ഓമനപ്പേരിന് ഒരു പഞ്ഞവുമില്ല; ‘റെനിച്ചായൻ’ കൊച്ചിയില്‍, ഹ്യൂമേട്ടന്‍ ഉടനെത്തും - പൊട്ടിത്തെറിച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍
ഓമനപ്പേരിന് ഒരു പഞ്ഞവുമില്ല; ‘റെനിച്ചായൻ’ കൊച്ചിയില്‍, ഹ്യൂമേട്ടന്‍ ഉടനെത്തും - പൊട്ടിത്തെറിച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍
കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ്. ഇയാന്‍ ഹ്യൂം എന്ന ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെ ടീമിന്റെ പുതിയ പരിശീലകൻ റെനി മ്യൂലൻസ്റ്റീന് കൊച്ചിയിൽ ഇന്ന് എത്തുകയും ചെയ്‌തു.
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനും സീനിയർ ടീമിൽ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റുമായിരുന്നു റെനി മ്യൂലൻസ്റ്റീന് കൊച്ചിയില്‍ രജകീയമായ വരവേല്‍പ്പാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നല്‍കിയത്.
മഞ്ഞ ജേഴ്‌സിയണിഞ്ഞ് 'മഞ്ഞപ്പട' എന്നെഴുതിയ ബാനറുമായിട്ടാണ് ആരാധകര്‍ മ്യൂലൻസ്റ്റീനെ സ്വീകരിക്കാന്‍ എത്തിയത്. മഞ്ഞക്കൊടികള്‍ വീശിയും ആർപ്പുവിളിച്ചും നൂറ് കണക്കിന് ആരാധകര്‍ എത്തിയതിന് നടുവിലൂടെയാണ് പരിശീലകന്‍
വിമാനത്താവളത്തിൽനിന്നു പുറത്തുകടന്നത്.
ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ‘റെനിച്ചായൻ’ എന്നാണ് റെനി മ്യൂലൻസ്റ്റീനെ സ്‌നേഹത്തോടെ വിളിച്ചത്. സ്വീകരണം ഏറ്റുവാങ്ങിയ റെനി സന്തോഷത്തോടെയാണു കൊച്ചിയിലെ താമസസ്ഥലത്തേക്കു യാത്രതിരിച്ചത്.
അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായി രണ്ടു സീസൺ നീണ്ട ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഹ്യൂം ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങിവരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കൊൽക്കത്ത താരവും പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വീരനായകനുമായിരുന്നു ഇയാൻ ഹ്യൂം.
ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത മികവാണ് ഹ്യൂമിനെ മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ ആക്കിയത്. ആദ്യ സീസണില്‍ അഞ്ച് ഗോളടിച്ച് സീസണിലെ ഹീറോ ആയും ഹ്യൂം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രണ്ടാം സീസണില്‍ ഹ്യൂമിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വലിയ താല്‍പര്യ പ്രകടിപ്പിക്കാഞ്ഞത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു.