പ്രതിരോധക്കോട്ട കെട്ടി എതിരാളിയെ തകർത്തുകൊണ്ടാണ് ഇറ്റാലിയൻ നിര എക്കാലവും വിജയങ്ങൾ കണ്ടെത്തിയിരുന്നത്. പ്രതിരോധമെന്നാൽ ഇറ്റലി എന്ന നിലയിൽ നിന്നും 2020 യൂറോകപ്പിലേക്കെത്തുമ്പോൾ സമീപനത്തിൽ അടിമുടി മാറ്റമാണ് ഇറ്റലിക്കുണ്ടായത്. ഗോൾ വഴങ്ങാതിരിക്കുക എന്നത് ശീലമാക്കിയ ടീം യൂറോ കപ്പ് ആദ്യ റൗണ്ട് മത്സരങ്ങളിൽ ഗോളുകൾ അടിച്ചുകൂട്ടിയാണ് പ്രീ ക്വാർട്ടറിലേക്കെത്തിയത്.
ഇറ്റാലിയൻ നിര അവസനമായി തോൽവിയറിഞ്ഞത് 2018ലെ യുവേഫ നേഷൻസ് ലീഗിൽ ആയിരുന്നു എന്നത് മാത്രമെടുത്താൽ മതിയാവും ടീം എന്ന നിലയിൽ ഇറ്റലി ഓടിയെത്തിയ ദൂരമളക്കാൻ. തുടർച്ചയായ 34 മത്സരങ്ങളിലാണ് ഇറ്റലി പരാജയമറിയാതെ കുതിക്കുന്നത്.
സെപ്റ്റംബർ രണ്ടിന് ബൾഗേറിയക്കെതിരെ നടക്കുന്ന മത്സരത്തിലും ഇറ്റലി പരാജയപ്പെടാതിരുന്നാൽ തോല്‍വിയറിയാതെയുള്ള മത്സരങ്ങളുടെ കണക്കില്‍ ബ്രസീലിന്റെയും സ്‌പെയ്‌ന്റെയും റെക്കോർഡിന് ഇറ്റലി ഒപ്പമെത്തും.സ്‌പെയ്‌നും ബ്രസീലും തുടർച്ചയായി 35 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് റെക്കോർഡ് സ്വന്തമാക്കിയത്. അതേസമയം ഇംഗ്ലണ്ടിനെതിരായ യൂറോ കപ്പ് ഫൈനൽ വിജയത്തൊടെ 53 വർഷത്തെ കിരീട കാത്തിരിപ്പിനാണ് അസൂറികൾ അറിതിയിട്ടത്. അതും ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടെന്നറിയപ്പെടുന്ന വെംബ്ലിയിൽ തന്നെ.