ ജീവിതത്തില്‍ നിന്ന് ബൂട്ടഴിക്കുന്നത്. ആരോഗ്യസംബന്ധമായ ഒട്ടേറെ പ്രശ്‌നങ്ങളോട് മല്ലടിച്ചാണ് പെലെ ഒടുവില്‍ മരണത്തിനു കീഴടങ്ങിയത്. മൈതാനത്ത് അപൂര്‍വ്വം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബ്രസീലിന്റെ കറുത്ത മുത്താണ് പെലെ. താരത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മൂന്ന് ലോകകപ്പ് നേടിയ ഏക താരമാണ് പെലെ. ബ്രസീല്‍ 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയപ്പോള്‍ പെലെ ടീമിന്റെ ഭാഗമായിരുന്നു. വേറൊരു താരത്തിനും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
ഏറ്റവും സക്‌സസ്ഫുള്‍ ആയ ടോപ്-ഡിവിഷന്‍ സ്‌കോറര്‍ ആണ് പെലെ. 560 കളികളില്‍ നിന്ന് 541 ഗോളുകള്‍. ഫ്രണ്ട്‌ലി മത്സരങ്ങള്‍ അടക്കം 1363 മത്സരങ്ങളില്‍ നിന്ന് 1283 ഗോളുകള്‍.
1957 ജൂലൈ ഏഴിനാണ് പെലെയുടെ ദേശീയ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റം. അന്ന് അര്‍ജന്റീനയായിരുന്നു ബ്രസീലിന്റെ എതിരാളികള്‍. പെലെയ്ക്ക് അന്ന് പ്രായം 16 വയസ് മാത്രം. ബ്രസീലിന് വേണ്ടി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത് പെലെയാണ്. രാജ്യത്തിനു വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫുട്‌ബോള്‍ താരമെന്ന നേട്ടവും പെലെയ്ക്ക് സ്വന്തം.
ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെയാണ്. 1958 ജൂണ്‍ 29 ന് ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ബ്രസീല്‍ താരം പെലെയ്ക്ക് പ്രായം വെറും 17 വയസും 249 ദിവസവും ! ആ മത്സരത്തില്‍ പെലെ ഹാട്രിക് ഗോള്‍ നേടുകയും ചെയ്തു. ലോകകപ്പില്‍ ഹാട്രിക് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും പെലെ സ്വന്തമാക്കി.
ലോകകപ്പില്‍ 14 കളികളില്‍ നിന്ന് 12 ഗോളുകള്‍ പെലെ നേടിയിട്ടുണ്ട്. നാല് ലോകകപ്പുകളില്‍ പെലെ രാജ്യത്തിനു വേണ്ടി കളിച്ചു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.