ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. നായകനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് നേടികൊടുത്ത ഇതിഹാസമാണ് ബെക്കന്‍ ബോവര്‍ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരവും കൈസര്‍ എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന താരമായിരുന്നു. വെസ്റ്റ് ജര്‍മനിയുടെ നായകനും പ്രതിരോധത്തിലെ ശക്തികേന്ദ്രവുമായിരുന്നു ബെക്കന്‍ബോവര്‍.
ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് ബെക്കന്‍ബോവറിനെ വിലയിരുത്തുന്നത്. നാല് തവണ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരമായും 2 തവണ ബാലണ്‍ഡിയോര്‍ പുരസ്‌കാരവും താരം നേടിയിട്ടുണ്ട്. വെസ്റ്റ് ജര്‍മനിയുടെ നായകനായി 1974ലാണ് താരം ലോകകപ്പ് നേടിയത്. 1966ല്‍ രണ്ടാം സ്ഥാനവും 1970ല്‍ മൂന്നാം സ്ഥാനവും നേടി. പരിശീലകനെന്ന നിലയില്‍ 1990ല്‍ ജര്‍മനിക്ക് ലോകകപ്പ് കിരീടം വീണ്ടും നേടികൊടുത്തു. ക്ലബ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിച്ചിനായി ദീര്‍ഘകാലം കളിച്ച ബെക്കന്‍ബോവര്‍ മ്യൂണിച്ചിന്റെ ഇതിഹാസതാരമാണ്. ബയേണിനൊപ്പം നാല് ബുണ്ടസ് ലീഗ,നാല് ജര്‍മന്‍ കപ്പ്,മൂന്ന് യൂറോപ്യന്‍ കപ്പ്,യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ്,ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ജര്‍മനിക്ക് പുറമെ ബയേണ്‍ മ്യൂണിച്ച് ഫ്രഞ്ച് ടീമായ മാഴ്‌സ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.